വൈബാണ്, പ്രവാസോണം; ഇനി വരുന്നത് ആഘോഷ നാളുകൾ
text_fieldsദോഹ: മലയാളിയുടെ ഗൃഹാതുരസ്മരണകള്ക്ക് നിറം പകര്‍ന്നു, ആഘോഷത്തിന്റെ പൊലിമ ചോരാതെ ഖത്തറിലെ പ്രവാസി മലയാളികൾ തിരുവോണം ആഘോഷിച്ചു. ഓണാഘോഷത്തിന് പ്രവാസികൾക്കിടയിൽ പൊലിവൊട്ടും കുറയാറില്ല. തിരുവോണം വാരാന്ത്യ അവധി ദിവസമായതിനാൽ എല്ലാ പ്രവാസി മലയാളികൾക്കും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഓണമോഘോഷിക്കാനായി. ഓണപ്പൂക്കളമൊരുക്കിയും തൂശനിലയില്‍ വിഭവ സമൃദ്ധമായ സദ്യ കഴിച്ചും തനി നാടന്‍ ശൈലിയില്‍ തന്നെയായിരുന്നു ആഘോഷം. വിവിധ മലയാളി കുടുംബങ്ങൾ ഒന്നിച്ചിരുന്നും ഓണം ആഘോഷമാക്കി. ഓരോ അംഗങ്ങളും നിശ്ചിത എണ്ണം കറികള്‍ വീടുകളില്‍ നിന്നുണ്ടാക്കി കൊണ്ടുവന്നും, ചിലയിടങ്ങളിൽ ഒന്നിച്ചു സദ്യയൊരുക്കിയും ഒണപ്പാട്ടുകൾ പാടിയും ഒഴിവുദിവസം ചെലവഴിച്ചു. പലരുടെയും വീടുകളിലേക്ക് സുഹൃത്തുക്കളെയും കൂടെ ജോലിചെയ്യുന്ന മറ്റ് രാജ്യക്കാരെയും ക്ഷണിച്ചിരുന്നു.
റസ്റ്റാറന്റുകൾ ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ ഓണത്തിരക്കുകൾ ഏറെയും അനുഭവപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി ഓണസദ്യക്ക് ബുക്കിങ് സ്വീകരിച്ച ശേഷം, വെള്ളിയാഴ്ച രാവിലെ മുതൽ എല്ലായിടങ്ങളിലും വിതരണം ആരംഭിച്ചിരുന്നു. മുൻകാലങ്ങളിലെ തിരക്കും മറ്റും പരിഗണിച്ച് എല്ലായിടങ്ങളിലും വിതരണത്തിന് വിപുലമായ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഹൈപ്പർ മാർക്കറ്റുകൾ, റസ്റ്റാറൻറുകൾ തുടങ്ങി ചെറുകിട ഹോട്ടലുകളിൽ വരെ തിരുവോണദിനത്തിൽ വൈവിധ്യമാർന്ന കൂട്ടുകളുമായി സദ്യ ഒരുക്കിയിരുന്നു.
തിരുവോണത്തോടെ നാട്ടിലെയും മറ്റും ഓണാഘോഷങ്ങൾക്ക് സമാപനമാവുമ്പോൾ ഖത്തർ ഉൾപ്പെടെ പ്രവാസ ലോകത്ത് ആഘോഷങ്ങൾക്ക് കൊടിയേറ്റമാവുകയാണ്. ഇനിയുള്ള ഒന്നുരണ്ടു മാസം വാരാന്ത്യ ദിനങ്ങളിൽ ഒത്തുചേരലുകളും സംഗീത പരിപാടികളും മറ്റുമായി ആഘോഷങ്ങൾക്ക് പകിട്ടേറും.
നാട്ടിലെ രീതികളെ വെല്ലുന്ന രീതിയിലാണ് പലപ്പോഴും ഇവിടെ ഓണാഘോഷങ്ങള്‍ നടക്കുന്നത്. പ്രവാസി മലയാളികളുടെ ഓണം ഓർമകളെ ഒരിക്കൽകൂടി തിരികെകൊണ്ടുവരാൻ ഖത്തറിലെ വിവിധ കൂട്ടായ്മകൾ വിവിധ പരിപാടികളുമായി സജീവമാണ്. വിവിധ സംഘടനകളും കൂട്ടായ്മകളും ഇവന്റ് മാനേജ്മെന്റുകളും ഓണാഘോഷം പൊടിപൊടിക്കാൻ തകൃതിയായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഓണാഘോഷങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നതിലും എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കുന്നതിലും പ്രവാസി കൂട്ടായ്മകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം തന്നെയുണ്ട്. ആഘോഷങ്ങള്‍ക്ക് നാട്ടില്‍നിന്നും അതിഥികളായി സിനിമാ താരങ്ങളും ഗായകരും വരെ എത്താറുണ്ട്.
ഉത്രാടദിവസമായ വ്യാഴാഴ്ച മലയാളി കമ്പനികളിലും വിവിധ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കേരള സാരിയും മുണ്ടും ജുബ്ബയും അണിഞ്ഞും കേരളീയ വേഷത്തിൽ ജോലിക്കെത്തിയ മലയാളികൾ ഓണത്തിന്റെ പ്രവാസത്തിലെ വേറിട്ട കാഴ്ചയായി.
നാട്ടിൻപുറത്ത് സാധാരണയായി സംഘടിപ്പിക്കാറുള്ള കലാ -കായിക പരിപാടികളൊരുക്കിയും ഓണസദ്യയുണ്ടും ആഘോഷ പരിപാടികൾ ഓഫിസുകളിൽ കളറാക്കി. കൂടെ ജോലിചെയ്യുന്ന മറ്റു സംസ്ഥാനക്കാരും -രാജ്യക്കാരും ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ദോഹ നജ്മയിൽ മാധ്യമം -മീഡിയ വൺ ഓഫിസ് സമുച്ചയത്തിൽ വിവിധ മലയാളി കമ്പനികളുടെ കൂട്ടായ്മയിൽ ഒാണാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും ഓണസദ്യയുമൊരുക്കിയിരുന്നു. ഹാരിസ്, അബ്ബാസ് മുഹമ്മദ്, ജാബിർ അബ്ദുറഹമാൻ, റഈസ്, സജീവൻ, സഹ് ലാന, ഖദീജ, ദിയ, പർവേഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

