ഫാൽകൺ കിങ്; വില 1.82 കോടി രൂപ
text_fieldsഎട്ടുലക്ഷം റിയാലിന് വിറ്റ ഫാൽകൺ
ദോഹ: അറബ് ജീവിതത്തിന്റെ ആഡംബരങ്ങളിൽ ഒന്നാണ് ഫാൽകൺ പക്ഷി. അലങ്കാരവും പ്രതാപത്തിന്റെ അടയാളവുമായി കരുതുന്ന ഫാൽകൺ പക്ഷിക്കായി ലക്ഷങ്ങൾ ചെലവഴിക്കാനും മടിയില്ല. മേഖലയിലെതന്നെ ഏറ്റവും ശ്രദ്ധേയ ഫാൽകൺ പ്രദർശനമായ സ്ഹൈൽ അന്താരാഷ്ട്ര എക്സിബിഷനിൽ വിറ്റുപോയ ഫാൽകണിന്റെ വില കേട്ടാൽ ആരും അതിശയിക്കും. എട്ടുലക്ഷം റിയാൽ. നിലവിലെ വിനിമയ നിരക്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 1.82 കോടി രൂപ.
അഞ്ചു ദിവസങ്ങളിലായി കതാറയിൽ നടന്ന സ്ഹൈൽ പ്രദർശനത്തിൽ 40 ഫാൽകൺ പക്ഷികളെയാണ് ലേലത്തിൽ വിറ്റഴിച്ചതെന്ന് സ്ഹൈൽ 2023 എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ലേല സംഘാടകനുമായ സലിം ഖാജിം അൽ അത്ബി അറിയിച്ചു. ഇ ബിഡ്ഡിങ് വഴിയായിരുന്നു ഇത്തവണ ലേലം. ഇവയിൽ ഏറ്റവും ഉയർന്ന ലേലവിലയാണ് എട്ടുലക്ഷം റിയാൽ. 19 രാജ്യങ്ങളിൽനിന്നായി 200ഓളം കമ്പനികളുടെ പങ്കാളിത്തമുണ്ടായ പ്രദർശനം വൻവിജയമായി മാറിയതായും അദ്ദേഹം പറഞ്ഞു.
ഫാൽകൺ ഹുഡ്
പ്രദർശനത്തിന്റെ ഒന്നാംദിനം മുതൽ മുന്തിയ ഇനം ബ്രീഡുകളിൽപെട്ട ഫാൽകൺ പക്ഷികളുടെ ലേലവും നടന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഫാൽകൺ പ്രേമികളാണ് ലേലത്തിൽ പങ്കെടുത്ത് ഫാൽകൺ പക്ഷികളെ സ്വന്തമാക്കിയത്. ഹുർറ് എന്ന ഇനത്തിലുള്ള ഫാൽകണിനാണ് എട്ടുലക്ഷം റിയാൽ ലേലത്തിൽ ലഭിച്ചത്.
ഇതോടൊപ്പം ഫാൽകണുകളുടെ തലപ്പാവ് (ഫാൽകൺ ഹുഡ്സ്) നിർമാണത്തിൽ മത്സരവും സംഘടിപ്പിച്ചിരുന്നു. ആകർഷകമായ രൂപങ്ങളിൽ തലപ്പാവുകൾ നിർമിച്ച് നിരവധിപേർ പങ്കാളിയായി. കുവൈത്തിൽനിന്നുള്ള ജാബിർ നാസർ അൽ സുഹൈൽ വിജയിയായി.
പ്രദർശകർക്കായി പവിലിയൻ മത്സരം, ഫാൽകൺ പക്ഷികളുടെ പെയിൻറിങ്ങുകളുമായി അണിനിരന്ന കലാകാരന്മാർ എന്നിവയും സ്ഹൈൽ പ്രദർശനത്തെ ആകർഷകമാക്കി. സ്വദേശികളും യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവർ അടക്കം വിദേശികളുടെ സാന്നിധ്യവും ഇത്തവണ ഫാൽകൺ പ്രദർശനത്തെ ശ്രദ്ധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

