ക്യൂ.വി.സി വഴി കുടുംബ സന്ദർശക വിസാ സേവനം ഉടൻ
text_fieldsദോഹ: ഖത്തറിലേക്കുള്ള വിസാ നടപടികൾ എളുപ്പമാക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഖത്തർ വിസാ സെന്ററുകൾ വഴി സന്ദർശക വിസാ സേവനങ്ങളും ഉടൻ അനുവദിക്കുമെന്ന് അധികൃതർ.
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ക്യു.വി.സികൾ വഴി കുടുംബ സന്ദർശക വിസ, മൾട്ടിപ്പ്ൾ എൻട്രി വിസ, ഫാമിലി റെസിഡന്റ്സ് വിസ സേവനങ്ങളും ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിൽ അറിയിച്ചു. ജനറൽ ഡയറക്ട്രേറ്റ് ഓഫ് പാസ്പോർട്ടിലെ വിസ സപ്പോർട്ട് സർവീസ് വിഭാഗം ടെക്നികൽ സ്റ്റഡീസ് സെക്ഷൻ മേധാവി ക്യാപ്റ്റൻ ഖാലിദ് സലിം അൽ നുമാനിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. നിലവിൽ തൊഴി വിസ സംബന്ധമായ തുടർ സേവനങ്ങൾ മാത്രമാണ് ക്യു.വി.സികൾ വഴി ലഭ്യമാവുന്നത്. ഖത്തറിലേക്ക് തൊഴി വിസ ലഭിച്ചവർക്ക് തങ്ങളുടെ രാജ്യങ്ങളിലെ ക്യു.വി.സികളിലെത്തി മെഡിക്കൽ, ഡോക്യുമെന്റേഷൻ, അഗ്രിമെന്റ് തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത്.
വിരലടയാളം, ബയോമെട്രിക് വിവര ശേഖരണം, വൈദ്യപരിശോധന, തൊഴിൽ കരാറിൽ ഒപ്പിടൽ തുടങ്ങിയവ വിസ സെന്ററുകളിലെ പ്രധാന സേവനമാണ്. ആരോഗ്യ മന്ത്രാലയം മെഡിക്കൽ കമ്മീഷൻ, തൊഴിൽ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന്റെ സേവനദാതാക്കൾ, ആഭ്യന്തര മന്ത്രാലയം എന്നിവരുടെയെല്ലാം പങ്കാളിത്തത്തോടെയാണ് ക്യു.വി.സി സംവിധാന പ്രാവർത്തികമാക്കുന്നത്. ക്യു.വി.സി വഴിയുള്ള സന്ദർശക വിസ നടപടികൾ ആദ്യ ഘട്ടത്തിൽ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പിൻസ് എന്നീ രാജ്യങ്ങളിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്യാപ്റ്റൻ അൽ നുമാനി പറഞ്ഞു. ഖത്തറിലെ തൊഴിൽ സമൂഹത്തിന്റെ 67 ശതമാനവും ഈ രാജ്യങ്ങളിൽനിന്നായതിനാലാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്. കൊച്ചി, ചെന്നൈ ഉൾപ്പെടെ ഇന്ത്യയിൽ ഏഴ് ക്യു.വി.സി സെന്ററുകളുണ്ട്. പാകിസ്താനിൽ രണ്ടും, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പിൻസ് എന്നിവടങ്ങളിൽ ഓരോ സെന്ററുകളും പ്രവർത്തിക്കുന്നു.
നിരവധി ആഗോള, പ്രാദേശിക ഇവന്റുകൾ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ ഖത്തർ ദേശീയ ദർശനത്തിന് അനുസൃതമായി സാമ്പത്തികവും നഗരവികസനവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും അൽ നുമാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

