സകാത് ശേഖരിക്കാൻ വിപുലമായ ഒരുക്കങ്ങൾ
text_fieldsദോഹ: ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ റമദാൻ പരിപാടികളോടനുബന്ധിച്ച് സകാത് ശേഖരണത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. "നിങ്ങളുടെ സകാത് ഒരു അമാനത്താണ് -വിശ്വസ്തതയോടെ നിർവഹിക്കേണ്ട ബാധ്യത" എന്ന പ്രമേയത്തിന് കീഴിലാണ് ഈ വർഷത്തെ പദ്ധതികൾ നടപ്പാക്കുന്നത്. സകാത് നൽകുന്നവർക്കിടയിൽ വിശ്വാസം വളർത്തുക, സകാത് വിതരണം ലളിതമാക്കുക, അർഹരായവർക്ക് സകാത് സുതാര്യമായി എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
റമദാൻ മാസത്തിൽ സകാത് നൽകുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമദാനിൽ തറാവീഹ് നമസ്കാരത്തിന് ശേഷം മാളുകളിലും മാർക്കറ്റുകളിലും പള്ളികൾക്ക് സമീപവും അധിക കലക്ഷൻ പോയന്റുകളും സജ്ജീകരിക്കും.
സകാത് നൽകുന്നത് എളുപ്പമാക്കുന്നതിന് സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ, ഔദ്യോഗിക വെബ്സൈറ്റ്, ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ടുള്ള ട്രാൻസ്ഫർ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. റാപ്പിഡ് കലക്ഷൻ സർവിസിലൂടെ സകാത് നൽകാൻ ആഗ്രഹിക്കുന്നവരുടെ അടുത്ത് നേരിട്ടെത്തി തുക സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സകാത് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തികൾക്കും കമ്പനികൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും സംശയനിവാരണത്തിനായി ശരീഅത്ത് വിദഗ്ധരുടെ സേവനവും ലഭ്യമാണ്. ഓരോ വ്യക്തിയുടെയും സ്ഥാപനത്തിന്റെയും സകാത് കൃത്യമായ ശരീഅത്ത് നിയമങ്ങൾ പാലിച്ചാണോ കണക്കാക്കുന്നത് എന്ന് ഇതുവഴി ഉറപ്പുവരുത്തും. സമൂഹത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള സംവിധാനമാണ് വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

