Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കമ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് വെള്ളിയാഴ്ച

text_fields
bookmark_border
എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കമ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് വെള്ളിയാഴ്ച
cancel

ദോഹ: ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് വെള്ളിയാഴ്ച ആസ്പയര്‍ സോണ്‍ വാം അപ്പ് ട്രാക്ക് ആൻഡ് ഫീല്‍ഡില്‍ രാവിലെ ഏഴു മുതല്‍ ആരംഭിക്കും. അന്താരാഷ്ട്ര മാസ്റ്റേര്‍സ് ടൂര്‍ണമെന്റുകളിലുള്‍പ്പടെ ഇന്ത്യക്കായി മത്സരിച്ച കായികതാരങ്ങള്‍ വിവിധ ടീമുകള്‍ക്കായി അണിനിരക്കും. ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള ക്യു.എസ്‌.എഫ്‌.എ അംഗീകാരത്തോടെയാണ്‌ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിക്കുന്നത്.

100, 200, 800,1500 മീറ്റര്‍ ഓട്ടം, റിലേ, ലോങ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, പഞ്ചഗുസ്തി, വടം വലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബൗളിങ് എന്നിവയില്‍ വിവിധ കാറ്റഗറികളിലായി 37 മത്സരങ്ങള്‍ നടക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം മത്സരങ്ങളായിരിക്കും നടക്കുക. ഓരോ ഇനത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും ചാമ്പ്യന്മാരാകുന്ന ടീമുകള്‍ക്ക് ട്രോഫിയും നല്‍കും.

ഇന്ത്യയുടെയും ഖത്തറിന്റെയും സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന മീറ്റില്‍, കായിക താരങ്ങളും ടീമുകളെ പിന്തുണക്കുന്ന കൂട്ടായ്മകളും അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ് മീറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്‌. വൈകീട്ട് 3.30 നാണ്‌ മാര്‍ച്ച് പാസ്റ്റ്. ചെണ്ടമേളം, ആയോധന കലകള്‍, ഒപ്പന, കോല്‍ക്കളി, നൃത്തങ്ങള്‍ തുടങ്ങിയ തനത് കലാരൂപങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് കാഷ് അവാര്‍ഡ് സമ്മാനിക്കും.

ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപക്സ് ബോഡിയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന കായിക സംഘടനയാണ്‌ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്. വാർത്തസമ്മേളനത്തില്‍ കമ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് രക്ഷാധികാരി ആര്‍. ചന്ദ്രമോഹന്‍, അല്‍ അജ്ജാജ് ലിമിറ്റഡ് കമ്പനി സി.ഇ.ഒ എൻജിനിയര്‍ ഫൈസല്‍ കുന്നത്ത്, ഓട്ടോ ഫാസ്റ്റ് ട്രാക്ക് ജനറല്‍ മാനേജര്‍ ഷിയാസ് കൊട്ടാരം, റിയാദ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിങ് മാനേജര്‍ അല്‍താഫ് ഖാന്‍, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി, കണ്‍വീനര്‍ റഹീം വേങ്ങേരി എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expats Sportive Community Sports Meet on Friday
Next Story