ഖത്തറിൽനിന്ന് ഉംറ തീർഥാടനത്തിന് സൗകര്യമൊരുങ്ങുന്നു
text_fieldsദോഹ: ഖത്തറിൽനിന്നും സൗദിയിലേക്കുള്ള ഉംറ തീർഥാടനത്തിനുള്ള തയാറെടുപ്പിൽ ട്രാവൽ ഏജൻസികൾ. ഖത്തറിനെതിരായ ഉപരോധത്തിന് ശേഷം ഖത്തറിൽനിന്നുള്ളവർക്ക് ഹജ്ജ്, ഉംറ തീർഥാടനം മുടങ്ങിയിരുന്നു. ഉപരോധം അവസാനിപ്പിച്ച് അൽഉല കരാർ ഒപ്പുവെച്ചതോടെയാണ് മൂന്നുവർഷമായി മുടങ്ങിക്കിടന്നിരുന്ന ഉംറ സർവിസുകൾ വീണ്ടും സജീവമാകുന്നത്.
റമദാനിൽ തന്നെ ഉംറ സാധ്യമാകുമെന്നതിെൻറ പ്രതീക്ഷയിലാണ് എല്ലാവരും. കോവിഡ്-19 തീർത്ത പ്രതികൂല സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് താമസസൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായി സൗദി അറേബ്യയിലെ ഹോട്ടലുകളുമായും റിസർവേഷൻ ഓഫിസുകളുമായും ഖത്തറിലെ ഏജൻസികൾ ബന്ധപ്പെടുന്നുണ്ട്.
പ്രതികൂലമായ വിവിധ ഘടകങ്ങൾ കാരണം ഇത്തവണത്തെ ഉംറ തീർഥാടനത്തിെൻറ ചെലവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് വളരെ പ്രയാസകരമായിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. സൗദി അറേബ്യയിലെത്തുന്ന തീർഥാടകർ നിർബന്ധിത ക്വാറൻറീനിൽ പോകുന്നതും കോവിഡ് പരിശോധനക്ക് വിധേയമാകുന്നതും ചെലവ് വർധിപ്പിക്കും. ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ ട്രാവൽ ഏജൻസി അധികൃതരും ഇക്കാര്യം ശരിവെക്കുന്നുണ്ട്.
വിദേശത്തുനിന്നുള്ള തീർഥാടകരെ അനുവദിക്കുന്നതിെൻറ മൂന്നാം ഘട്ടം ആരംഭിച്ചതിന് ശേഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെ അനുവദിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതിദിനം 10,000 ആളുകൾക്കായിരിക്കും ഉംറ അനുവദിക്കുക. 500 ഗ്രൂപ്പുകൾക്ക് ഒരു ഗ്രൂപ്പിൽ 20 പേരെന്ന നിലയിലായിരിക്കും ഇതെന്നും ഖത്തറിലെ ട്രാവൽ ഏജൻസി പറയുന്നു. ഒരു ദിവസം ഒരേസമയം 32 ഗ്രൂപ്പുകൾക്ക് ഉംറ ചെയ്യാൻ സാധിക്കും. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ലുസൈൽ ദിനപത്രം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഖത്തർ ഉപരോധം പ്രഖ്യാപിച്ചതിനുശേഷം ഖത്തറിലുള്ള സ്വദേശികൾക്കോ വിദേശികൾക്കോ ഹജ്ജ്-ഉംറ തീർഥാടനത്തിന് പലവിധ തടസ്സങ്ങളുമുണ്ടായിരുന്നു. മൂന്നര വർഷങ്ങൾക്ക് ശേഷം ഖത്തറിനും സൗദിക്കുമിടയിലുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നതോടെ തീർഥാടനയാത്രകൾക്കുള്ള ബുദ്ധിമുട്ടുകൂടിയാണ് ഒഴിവായത്. കോവിഡ്-19 കാരണം നിർത്തിവെച്ച ഉംറ സർവിസുകൾ പുനരാരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം തീർഥാടകർ സൗദിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ ഒക്ടോബർ നാലിനാണ് ഉംറ തീർഥാടനം സൗദി അറേബ്യ പുനരാരംഭിച്ചത്. പ്രതിദിനം 6000 ഉംറ തീർഥാടകർക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയിരുന്നത്. ഒക്ടോബർ 18 മുതൽ പ്രതിദിനം 15,000 പേർക്കാണ് അനുമതി നൽകുന്നത്.
പൂർണ ശേഷിയിൽ തീർഥാടനം അനുവദിക്കുകയാണെങ്കിൽ പ്രതിദിനം 20,000 മുതൽ 60,000 തീർഥാടകർക്ക് വരെ ഉംറ നിർവഹിക്കാം. ഉപരോധം നീങ്ങിയതോടെ ഖത്തർ, സൗദി, യു.എ.ഇ, ഇൗജിപ്ത് രാജ്യങ്ങളിലേക്കുള്ള ഗതാഗതം സാധാരണനിലയിലേക്ക് നീങ്ങിയിട്ടുണ്ട്. പ്രതിവർഷം 700 കോടി റിയാലിെൻറ കച്ചവടമാണ് 2017 വരെ ഖത്തറുമായി സൗദിക്കുണ്ടായിരുന്നത്. ഉപരോധം അവസാനിച്ചതോടെ റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ട്രാവൽസ് തുടങ്ങിയ വിവിധ മേഖലകളിൽ ഉണ്ടായ പ്രതിസന്ധിയും നീങ്ങുകയാണ്.
കോവിഡ്: ഉംറക്കായി കൂടുതൽ നടപടിക്രമങ്ങൾ
ദോഹ: ഖത്തറിൽനിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നുമുള്ള പൗരന്മാരല്ലാത്തവർ അംഗീകൃത ഉംറ ഏജൻറിൽനിന്നും സൗദി ഉംറ കമ്പനിയിൽനിന്നുമുള്ള അടിസ്ഥാന ഉംറ പാക്കേജ് ബുക്ക് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇവർ സൗദി കമ്പനി ഏജൻറ് മുഖേന ഉംറക്കുള്ള തീയതി ബുക്ക് ചെയ്യും. ഇതിനായി ഇഅ്തമർനാ ആപ്പ് ആണ് ഉപയോഗിക്കേണ്ടത്. ഈ കമ്പനിയുടെ മേൽനോട്ടത്തിലായിരിക്കും തീർഥാടകർക്കുള്ള ഉംറ വിസ ലഭ്യമാക്കുക. അംഗീകൃത ലബോറട്ടറികളിൽ നിന്നും 72 മണിക്കൂറിനുള്ളിൽ എടുത്തിട്ടുള്ള കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് യാത്രക്ക് മുമ്പായി സമർപ്പിക്കണം.
സൗദിയിൽ ഹോട്ടലിൽ മൂന്ന് ദിവസത്തെ ക്വാറൻറീനിൽ കഴിയണം. ഖത്തരി പൗരന്മാർക്കും ജി.സി.സിയിൽനിന്നുള്ള പൗരന്മാരും തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ഹോട്ടലിൽ മൂന്നുദിവസത്തെ ക്വാറൻറീനിൽ കഴിയണം. ഇഅ്തമർനാ ആപ് വഴി ഉംറ നിർവഹിക്കാനുള്ള അനുമതിക്കായി അപേക്ഷിക്കുകയും വേണം. ഈ ആപ് ഖത്തറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഖത്തറിൽ നിന്നും സൗദിയിലേക്ക് ഉംറ തീർഥാടനത്തിനായി പോകുന്നവർക്കായി ഔഖാഫ്, ഇസ്ലാമിക മതകാര്യ മന്ത്രാലയമാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
രണ്ട് ഡോസ് വാക്സിനെടുക്കുന്നതിനുമുമ്പാണ് തീർഥാടനം നടത്തുന്നതെങ്കിൽ ഖത്തറിൽ മടങ്ങിയെത്തുന്നവർക്ക് ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. സൗദിയിൽ നിന്ന് ഖത്തറിലേക്ക് തിരിച്ചുവരുന്നവർ യാത്രയുടെ 72 മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തണം. കോവിഡ് ബാധിതനല്ലെന്നുള്ള നെഗറ്റിവ് സർട്ടിഫിക്കറ്റ് യാത്രക്കാരൻ കൂടെ കരുതണം. എല്ലാവരും ഖത്തറിലെത്തിയാലുടൻ ഒരാഴ്ചത്തെ ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. യാത്ര പുറെപ്പടുന്നതിന് മുമ്പുതന്നെ 'ഡിസ്കവർ ഖത്തർ' പോർട്ടൽ വഴി ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്തിരിക്കണം.
ഖത്തറിൽ നിന്ന് അബൂസംറ വഴി സൗദിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ തിരിച്ച് ഖത്തറിൽ എത്തിയാലും ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. അതിർത്തി വഴി സൗദിയിലേക്ക് പോകുന്നവർ സൗദി അധികൃതരുടെ എല്ലാ ചട്ടങ്ങളും അനുസരിക്കണമെന്ന് ഖത്തറും ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിൽ നിന്ന് സൗദിയിലേക്ക് പോകുന്ന ഖത്തരി പൗരൻമാരും താമസക്കാരും സന്ദർശകരും പാലിക്കേണ്ട നിബന്ധനകൾ സൗദി കസ്റ്റംസിെൻറ https://www.customs.gov.sa/ar/declare എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.