ദോഹ എക്സ്പോ; സന്ദർശകരെ നേരത്തേ വരവേൽക്കാനൊരുങ്ങി
text_fieldsഅൽബിദ പാർക്കിലെ ദോഹ എക്സ്പോ വേദിയുടെ മാതൃക. ഒരു ആകാശ ദൃശ്യം, ഇൻസൈറ്റിൽ ഇൻറർനാഷനൽ കോഓഡിനേഷൻ വിഭാഗം ഡയറക്ടർ ഖാലിദ് അൽ സിന്ദി
ദോഹ: ലോകകപ്പ് ഫുട്ബാളിനുശേഷം ഖത്തറും മിഡിലീസ്റ്റും കാത്തിരിക്കുന്ന ദോഹ എക്സ്പോയിലേക്ക് സന്ദർശകർക്ക് നേരത്തേ തന്നെ വാതിലുകൾ തുറന്നുനൽകും. ഒക്ടോബർ രണ്ടിനാണ് എക്സ്പോയുടെ ഔപചാരിക തുടക്കമെങ്കിലും സെപ്റ്റംബറിൽ തന്നെ സന്ദർശകരെ വരവേൽക്കാൻ എക്സ്പോ വേദി സജ്ജമാവുമെന്ന് ഇന്റർനാഷനൽ കോഓഡിനേഷൻ വിഭാഗം ഡയറക്ടർ ഖാലിദ് അൽ സിന്ദി പറഞ്ഞു. എക്സ്പോയുടെ പവിലിയനുകളും മറ്റും ഉൾപ്പെടെ നിർമാണപ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായതായും അദ്ദേഹം പ്രാദേശിക അറബി ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
സെപ്റ്റംബർ പകുതിയോടെ സന്ദർശകരെ സ്വീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘ലോകം വീണ്ടും ദോഹയിൽ ഒത്തുചേരുകയാണ്. ലോകകപ്പ് ഫുട്ബാളിൽ 14 ലക്ഷത്തോളം കാണികൾ ദോഹയിലെത്തിയെങ്കിലും രണ്ടു മാസത്തിനുശേഷം വീണ്ടും ദോഹയിലേക്ക് സഞ്ചാരികളുടെ ഒഴുക്കു തുടങ്ങും. 30 ലക്ഷത്തോളം സന്ദർശകരെ സ്വീകരിക്കാൻ ദോഹ എക്സ്പോ സജ്ജമായിക്കഴിഞ്ഞു. ഏറ്റവും മികച്ച സജ്ജീകരണങ്ങളും സാങ്കേതിക മികവുമായാണ് എക്സ്പോ സെൻറർ തയാറെടുക്കുന്നത്. മരുഭൂവത്കരണം എന്ന വിഷയത്തിൽ ശ്രദ്ധപതിപ്പിച്ച്, ഹരിത വിസ്തൃതിയും കൃഷിഭൂമിയും വർധിപ്പിക്കുക എന്നതിൽ ഊന്നിയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്’’ -അൽ സിന്ദി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരവും പരിസ്ഥിതി സംരക്ഷണ, സുസ്ഥിര പദ്ധതികൾ തുടങ്ങിയവയിൽ ഊന്നിയ നിരവധി പദ്ധതികൾ ലോകത്തിന് മുമ്പാകെ അവതരിപ്പിക്കുന്നതിനും എക്സ്പോ വേദിയാകും. വെറുമൊരു പ്രദർശനത്തിനപ്പുറം ലോകത്തിലെ ദരിദ്രരാജ്യങ്ങൾക്ക് കരുതൽ നൽകുകയും എക്സ്പോയുടെ പ്രധാന പദ്ധതികളുടെ ഭാഗമായുണ്ട്.
കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ ആനുപാതികമായി ബാധിക്കുന്ന അവികസിത രാജ്യങ്ങളെ പിന്തുണക്കുന്നതിന് എക്സ്പോ അവസരം നൽകുമെന്ന് ഖാലിദ് അൽ സിന്ദി പറഞ്ഞു. ‘‘അവികസിത രാജ്യങ്ങൾക്കായി 40 പവിലിയനുകൾ നീക്കിവെക്കും. എല്ലാവർക്കും തുല്യ അവസരങ്ങളുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതുവഴി ചെയ്യുന്നത്. കൂടാതെ ചർച്ചകളിൽ പങ്കെടുക്കാനും വിവിധ രാജ്യങ്ങളുമായി ബന്ധങ്ങൾ കെട്ടിപ്പടുക്കാനും പരിസ്ഥിതി പദ്ധതികൾക്ക് ധനസഹായം കണ്ടെത്താനും അവർക്ക് അവസരം സൃഷ്ടിക്കും’ -അൽ സിന്ദി പറഞ്ഞു. എക്സ്പോയുടെ പ്രധാന സംഘാടകരായ ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷൻസ് (ബി.ഐ.ഇ) സംഘം എക്സ്പോ വേദി സന്ദർശിച്ച് തയാറെടുപ്പുകൾ വിലയിരുത്തിയതായും അവർ പറഞ്ഞു.
70 രാജ്യങ്ങൾ
ദോഹ എക്സ്പോക്ക് കൊടിയേറാൻ ഒന്നര മാസത്തിലേറെ സമയം ബാക്കിനിൽക്കെ 70 രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പായി. വിവിധ രാജ്യങ്ങൾ ആകർഷകമായ പവിലിയനുകൾ ഒരുക്കിയാവും ഒക്ടോബർ രണ്ടു മുതൽ 2024 മാർച്ച് 28 വരെ നീളുന്ന എക്സ്പോയിൽ പങ്കാളികളാകുന്നത്. ചർച്ചകൾ, പ്രദർശനങ്ങൾ, പുതിയ ഗവേഷണങ്ങൾ പരിചയപ്പെടുത്തൽ, അന്താരാഷ്ട്ര വിദഗ്ധരുടെ സംഗമം, ലോകനേതാക്കളുടെ സന്ദർശനം എന്നിവയാൽ സമ്പന്നമാകും എക്സ്പോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

