ആരാധകർക്കും പന്തു തട്ടാം ഇഷ്ട ടീമുകൾക്കായി
text_fieldsദോഹ: ഖത്തർ ലോകകപ്പിൽ പന്തുതട്ടുന്ന 32 ടീമുകളുടെയും ആരാധകരെ പങ്കെടുപ്പിച്ച് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
നവംബർ 29 മുതൽ ഡിസംബർ രണ്ടു വരെ അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലാണ് വേദി. ഫിഫ ലോകകപ്പ് ഫോർമാറ്റിൽതന്നെ ഒരു ടീമിൽ അഞ്ചു പേരെ പങ്കെടുപ്പിച്ചാണ് മത്സരം. ഗ്രൂപ് മത്സരങ്ങളും ശേഷം നോക്കൗട്ട് റൗണ്ടും നടക്കും. വിജയികൾക്ക് ട്രോഫിയും സമ്മാനിക്കും.
മിഡിലീസ്റ്റിലും അറബ് ലോകത്തുമായി നടക്കുന്ന പ്രഥമ ലോകകപ്പിന്റെ വിജയത്തിൽ ഓരോ ടീമിന്റെയും ആരാധകർ വലിയ പങ്കാണ് വഹിക്കുന്നതെന്നും ആരാധകരെ പങ്കെടുപ്പിച്ച് നടത്തുന്ന ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധകർക്കിടയിൽ ഈ ടൂർണമെൻറ് വലിയ സ്വാധീനമുണ്ടാക്കുമെന്നും എസ്.സി മീഡിയ ആൻഡ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഫത്മ അൽ നുഐമി പറഞ്ഞു.
18 വയസ്സ് തികഞ്ഞ ഖത്തരി സ്വദേശികൾക്കും വിദേശികളായ താമസക്കാർക്കും ടൂർണമെന്റിൽ ഇഷ്ട ടീമുകളുടെ ഭാഗമായി പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന അപേക്ഷകർ ടൂർണമെന്റ് സമയത്ത് ഖത്തറിലുണ്ടാകണം. അതേസമയം, കളിക്കാരുടെ യാത്ര ചെലവ്, താമസം, മറ്റു ചെലവുകൾ എന്നിവ അവർ സ്വയം വഹിക്കണം.
ഫാൻസ് കപ്പിന് പിന്തുണ നൽകാനും വിജയകരമാക്കുന്നതിനും പ്രാദേശിക ഫുട്ബാൾ സംഘടനകളുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി പ്രവർത്തിച്ചുവരുകയാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://www.qatar2022.qa/en/communityengagement/ourtournaments/fanscup എന്ന പോർട്ടൽ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

