തട്ടിപ്പുകൾ പലവിധം; ജാഗ്രത മുഖ്യം
text_fieldsആഭ്യന്തര മന്ത്രാലയം പങ്കുവെച്ച മുന്നറിയിപ്പ് സന്ദേശം, ബാങ്കിൽനിന്ന് എന്ന പേരിലുള്ള എസ്.എം.എസ്
ദോഹ: നാട്ടിലായാലും പ്രവാസത്തിലായാലും തട്ടിപ്പ് സന്ദേശങ്ങൾ പുതുമയല്ല. ഔദ്യോഗിക ഉറവിടങ്ങൾ എന്ന വ്യാജേന മൊബൈൽ ഫോൺ നമ്പറിലേക്ക് വരുന്ന എസ്.എം.എസ് സന്ദേശങ്ങളാണ് ഈ തട്ടിപ്പുകാരുടെ പിടിവള്ളി. ആഭ്യന്തര മന്ത്രാലയത്തിൽ (എം.ഒ.ഐ) നിന്ന് എന്ന പേരിലാണ് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർക്ക് ട്രാഫിക് പിഴ അറിയിപ്പ് എന്ന് കാണിച്ചുകൊണ്ട് സന്ദേശം വന്നത്.
നിങ്ങളുടെ വാഹനത്തിന്റെ പേരിൽ ഗതാഗത നിയമലംഘനത്തിന് പിഴയുണ്ട്. അധിക പിഴ ഒഴിവാക്കുന്നതിനായി ഉടൻതന്നെ താഴെകാണുന്ന ലിങ്ക് വഴി പണം അടച്ചു തീർക്കണമെന്ന മുന്നറിയിപ്പുമായാണ് വാഹനം ഇല്ലാത്തവർക്കും എസ്.എം.എസ് സന്ദേശങ്ങൾ ലഭിച്ചത്.
എന്നാൽ, പണമടക്കാൻ ആവശ്യപ്പെട്ടുള്ള ലിങ്ക് ശുദ്ധ തട്ടിപ്പ്. ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റിനെ അനുകരിച്ചുകൊണ്ട് ഏതാനും അക്ഷരങ്ങളുടെ മാറ്റം മാത്രമുള്ള ലിങ്കിൽ പ്രവേശിച്ചാൽ അവിടെയും സമാനമായ ഡിസൈനുകൾ. ആധികാരികമെന്ന് തോന്നിപ്പിക്കും വിധമെത്തിയ സന്ദേശത്തിലെ തട്ടിപ്പ് എളുപ്പം തിരിച്ചറിഞ്ഞതിനാൽ വ്യാജന്മാരിൽ വീഴാതെ രക്ഷപ്പെട്ടതായി എസ്.എം.എസ് ലഭിച്ചവർ പറയുന്നു.
ചിലർക്ക് സർക്കാറിന്റെ കേന്ദ്രീകൃത വെബ്സൈറ്റായ ഹുകൂമി https://hukoomi.gov.qa യുമായി സാമ്യതയുള്ള യു.ആർ.എൽ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സന്ദേശം അയച്ചത്. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ മെട്രാഷ് ആപ്പിനെ പകർത്തുന്ന വിധത്തിലും ചില യു.ആർ.എല്ലുകൾ തട്ടിപ്പുകാർ സൃഷ്ടിക്കുകയും ചെയ്ത് വലവീശുന്നു. ബാങ്കുകളുടെയും ഹൈപ്പർമാർക്കറ്റുകൾ ഷോപ്പിങ് മാളുകൾ എന്നിവയും പേരിലും തട്ടിപ്പ് എസ്.എം.എസുകൾ കഴിഞ്ഞ മാസങ്ങളായി സജീവമാണ്.
പ്രധാന ബാങ്കുകളിലൊന്നായ ക്യൂ.എൻ.ബിയുടെ പേരിലാണ് മറ്റൊരു വ്യാജ സന്ദേശം പരക്കുന്നത്. നിങ്ങളുടെ പേരിലെ ബോണസ് പോയന്റുകൾ മൂന്ന് ദിവസത്തിനുള്ളിൽ കാലാവധി കഴിയും. ഉടൻ ഉപയോഗിച്ച് സാമ്പത്തിക ലാഭം നേടാമെന്ന പേരിലാണ് വ്യാജ വെബ്സൈറ്റ് യു.ആർ.എൽ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. എന്നാൽ, ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പലതവണ മുന്നറിയിപ്പു നൽകുന്നതാണ്. എസ്.എം.എസ്, മൊബൈൽ ഫോൺ വിളികൾ, ഇ മെയിൽ തുടങ്ങിയ തട്ടിപ്പുകാരുടെ കെണികളിൽ വീണ് വ്യക്തിഗത വിവരങ്ങൾ കൈമാറരുത്.
തട്ടിപ്പുകളിൽ വീഴരുതെന്ന് ഓർമപ്പെടുത്തിയ ആഭ്യന്തര മന്ത്രാലയം വാഹനങ്ങളുടെ പിഴ അടക്കാനും അറിയാനും മെട്രാഷ് ആപ്പോൾ, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റോ സന്ദർശിക്കണമെന്ന് ഓർമിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.