വിശേഷങ്ങളുമായി ‘എക്സ്പോ 2023 ദോഹ’; എക്സ്പോ ചരിത്രവും വിശേഷങ്ങളുമായി പ്രത്യേക പുസ്തകം പുറത്തിറങ്ങി
text_fieldsദോഹ എക്സ്പോ പുസ്തകം പ്രകാശനം ചെയ്യുന്നു
ദോഹ: തിങ്കളാഴ്ച തുടക്കം കുറിക്കുന്ന ദോഹ എക്സ്പോയുടെ വിശദാംശങ്ങളെല്ലാമായി ‘എക്സ്പോ 2023 ദോഹ’ പ്രത്യേക പുസ്തകം പുറത്തിറങ്ങി. വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും എക്സ്പോ സംഘാടക സമിതി ഭാരവാഹികളും ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത ചടങ്ങിലായിരുന്നു എക്സ്പോ പുസ്തകം പുറത്തിറക്കിയത്. ചെയർമാനും മുനിസിപ്പാലിറ്റി മന്ത്രിയുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇയെ പ്രതിനിധീകരിച്ച് കമീഷണറും അംബാസഡറുമായ ബദർ ബിൻ ഉമർ അൽ ദഫ പ്രകാശനം നിർവഹിച്ചു.
മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ (മിന) ആദ്യമായെത്തുന്ന എക്സ്പോയുടെ മുഴുവൻ വിശേഷങ്ങളും, വിവരണങ്ങളും, വിവിധ പവിലിയനുകളുടെ ഉള്ളടക്കം, മുൻകാല എക്സ്പോകളുടെ ചരിത്രം തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് എക്സ്പോ 2023 ദോഹ പുറത്തിറക്കിയത്. 1960ൽ നെതർലൻഡ്സിൽ ആരംഭിച്ച ആദ്യ എക്സ്പോ മുതൽ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ ആയി വളർന്ന പ്രദർശനത്തിന്റെ മുഴുവൻ ചരിത്രവും ഉൾക്കൊള്ളുന്നതാണ് പ്രത്യേക പതിപ്പ്. ചടങ്ങിൽ തുർകിയ, നെതർലൻഡ്സ്, സ്വീഡൻ, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, മെക്സികോ, മാൾട്ട, ക്രൊയേഷ്യ, ശ്രീലങ്ക, മൊസാംബീക്, അംഗോള, സുഡാൻ, നൈജർ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡർമാർ പങ്കെടുത്തു.