ഏഷ്യൻകപ്പ് ആവേശം നയിക്കാൻ ഫാൻ ലീഡർമാർ വിവിധ രാജ്യങ്ങളിലേക്ക്
text_fieldsഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ആരാധക കൂട്ടായ്മകളെ നയിക്കുന്ന വിവിധ രാജ്യങ്ങളുടെ ഫാൻ ലീഡേഴ്സ് ദോഹയിൽ സംഗമിച്ചപ്പോൾ
ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ വൻകരയിലെ വിവിധ രാജ്യങ്ങളിലേക്ക് ഫുട്ബാൾ ആവേശത്തിന് തീപടർത്താൻ ഫാൻ ലീഡർമാരുമൊരുങ്ങി. 2024 ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റിനായി 24 ടീമുകൾ അണിനിരക്കുമ്പോൾ വിവിധ രാജ്യങ്ങളിലേക്ക് ടൂർണമെന്റിന്റെ തയാറെടുപ്പുകൾ എത്തിക്കുകയാണ് ഫാൻ ലീഡർമാരുടെ സംഘം.
പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫാൻ ലീഡർമാർ ഖത്തറിൽ സംഗമിച്ച് ആവേശത്തിന് തുടക്കം കുറിച്ചു. നേരത്തെ ലോകകപ്പ് ഫുട്ബാൾ വേളയിലും പ്രചാരണാവേശവുമായി ഫാൻ ലീഡർമാർ സജീവമായിരുന്നു.
ഏഷ്യൻ കപ്പിൽ തങ്ങളുടെ ദേശീയ ടീമുകളെ പിന്തുണക്കാൻ ഭൂഖണ്ഡത്തിലുടനീളമുള്ള ആരാധകർ കാത്തിരിക്കുകയാണെന്ന് എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തർ സംഘാടക സമിതി സി.ഇ.ഒ ജാസിം അൽ ജാസിം പറഞ്ഞു. ഫിഫ ലോകകപ്പ് അനുഭവിച്ചറിഞ്ഞ ഏഷ്യയിലെ ഫുട്ബാൾ പ്രേമികൾ ഒരിക്കൽ കൂടി ഖത്തറിലേക്ക് വരാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിൽ ഞങ്ങളുടെ കഴിവ് എന്താണെന്ന് സൗദി ആരാധകർ ലോകത്തിന് കാണിച്ച് കൊടുത്തതാണെന്നും അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ ഗ്രീൻ ഫാൽക്കൺസ് വീണ്ടും കളിക്കുമ്പോൾ ടീമിന് വലിയ പിന്തുണ നൽകണമെന്നാണ് ആഗ്രഹമെന്നും സൗദി അറേബ്യൻ ഫുട്ബാൾ സപ്പോർട്ടേഴ്സ് യൂനിയൻ നേതാവായ ഫഹദ് അൽ മുതൈരി പറഞ്ഞു.
2015ൽ ഏഷ്യൻ ചാമ്പ്യന്മാരായി കിരീടം ചൂടിയ ആസ്ട്രേലിയക്കാർക്ക് ഖത്തറിലെ ടൂർണമെന്റിലെ മറ്റു ഫാൻസുമായി ആജീവനാന്ത ബന്ധം സ്ഥാപിക്കാനുള്ള അവസരമാണ് വരുന്നതെന്ന് ഗ്രീൻ ആൻഡ് ഗോൾഡ് ആർമിയുടെ ആജീവനാന്ത പിന്തുണയുള്ള ടാർനി സിമെറിസ് പറയുന്നു.ലോകമെമ്പാടുമുള്ള ആസ്ട്രേലിയക്കാരെ ഇവിടെ കണ്ടുമുട്ടാൻ കാത്തിരിക്കുകയാണെന്നും ഒരു നഗരത്തിലൊതുങ്ങുന്ന ടൂർണമെന്റ് സന്ദർശകരായ ആരാധകർക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഒരിടത്ത് താമസിച്ച് തന്നെ എല്ലായിടങ്ങളിലേക്കും പോകാൻ ഇത് ഏറെ സഹായിക്കും -ടാർനി സിമെറിസ് പറഞ്ഞു.
ആയിരക്കണക്കിന് ഇറാഖി ആരാധകരുമായി ചേർന്ന് 2007ൽ ക്വാലലംപൂരിൽ മെസപൊട്ടോമിയൻ ലയൺസിന്റെ ഉയർത്തെഴുന്നേൽപ്പ് ആവർത്തിക്കാനുള്ള തയാറെടുപ്പിലാണ് ഇറാഖി ടീമും ആരാധകരുമെന്ന് ഇറാഖ് ഫാൻ ലീഡർ മഹ്ദി അൽ കഅ്ബി പറഞ്ഞു.
അതേസമയം, കേവലം ഫുട്ബാളിനപ്പുറം ഇത്തരമൊരു വലിയ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിലൂടെ ഏഷ്യൻ ജനതക്ക് ഖത്തറിന്റെ തനത് സംസ്കാരം അനുഭവിച്ചറിയാനും ഭൂഖണ്ഡത്തിൽ നിന്നുള്ള മറ്റു ആളുകളുമായി സൗഹൃദം സ്ഥാപിച്ചെടുക്കാനും മികച്ച അവസരമാണ് ലഭിക്കുന്നതെന്നും അൽ ജാസിം പറഞ്ഞു. നിലവിലെ ചാമ്പ്യൻമാരായ ഖത്തർ ഗ്രൂപ് എയിൽ ചൈന, തജികിസ്താൻ, ലബനാൻ എന്നിവർക്കൊപ്പമാണ്. ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിൽ ലബനാനെതിരെ വൈകീട്ട് ഏഴിനാണ് ഉദ്ഘാടന മത്സരം.
ഖത്തറിന് പുറമേ, ടൂർണമെന്റിനെത്തുന്ന മുൻ ജേതാക്കളായ സൗദി അറേബ്യ, ജപ്പാൻ, ഇറാഖ്, ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നിവരും ലോകകപ്പ് സ്റ്റേഡിയങ്ങളിൽ തങ്ങളുടെ പ്രതാപം വീണ്ടെടുക്കുന്നതിന് പോരടിക്കും.
ജപ്പാൻ ടീമിന്റെ ഫാൻ ലീഡർ
1988ലും 2011ലും ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിച്ച ഖത്തർ ഇത് മൂന്നാം തവണയാണ് വൻകരയുടെ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. കൂടാതെ ലോകകപ്പ് സ്റ്റേഡിയങ്ങൾ ഏഷ്യൻ കപ്പിന് ആദ്യമായി വേദിയാകുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ ടൂർണമെന്റിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

