എക്സിറ്റ് പെർമിറ്റ് ഒഴിവാക്കിയ പുതിയ നിയമം
text_fieldsദോഹ: എക്സിറ്റ് പെർമിറ്റ് സംവിധാനം നിർത്തലാക്കുന്നത് രാജ്യത്തെ തൊഴിൽഅന്തരീക്ഷം കൂടുതൽ ആരോഗ്യപരമാക്കുമെന്ന് വിലയിരുത്തൽ. മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് വിദേശികൾക്ക് ഖത്തറിെൻറ തീരുമാനം ഉപകാരമാകും. പലകാരണങ്ങളാൽ എക്സിറ്റ് പെർമിറ്റ് ലഭിക്കാത്തതിെൻറ പേരിൽ സ്വന്തം നാട്ടിൽ എത്താൻ കഴിയാത്ത ആളുകൾക്ക് പുതിയ നിയമം ഏറെ പ്രയോജനം ചെയ്യും. അതേസമയം, സർക്കാർ ജീവനക്കാരും വീട്ടുവേലക്കാരും പുതിയ നിയമത്തിെൻറ പരിധിയിൽ വരില്ല. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകിയ നിയമം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെയാണ് പ്രാബല്യത്തിൽ വരിക. അതേസമയം, നിയമം ഏത് രൂപത്തിൽ നടപ്പാക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിദേശികൾക്ക് ഇത് ഉപകാരപ്പെടുക എന്നും വിലയിരുത്തപ്പെടുന്നു.
സാധാരണ തൊഴിലാളികളടക്കമുള്ള നിരവധി വിദേശികളാണ് എക്സിറ്റ് പെർമിറ്റിെൻറ കാര്യത്തിൽ നിലവിൽ പ്രയാസമനുഭവിക്കുന്നത്. ഇന്ത്യൻ എംബസിയിൽ നടക്കുന്ന ഒാപൺ ഹൗസുകളിൽ ഇത്തരത്തിലുള്ള പരാതികളാണ് ഏറെയും. വാഗ്ദാനം ചെയ്യുന്ന ജോലിയോ താമസസൗകര്യമോ ഭക്ഷണം പോലുമോ ഇല്ലാതെ ഖത്തറിലെത്തുന്ന വിദേശികൾ കഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. ഇവർക്ക് തൊഴിൽ ഉടമ എക്സിറ്റ് പെർമിറ്റ് നൽകാത്തതിനാൽ നാട്ടിലേക്ക് തിരിച്ചുപോകാനും കഴിയുന്നില്ല. ഇൗ അവസ്ഥക്ക് പുതിയ നിയമം മാറ്റംവരുത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, നിയമം പാലിച്ച് സ്ഥാപനങ്ങൾ നടത്തുന്നവരെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. മൊത്തം ജീവനക്കാരിൽ അഞ്ച്ശതമാനം ആളുകൾക്ക് രാജ്യം വിടാൻ തെൻറ നോ ഒബ്ജക്ഷൻ വേണമെന്ന് കമ്പനി ഉടമക്ക് തൊഴിൽ മന്ത്രാലയത്തിനോട് ശിപാർശചെയ്യാം.
കമ്പനിയുടെ മുഖ്യചുമതല വഹിക്കുന്ന ആളുകളെ ആയിരിക്കും ഉടമ ഇൗ ഗണത്തിൽ ഉൾപ്പെടുത്തുക. എന്നാൽ ഉന്നത തസ്തികയിൽ ഉള്ള പല ജീവനക്കാരുടെയും വിസയിൽ ആ തസ്തിക ആയിരിക്കില്ല ഉണ്ടാവുക. ഉടമ അറിയാതെയോ, തട്ടിപ്പ് നടത്തിയോ രക്ഷപ്പെടുന്നവർക്ക് തടസങ്ങളില്ലാതെ രാജ്യം വിടാനാകുമെന്ന സ്ഥിതിയുണ്ടാവുമോ എന്ന ആശങ്കയും പങ്കുവെക്കപ്പെടുന്നുണ്ട്. വിവിധ തൊഴില്‍ തസ്തികളിലുള്ളവര്ക്ക് തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് പോകാനുള്ള എക്സിറ്റ് പെര്‍മിറ്റ് (ഖുറൂജ്) സംവിധാനമാണ് ഖത്തർ ഒഴിവാക്കിയത്. തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് വേണ്ട. 2018ലെ 13ാം നമ്പര്‍ പുതിയ നിയമത്തിനാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി അംഗീകാരം നല്‍കിയത്. നിയമത്തിലെ മുൻവ്യവസ്ഥ പ്രകാരം രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഖത്തറിന് പുറത്തേക്കുപോകുന്നതിന് തൊഴിലുടമയില്‍ നിന്ന് എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു.
എന്നാല്‍ പുതിയ നിയമപ്രകാരം ലേബര്‍ കോഡിെൻറ പരിരക്ഷയുള്ള തൊഴിലാളികള്‍ക്ക് ഇത് വേണ്ട. ലേബർ കോഡ് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണം. രാജ്യത്തിന് പുറത്തേക്ക് പോകാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്ന തെൻറ കീഴിലുള്ള അഞ്ചുശതമാനം ജീവനക്കാരുടെ പേര് തൊഴിലുടമക്ക് ഭരണനിര്‍വഹണ തൊഴിൽ സാമൂഹിക കാര്യമന്ത്രാലയത്തിന് സമര്‍പ്പിക്കാം. കമ്പനിയിൽ നൂറുജീവനക്കാരുണ്ടെങ്കിൽ അഞ്ച് ജീവനക്കാർക്ക് തെൻറ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന് കമ്പനി ഉടമക്ക് നിർദേശിക്കാം. എന്നാൽ ഇത് അഞ്ചുപേരിൽ കൂടാൻ പാടില്ല. ഇൗ പട്ടിക നേരത്തേ തന്നെ സമർപ്പിക്കുകയും വേണം. ഒരു കമ്പനിയുടെ പ്രധാനപ്പെട്ട തസ്തികയിൽ ജോലി ചെയ്യുന്നവർ ഒരേ സമയം ഖത്തർ വിടുന്ന സന്ദർഭത്തിൽ കമ്പനിയുടെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥ ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ ഒരു ചട്ടം പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചത്. ഏതെങ്കിലും ജീവനക്കാരന് രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ അയാൾക്ക് എക്സ്പാട്രിയേറ്റ്സ് എക്സിറ്റ് ഗ്രിവൻസ് കമ്മിറ്റിയെ സമീപിക്കുകയും ചെയ്യാം. കമ്മിറ്റി മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമെടുക്കും. കമ്മിറ്റിയുടെ രൂപവത്കരണം, പ്രവർത്തന രീതികൾ, ചുമതലകൾ തുടങ്ങിയവ സംബന്ധിച്ച് ആഭ്യന്തരമന്ത്രിയാണ് തീരുമാനമെടുക്കുക. ഇത് വരുന്നതോടെ പുതിയ നിയമം സംബന്ധിച്ച് കൂടുതൽ വിശദവിവരങ്ങൾ അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
