ജനകീയ പ്രവാസി അവകാശരേഖ തയാറാക്കാൻ പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: പ്രവാസികളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജനകീയ പ്രവാസി അവകാശ രേഖ തയാറാക്കുമെന്ന് പ്രവാസി വെൽഫെയർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലക്ഷക്കണക്കിന് പ്രവാസികളുടെ വിയർപ്പും കണ്ണീരും കൊണ്ട് കൂടി നിർമിക്കപ്പെട്ടതാണ് കേരളത്തിന്റെ സമൃദ്ധി. സ്വന്തം മണ്ണ് വിട്ട്, കുടുംബത്തെ പിരിഞ്ഞ്, അന്യദേശങ്ങളിൽ ജീവിതം പണിതുയർത്തിയ പ്രവാസി സഹോദരങ്ങൾ ഇന്ന് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ്,വിശിഷ്യാ ഗള്‍ഫ് പ്രവാസികള്‍. ലോകത്തിന്റെ നാനാകോണുകളിൽനിന്നും പ്രവാസികള്‍ അയക്കുന്ന പണം കേരളത്തിന്റെ വികസനത്തെ ഊട്ടിവളർത്തുന്നു. എന്നിട്ടും പ്രവാസികള്‍ക്ക് നൽകേണ്ട അംഗീകാരവും അവകാശ സംരക്ഷണവും ഇന്നും അപൂർണമായി തുടരുകയാണ്. പ്രവാസിയുടെ ഏറ്റവും അടിസ്ഥാനപരമായ യാത്രാ പ്രശ്നങ്ങള്‍ തൊട്ട് അവന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു രേഖ തയാറാക്കുന്നതിന് വരെ വലിയ രീതിയിലുള്ള പ്രയാസങ്ങള്‍ നേരിടുന്നു. കേരള ജനസംഖ്യയില്‍ നല്ലൊരു ശതമാനം പ്രവാസികളോ അവരുടെ കുടുംബങ്ങളോ ആയിട്ടും അതിനൊരു പ്രത്യേക മന്ത്രാലയമോ ഓരോ രാജ്യങ്ങളിലും എത്ര മലയാളികള്‍ ഉണ്ടെന്ന കണക്കോ ഇല്ല. ഇങ്ങനെ പ്രവാസ ലോകത്ത് നിന്നും അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാറിനു മുന്നിലും പൊതു സമൂഹത്തിനു മുന്നിലും എത്തിക്കാനുള്ള ശ്രമമാണ് ജൂണ്‍ 10 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഈ കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ലോകമെങ്ങും ചിതറിക്കിടക്കുന്ന മലയാളി മനസ്സുകളെ ഒരു പൊതു ലക്ഷ്യത്തിനു ചുറ്റും അണിനിരത്തുന്ന ഒരു ചരിത്രപരമായ ശ്രമമാണിത്. ജനകീയമായി സമാഹരിക്കപ്പെടുന്ന പ്രശ്നങ്ങളും പ്രതീക്ഷകളും ഒരു ജനകീയ പ്രവാസി അവകാശ രേഖയായി ക്രോഡീകരിച്ച്, ജൂണ്‍ അവസാനത്തില്‍ ഖത്തറിലെ പൗരാവലിക്കു മുന്നിലും പുതിയ കേരള സർക്കാറിന്റെ മുന്നിലും സമർപ്പിക്കും.
ജനകീയ പ്രവാസി അവകാശ രേഖ തയാറാക്കാനായി സാമൂഹിക പ്രവര്‍ത്തകരുടെ സംഗമം, സംരംഭകരുടെ സംഗമം, വനിതാ സംഗമം എന്നിവ സംഘടിപ്പിക്കും. സോഷ്യൽ മീഡിയയിലൂടെ പരമാവധി വിവര ശേഖരണം നടത്തും.പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ മൊബൈലില്‍നിന്ന് എളുപ്പത്തില്‍ രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. ഇതിനായി പ്രത്യേക വെബ്പേജ് തുറക്കും. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കുകൂടി ഈ കാമ്പയിനില്‍ ഭാഗമാവാന്‍ കഴിയുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ആര് ചന്ദ്രമോഹന്, വൈസ് പ്രസിഡന്റ് അഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി സി. ഷറഫുദ്ദീന്, മീഡിയ സെക്രട്ടറി റബീഅ് സമാൻ എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

