കതാറയിൽ ഇനി ഫാൽകൺ മേള
text_fieldsദോഹ: ഖത്തറിലെയും മേഖലയിലെയും ഫാൽക്കൺ പ്രേമികളുടെ പ്രധാന ഉത്സവമായ ‘സുഹൈൽ’ അന്താരാഷ്ട്ര മേളക്ക് ചൊവ്വാഴ്ച കതാറ കൾചറൽ വില്ലേജിൽ തുടക്കം. എട്ടാമത് ഹണ്ടിങ് ആൻഡ് ഫാൽകൺ പ്രദർശനമേളക്ക് കതാറ വേദിയാകുമ്പോൾ പങ്കെടുക്കുന്ന രാജ്യങ്ങളുടെയും കമ്പനികളുടെയും എണ്ണംകൊണ്ട് പുതിയ റെക്കോഡാണ് കുറിക്കുന്നത്.
അഞ്ചു ദിവസം നീളുന്ന മേളയിൽ 19 രാജ്യങ്ങളിൽനിന്ന് 166 കമ്പനികൾ ഭാഗമാകും. പൊന്നുംവിലയുള്ള ഫാൽകൺ പക്ഷികൾക്കു പുറമെ, വേട്ടക്കുള്ള ഉപകരണങ്ങൾ, ആയുധങ്ങൾ, ക്യാമ്പിങ് ഉപകരണങ്ങൾ, കാർ, മരുഭൂമിയിൽ ഉപയോഗിക്കാവുന്ന പ്രത്യേക വാഹനങ്ങൾ എന്നിവയുടെ അന്താരാഷ്ട്ര ബ്രാൻഡുകളുടെ സാന്നിധ്യമാണ് ആകർഷണം.
മേഖലയിലെ തന്നെ ഏറ്റവും ആകർഷകമായ ഫാൽകൺ മേളയായ സുഹൈലിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തേതന്നെ പൂർത്തിയായി കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
കതാറയിൽ സുഹൈൽ ഫാൽകൺ മേളയിൽനിന്ന് (ഫയൽ ചിത്രം)
വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് എട്ടാമത് മേളക്ക് കതാറ വേദിയൊരുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഫാൽക്കൺ പക്ഷി വളർത്തുകാരും പ്രേമികളുമെല്ലാം മേളയുടെ ഭാഗമായെത്തിക്കഴിഞ്ഞു.
ഓരോ വർഷവും ദശലക്ഷം റിയാലിന്റെ മൂല്യത്തിലാണ് ഫാൽകൺ പക്ഷികളുടെ ലേലം നടക്കുന്നത്. ഇതോടൊപ്പം വിവിധ മത്സരങ്ങളും സാംസ്കാരിക പരിപാടികളും ഇത്തവണ പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കുന്നതായി സുഹൈൽ ഡയറക്ടർ അബ്ദുൽ അസീസ് അൽ സായിദ് അറിയിച്ചു.
സ്റ്റാളുകൾ, പവിലിയനുകൾ, ഫാൽകൺ എന്നിവയുടെ മത്സരമാണ് ശ്രദ്ധേയം. ഹണ്ടിങ് ആയുധങ്ങൾ, തോക്ക്, ഉൾപ്പെടെ പ്രദർശനവും, കരകൗശല പരിശീലനവും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

