നാം ഇവരെയും പരിഗണിക്കേണ്ടതല്ലേ?
text_fieldsപ്രവാസികളുടെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും സഹായമായി നമ്മുടെ ഇടയിൽ ഒട്ടനവധി പ്രവാസി സംഘടനകളും കൂട്ടായ്മകളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ നാട്ടുകാരുടെ ഓരോ ആവശ്യങ്ങൾക്കും നാം മുന്നിട്ടിറങ്ങാറുണ്ട്.. നാട്ടിലെ പാവപ്പെട്ടവർക്ക് വീട് നിർമിച്ചു കൊടുക്കാനും നിർധനരായ രോഗികളുടെ ചികിത്സകൾക്കും പള്ളികൾക്കും ക്ഷേത്രങ്ങൾക്കും ചർച്ചുകൾക്കും എന്തിനേറെ പ്രാദേശികമായ ക്ലബുകൾക്ക് പോലും ഇവിടെയുള്ള പ്രവാസികൾ അകമഴിഞ്ഞ് സഹായം നൽകാറുണ്ട്.
ഇതിനെല്ലാം സാഹചര്യമൊരുക്കുന്നതും മുന്നിൽ നിൽക്കുന്നതും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവാസി സംഘടന നേതാക്കളും വ്യവസായ പ്രമുഖരുമാണ്. നാട്ടിലെയും നാട്ടുകാരുടെയും പ്രശ്നങ്ങൾ മാതൃകാപരമായി കൈകാര്യം ചെയ്യുന്ന സംഘടന നേതാക്കളും സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യവസായ പ്രമുഖരും നമ്മുടെ ഇടയിലുള്ള ഒരു പ്രശ്നം കാണാതെ പോകുന്നു എന്ന് തോന്നുന്നു, അത് പങ്കുവെക്കാം..
വളരെ കാലമായി നമ്മുടെ സ്ഥാപനങ്ങളിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന, നമ്മുടെ കൂട്ടായ്മകളിൽ പ്രവർത്തിക്കുന്ന 25 -30 അല്ലങ്കിൽ അതിലധികവും വർഷങ്ങളായി ജോലി ചെയ്തിട്ട് ഒരിക്കൽപോലും കുടുംബത്തെ ഒരു ദിവസം പോലും പ്രവാസ ലോകത്തോക്ക് കൊണ്ടുവരാൻ സാധിക്കാത്ത നിർഭാഗ്യരായ ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്.
ഒരു ശരാശരി പ്രവാസിയെപ്പോലെ അവൻ പടുത്തുയർത്തിയത് മറ്റുള്ളവരുടെ സ്വപ്നങ്ങളായിരിക്കും. നാട്ടിലെ വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, മാതാപിതാക്കളുടെ ചികിത്സ... ഒരുപക്ഷേ ഇതെല്ലാം ഇക്കാലയളവിൽ ഭംഗിയായി നടന്നിട്ടുണ്ടാകും.
ഇതിനിടയിൽ തന്റെ സുഖ ദുഃഖത്തോടൊപ്പം സഞ്ചരിച്ച ഭാര്യയെയും മക്കളെയും ഒരു ദിവസമെങ്കിലും ഇവിടെ കൊണ്ടുവന്ന് താമസിപ്പിക്കുക എന്നത് ഇക്കാലമത്രയും അവന്റെ ഉള്ളിലുണ്ടായിരുന്ന നടക്കാതെ പോയ ഒരു വലിയ സ്വപ്നമായിരിയിക്കണം.
നമ്മുടെ ഇടയിലുള്ള ഇക്കൂട്ടരുടെ സ്വപ്നങ്ങളിലേക്ക്, അത് സാക്ഷാത്കരിക്കുന്നതിനായി നമ്മുടെ ആലോചനകളും ചിന്തകളും ഉണ്ടാകേണ്ടതല്ലേ...
മാസാമാസം കിട്ടുന്ന ശമ്പളത്തിൽനിന്ന് സംഘടന പറയുന്ന മാസവരിയും മറ്റ് സഹായങ്ങൾക്കും ആദ്യമേ പണം മാറ്റി വെച്ച് ബാക്കി വരുന്ന തുക നാട്ടിലേക്ക് അയക്കുന്ന പാവപ്പെട്ട പ്രവാസികൾ നമ്മുടെ സംഘടനകളിലും കൂട്ടായ്മകളിലും ഇല്ലേ? ആ പ്രവാസികളിൽ 25, 30 വർഷങ്ങളായി ജോലി ചെയ്തിട്ട് കുടുംബത്തെ ഒരിക്കൽ പോലും കൊണ്ടുവരാൻ സാധിക്കാത്തവർ... അവരെ സംഘടനകളുടെയോ കൂട്ടായ്മകളുടേയോ നേതൃത്വം കണ്ടെത്തി ആ സ്വപ്നം സാധിച്ചു കൊടുക്കാൻ ചെറിയൊരു ശ്രമം നടത്തിയാൽ കഴിയില്ലേ?
ഖത്തറിൽ കുടുംബസമേതം താമസിക്കുന്നവർ അവധിക്ക് നാട്ടിലേക്ക് പോകുന്ന സമയം, നമ്മുടെ ഓഫിസുകളിലും പരിചയക്കാരിലുമുള്ള താഴ്ന്ന വരുമാനക്കാർക്ക് അവരുടെ കുടുംബത്തെ കൊണ്ടുവരാൻ താൽക്കാലികമായി നമ്മുടെ വീട്ടിൽ സാഹചര്യമൊരുക്കി അവരുടെ സ്വപ്നം പൂവണിയിക്കാൻ കഴിയില്ലേ?
ഖത്തറിലും നാട്ടിലും ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്നരുടെ ശ്രദ്ധ താഴ്ന്ന വരുമാനക്കാരായ പ്രവാസികളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ പതിയേണ്ടതല്ലേ..
ഇവിടത്തെ ഒരു സ്വകാര്യ റേഡിയോ സ്റ്റേഷൻ ഞാനും ഞാനുമെന്റാളും എന്ന പ്രോഗ്രാമിലൂടെ 25 -30ഉം വർഷം കഴിഞ്ഞ് ഇണകളെ കൊണ്ടുവരാൻ കഴിയാത്ത പാവപ്പെട്ട പ്രവാസികൾക്കായി പരിമിതമായ നിലയിലെങ്കിലും അവസരം ഒരുക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് അപേക്ഷ അയച്ച സുഹൃത്തിനോട് താങ്കളുടെ അപേക്ഷ അവർ സ്വീകരിച്ചോയെന്ന് ചോദിച്ചപ്പോൾ, അവരുടെ പക്കൽ ഈ ഗണത്തിലുള്ള നൂറുകണക്കിന് അപേക്ഷകളാണ് വന്നിട്ടുള്ളതെന്നും അതിൽനിന്ന് അർഹരായവരെ അവർ തിരഞ്ഞെടുക്കും എന്നാണ് അറിയിച്ചത് -സുഹൃത്ത് പങ്കുവെച്ചു.
ബാധ്യതകളുടെ നടുക്കയത്തിൽ നിൽക്കുമ്പോഴും ഒരിക്കലെങ്കിലും താൻ വിയർപ്പൊഴുക്കുന്ന ഖത്തറെന്ന സുന്ദരമായ മണ്ണിന്റെ സുഗന്ധം കുടുംബത്തെ ആസ്വദിപ്പിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. സാമ്പത്തികമായ പ്രതിസന്ധിയും മറ്റു ചിലവുകളും താങ്ങാൻ കഴിയില്ല എന്ന് തിരിച്ചറിവ് ഉള്ളതുകൊണ്ട് ആ ആഗ്രഹം അങ്ങനെ അവസാനിക്കാറാണ് പതിവ്. നമ്മളുടെ ആലോചനകളിലും ചർച്ചകളിലും ഈ വിഷയം ഉണ്ടാകേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിൽ ചിലർക്കെങ്കിലും ആ സൗഭാഗ്യം ഉണ്ടാക്കി കൊടുക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

