അകാലത്തിൽ പൊലിഞ്ഞവർക്ക് പ്രവാസലോകത്തിന്‍റെ യാത്രാമൊഴി
text_fieldsദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് പ്രവാസ സമൂഹത്തിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചൊവ്വാഴ്ച മിസഈദ് സീലൈനിലുണ്ടായി അപകടത്തിൽ മരിച്ച മലപ്പുറം കീഴുപറമ്പ് സ്വദേശി മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ എം.കെ. ഷമീമിന്‍റെ (35) മൃതദേഹം ബുധനാഴ്ച രാത്രിയോടെ അബൂ ഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി. വിവിധ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഷമീമിന് അന്ത്യയാത്രാമൊഴി നൽകാനായി മലയാളികളും സ്വദേശികളും ഉൾപ്പെടെ വൻ ജനാവലിതന്നെ അബൂഹമൂറിലെ ഖബർസ്ഥാനിലെത്തിയിരുന്നു.
അപകടത്തിൽ മരണപ്പെട്ട പൊന്നാനി മാറഞ്ചേരി പുറങ്ങ് കുണ്ടുകടവ് കളത്തിൽപടിയിൽ റസാഖിന്‍റെ (31) മൃതദേഹം വ്യാഴാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ട് എത്തിച്ചു.
വെള്ളിയാഴ്ച നാട്ടിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെ അബൂഹമൂറിലെ പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. സുഹൃത്തുക്കൾ ഉൾപ്പെടെ വൻജനക്കൂട്ടംതന്നെ അന്ത്യപ്രാർഥനകൾക്കായി എത്തിയിരുന്നു. ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് തറയിലിന്‍റെ (37) മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് ഖത്തർ എയർവേസ് വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും. അവിടെനിന്നും മാവേലിക്കരയിലെ വീട്ടിലെത്തിച്ച ശേഷം സംസ്കാരം നിർവഹിക്കും. സജിത്തിന്‍റെ ഭാര്യ രേവതിയും മക്കളായ അമേയ, അനേയ എന്നിവരും നാട്ടിലേക്ക് തിരിക്കും.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുഐതറിലെ താമസ സ്ഥലത്തുനിന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന സംഘം രണ്ടു വാഹനങ്ങളിലാണ് സീലൈനിലേക്ക് പോയത്. യാത്ര പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളിലായിരുന്നു അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജിത്തിന്‍റെ മക്കളിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ കണ്ണൂർ ഇരിട്ടി സ്വദേശി ശരൺജിത് ശേഖരൻ ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

