വേനലവധി കഴിഞ്ഞ് പ്രവാസികൾ തിരിച്ചെത്തുന്നു; യാത്രാനടപടികൾ എളുപ്പമാക്കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
text_fieldsദോഹ: വേനലവധി അവസാനിച്ച് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ പ്രവാസികൾ ഒന്നിച്ച് തിരിച്ചെത്തുന്ന സാഹചര്യത്തിൽ, യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ യാത്ര ഒരുക്കാൻ വിവിധ സജ്ജീകരണങ്ങളൊരുക്കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ദോഹ നഗരത്തിലെത്താൻ വ്യത്യസ്ത ഗതാഗത സംവിധാനങ്ങളുണ്ട്. ബസ് പവിലിയൻ, ടാക്സി പവിലിയൻ, മെട്രോ സ്റ്റേഷൻ, കാർ പാർക്കിങ്, കാർ റെന്റൽ, ലിമോസിൻ സർവിസ് എന്നിവയെ ആശ്രയിക്കാവുന്നതാണ്.
അറൈവൽസ് ഹാളിന് എതിർവശത്തുള്ള പാർക്കിങ് സ്ഥലത്ത് ‘റൈഡ്-ഹെയ്ലിങ്’ സേവനങ്ങളായ ഊബർ, ബദ്ർഗോ എന്നിവക്കായി പ്രത്യേക പിക്അപ് സോൺ ഉണ്ട്. കൂടാതെ, ദോഹ മെട്രോയും യാത്രക്കാർക്ക് ഗതാഗതത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്. മെട്രോ സ്റ്റേഷനിലെത്താൻ യാത്രക്കാർക്ക് എയർപോർട്ടിനുള്ളിലൂടെ കുറഞ്ഞ ദൂരം നടന്നാൽ മതി. നഗരത്തിലെ പ്രധാന സ്ഥലങ്ങളെയെല്ലാം മെട്രോ വഴി ബന്ധിപ്പിക്കുന്നു. കൂടാതെ, അംഗീകൃത ടാക്സികളും ബസുകളും അറൈവൽസ് ഹാളിന്റെ ഓരോ കോണിലുമുള്ള പ്രത്യേക പവിലിയനുകളിൽ യാത്രക്കാർക്ക് സമീപിക്കാവുന്നതാണ്. കാർ റെന്റൽ, ലിമോസിൻ, വാലെറ്റ് തുടങ്ങിയ മറ്റു സേവനങ്ങൾ ടെർമിനലുകളിൽ ലഭ്യമാണ്.
യാത്രക്കാരെ കയറ്റുന്നതിന് സുരക്ഷിതവും സൗകര്യപ്രദവുമായ പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കാം. ഇതിലൂടെ സുഗമമായ ഗതാഗതം ഉറപ്പാക്കുകയും റോഡരികിൽ വാഹനം പാർക്കുചെയ്യുന്നതുമൂലമുള്ള പിഴ ഒഴിവാക്കുകയും ചെയ്യാം.
വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയും ശേഖരണവും സുഗമവും സൗകര്യപ്രദവുമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ അവരുടെ ബാഗേജ് ടാഗുകൾ ഉറപ്പുവരുത്തേണ്ടതാണ്. സഹായങ്ങൾക്കായി അറൈവൽസ് ഹാളിൽ ബാഗേജ് സർവിസസ് ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്. ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഇ-ഗേറ്റുകൾ ഉപയോഗിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

