ദോഹ: വിവിധ തൊഴില്‍ തസ്തികളിലുള്ളവര്ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി അംഗീകാരം നല്കി. ഇതുപ്രകാരം ലേബര്‍ കോഡിെൻറ പരിരക്ഷയുള്ള തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യത്തിന് പുറത്തേക്കു പോകാനാകും. തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് വേണ്ടതില്ല. ഖത്തര്‍ തൊഴില്‍നിയമത്തിലെ ഏറ്റവും വിവാദമായ ഭാഗമാണ് പുതിയ നിയമത്തിലൂടെ പരിഷ്കരിച്ചിരിക്കുന്നത്. ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണിത്. നിയമത്തിലെ നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഖത്തറിന് പുറത്തേക്കുപോകുന്നതിന് തൊഴിലുടമയില്‍ നിന്നും എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ലേബര്‍കോഡില്‍ കവര്‍ ചെയ്തിരിക്കുന്ന തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റിെൻറ ആവശ്യമില്ല.
ലേബര്കോഡിന് പുറത്തുള്ള തൊഴിലാളികള്‍ക്ക് എക്സിറ്റ് അനുവദിക്കുന്നതിനുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും വിശദമാക്കുന്ന മന്ത്രിതല ഉത്തരവ് ഇതിെൻറ തുടര്‍ച്ചയായുണ്ടാകും. നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ആവശ്യമായിവരുന്ന തൊഴിലാളികളുടെ പേരുകള്‍ അടങ്ങിയ പട്ടിക അംഗീകാരത്തിനായി തൊഴിലുടമക്ക് ഭരണനിര്‍വഹണ തൊഴിൽ സാമൂഹിക കാര്യമന്ത്രാലയത്തിന് സമര്‍പ്പിക്കാവുന്നതാണ്. കമ്പനിയുടെ ആകെ തൊഴില്‍ശക്തിയുടെ അഞ്ചുശതമാനത്തില്‍ കൂടാന്‍ പാടില്ല ഈ തൊഴിലാളികളുടെ എണ്ണമെന്നും പുതിയ നിയമത്തില്‍ നിര്‍ദേശിക്കുന്നു.
പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പര്‍ നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയത്.