വിഷുവൊരുക്കത്തിൽ പ്രവാസികൾ
text_fieldsകണിവെള്ളരിയും കണിക്കൊന്നയും സദ്യവട്ടങ്ങളുമായി വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിയ വിപണി. ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നുള്ള ദൃശ്യം
ദോഹ: പെരുന്നാൾ ആഘോഷത്തിന്റെ പകിട്ട് മാറും മുമ്പേ പ്രവാസി മലയാളികൾക്ക് ആഘോഷമായി വിഷുവെത്തുന്നു. മഞ്ഞയിൽ പൂത്തുലഞ്ഞ കൊന്ന മരവും, കണിവെള്ളരിയുമായി ഗൃഹാതുര സ്മരണകളുയർത്തുന്ന വിഷു തിങ്കളാഴ്ചയാണെത്തുന്നത്. എന്നാൽ, ദിവസങ്ങൾക്ക് മുമ്പു തന്നെ വിഷുവിനെ വരവേൽക്കാൻ ഖത്തറിലെ വിപണികൾ സജീവമായി.
രണ്ടാഴ്ച മുമ്പ് പെരുന്നാളും, ഇപ്പോൾ വിഷുവും, തൊട്ടുപിന്നാലെ ഈസ്റ്ററുമായി ഒന്നിച്ചതോടെ പ്രവാസികൾക്ക് ആഘോഷ വാരം കൂടിയാണ്. കണി വിഭവങ്ങളും, സദ്യകൂട്ടുകളും, കണിക്കൊന്നയും ഉൾപ്പെടെയുള്ള വിഷു സ്പെഷ്യലുകളുമായി വിപണി സജീവമായി. പ്രധാന ഹൈപ്പർമാർക്കറ്റുകളായ ലുലു, സഫാരി, ഗ്രാൻഡ് ഉൾപ്പെടെ കേന്ദ്രങ്ങളിൽ വിഷു സ്പെഷ്യൽ വിപണി ഇതിനകം ആരംഭിച്ചു. വിഷു സദ്യയുടെ ബുക്കിങ്ങാണ് ഇപ്പോൾ സജീവമായത്. ഹൈപ്പർമാർക്കറ്റുകൾക്ക് പുറമെ, എണ്ണമറ്റ വിഭവങ്ങളുമായി ഹോട്ടലുകളും സദ്യബുക്കിങ്ങുമായി രംഗത്തുണ്ട്. 20 മുതൽ 35 റിയാൽ വരെ വിവിധ നിരക്കുള്ളിൽ രുചിയേറിയ സദ്യകൾ നിലവില ലഭ്യമാണ്.
22 ഇനം വിഭവങ്ങളുമായി ഗംഭീര വിഷു സദ്യയാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. പാലടപായസം മുതൽ അവിയലും തോരനും കൂട്ടുകറിയും ഉൾപ്പെടെ 29.50 റിയാലാണ് വില. സഫാരി ഹൈപ്പർമാർക്കറ്റിൽ 25 വിഭവങ്ങളുമായി വിഷു സദ്യ 32 റിയാലിന് ലഭ്യമാണ്.
ഇതും ബുക്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് 25വിഭവങ്ങളുമായി 28 റിയാലിനും നൽകുന്നു. ഹോട്ടലുകളിൽ 38 റിയാൽ വരെ വിഷുസദ്യക്ക് ഈടാക്കുന്നുണ്ട്. മുൻകൂർ ബുക്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിഷു ദിനത്തിൽ സദ്യ വിതരണം ചെയ്യുന്നത്.
മലയാളി സമൂഹത്തിൽ നിന്നും മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
കണിക്കൊന്നപ്പൂവ്, വെള്ളരിയും ചക്കയും തേങ്ങയും ഉൾപ്പെടെ വിഷുകണി കിറ്റുകൾ, പച്ചക്കറി കിറ്റുകൾ എന്നിവയും വിഷു വിപണിയുടെ ഭാഗമായി ഹൈപ്പർമാർക്കറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. കസവ് മുണ്ടുകൾ, സാരി, കൂർത്ത തുടങ്ങിയ പരമ്പരാഗത വസ്ത്രങ്ങളുടെയും വിപണി വിഷുവിന് മുന്നോടിയായി സജീവമായി.
ലുലു ഹൈപ്പർമാർക്കറ്റിലെ വിഷു വിപണി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.