വ്യാജ കമ്പനിയും വിസ തട്ടിപ്പും: ഒമ്പതുപേർ അറസ്റ്റിൽ
text_fieldsവിസ തട്ടിപ്പുകേസിൽ അറസ്റ്റിലായവർ
ദോഹ: വ്യാജ കമ്പനികളുണ്ടാക്കി വിസ കച്ചവടം നടത്തി കബളിപ്പിച്ച സംഭവത്തിൽ ഒമ്പതുപേർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെർച് ആൻഡ് ഫോളോഅപ് വിഭാഗമാണ് അറബ്, ഏഷ്യൻ വംശജരായ ഒമ്പതുപേരെ അറസ്റ്റ് ചെയ്തത്. പൗരന്മാരെ കബളിപ്പിച്ച് വ്യാജ കമ്പനികൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു വിസ കച്ചവടം നടത്തിയത്. ലാഭം നൽകാമെന്ന വാഗ്ദാനവുമായാണ് കമ്പനി സ്ഥാപിക്കാൻ പൗരന്മാരുടെ സഹായം തേടിയത്.
പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഡോക്യുമെന്റ് ക്ലിയറൻസ് ഓഫിസുകൾ വഴിയും അനധികൃത പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും നടത്തിയ പരിശോധനയിൽ 1.90 ലക്ഷം ഖത്തർ റിയാലും വ്യാജ കമ്പനി രേഖകൾ, വാടക കരാറുകൾ, സ്വദേശി പൗരന്മാരുടെ തിരിച്ചറിയൽ കാർഡുകൾ, പ്രീപെയ്ഡ് ബാങ്ക് കാർഡുകൾ, പ്രവാസി തൊഴിലാളികളുടെ ബാങ്ക് കാർഡുകൾ എന്നിവ പിടിച്ചെടുത്തു.
രഹസ്യ വിവരങ്ങളെത്തുടർന്ന് സൂക്ഷ്മ നിരീക്ഷണം നടത്തിയായിരുന്നു സെർച് ആൻഡ് ഫോളോഅപ് വിഭാഗം കുറ്റക്കാരെ കണ്ടെത്തി പിടികൂടിയത്. ഇവരെ, തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

