കുൽദീപ് കൗറിന് യാത്രയയപ്പ്
text_fieldsകുൽദീപ് കൗറിന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ദിനകർ ഉപഹാരം നൽകുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ സാമൂഹിക പ്രവർത്തനവും ഇടപെടലുകളുമായി സജീവമായ കുൽദീപ് കൗറിന് യാത്രയയപ്പ് നൽകി. ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം ട്രഷററും ഗാർഹിക തൊഴിലാളി ക്ഷേമവിഭാഗം മേധാവിയുമെന്ന നിലയിൽ പ്രവാസി വിഷയങ്ങളിൽ ഇടപെടുകയും നിരവധി പേർക്ക് ആശ്വാസമാവുകയും ചെയ്ത കുൽദീപ് കൗർ, ഭർത്താവിന്റെ ജോലി ആവശ്യാർഥമാണ് ഖത്തറിനോട് വിടപറയുന്നത്.
2008ൽ ഖത്തറിൽ പ്രവാസിയായെത്തിയ ഇവർ, വീട്ടമ്മയിൽനിന്നും ചുരുങ്ങിയ നാളുകൾക്കുള്ളിൽ പൊതുപ്രവർത്തനത്തിൽ സജീവമായി. ഐ.സി.സിയുടെ കീഴിലുള്ള ഐ.ഡബ്ല്യു.എ, ഉത്തരേന്ത്യൻ പ്രവാസികൂട്ടായ്മകൾ എന്നിവയിൽ പ്രവർത്തിച്ചതിനു പിന്നാലെയാണ് 2021ൽ ഐ.സി.ബി.എഫിലെത്തുന്നത്.
വീട്ടുജോലിക്കാർ ഉൾപ്പെടെ താഴെക്കിടയിലുള്ള പ്രവാസി വനിതകളുടെ വിഷയങ്ങളിൽ ഇടപെടുകയും അവർക്കാവശ്യമായ സഹായങ്ങൾ നൽകുകയും, നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പ്രതിസന്ധിയിലായവർക്ക് കുടുംബങ്ങളിലെത്താൻ വഴിയൊരുക്കുകയും ചെയ്ത് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ശ്രദ്ധേയ സാന്നിധ്യമായാണ് കുൽദീപ് കൗർ മടങ്ങുന്നത്.
സഹായം തേടി തൊഴിലാളികളുടെ വിളിയെത്തുമ്പോൾ പകലിലും രാത്രിയിലുമെന്ന വ്യത്യാസമില്ലാതെ ഓടിയെത്തുന്ന സാമൂഹിക പ്രവർത്തകയെന്ന് ഐ.സി.ബി.എഫിലെ സഹപ്രവർത്തകരും ഇവരെ വിശേഷിപ്പിക്കുന്നു. ഭർത്താവ് നവീൻ ബെഹലും പിന്തുണയുമായി ഒപ്പംനിന്നു. ഗുജറാത്തിലെ കച്ചിൽ ജനിച്ച കുൽദീപ് കൗർ പഞ്ചാബിലെ ഫരീദ് കോട്ട് സ്വദേശിയാണ്.
ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട ഖത്തർ പ്രവാസ ജീവിതത്തിൽ തന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയവർക്ക് നന്ദി അറിയിക്കുന്നതായി കുൽദീപ് കൗർ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. സാമൂഹ്യ പ്രവർത്തന മേഖലയിലെ മികവിന് ഗൾഫ് മാധ്യമം ‘ഷി ക്യൂ’ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഐ.സി.സിയിൽ നടന്ന ചടങ്ങിൽ ‘ഔട്ട് റീച്ച് ഖത്തർ’ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ദിനകർ ശങ്ക്പാൽ ഉപഹാരം നൽകി. പി.എൻ. ബാബുരാജൻ സംസാരിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

