ഖത്തർ മ്യൂസിയത്തിൽ ഇനി പ്രദർശനങ്ങളുടെ വസന്തകാലം
text_fieldsഖത്തരി ആർട്ടിസ്റ്റ് ഹിന്ദ് അൽ ഉബൈദലിയുടെ രചന
ദോഹ: ഈ വർഷത്തെ വസന്തകാലത്തേക്കുള്ള (ഫാൾ 2023) പ്രദർശനങ്ങൾ പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയം. സെപ്റ്റംബറിൽ ആരംഭിക്കുന്ന വൈവിധ്യമാർന്ന പ്രദർശനങ്ങൾ മാസങ്ങൾ നീണ്ടുനിൽക്കും. ലോകമെമ്പാടുമുള്ള കലാകാരന്മാർ, സംസ്കാരങ്ങൾ, കലാരൂപങ്ങൾ എന്നിവയെല്ലാം പ്രദർശനങ്ങളുടെ ഭാഗമാകും. വർഷം മുഴുവൻ ഖത്തറിലെ സാംസ്കാരിക പ്രവർത്തനങ്ങളുടെ വൈവിധ്യം രൂപകൽപന ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ദേശീയ സാംസ്കാരിക പ്രസ്ഥാനമായ ഖത്തർ ക്രിയേറ്റ്സിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ദോഹയിലുടനീളമുള്ള മ്യൂസിയങ്ങളിലും ഗാലറികളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമായാണ് പ്രദർശനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നത്.
ഖത്തർ നാഷനൽ മ്യൂസിയത്തിലെ ദി ഷേപ് ഓഫ് ടൈം
മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയത്തിൽ നിന്നുള്ള ‘കലയും പൂർവികരും’ എന്ന പ്രമേയത്തിൽ ഖത്തർ നാഷനൽ മ്യൂസിയത്തിലെ ‘ദി ഷേപ് ഓഫ് ടൈം’ പ്രദർശനത്തിൽ പസിഫിക് ദ്വീപുവാസികളുടെ പരസ്പരബന്ധവും അവരുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും അവതരിപ്പിക്കും. മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയത്തിന്റെ ഓഷ്യനിക് ശേഖരത്തിൽനിന്നുള്ള 130 സൃഷ്ടികൾ ഒരു നൂറ്റാണ്ടിനിടെ ആദ്യമായി ദി മെറ്റിന്റെ മതിലുകൾ കടന്ന് ഖത്തറിലെത്തും. നാല് നൂറ്റാണ്ടുകൾ പഴക്കമുള്ള ദ്വീപുനിവാസികളുടെ ജീവിതവും കല, സംസ്കാരം എന്നിവയും പ്രകടമാക്കിക്കൊണ്ട് വോയേജിങ്, ആൻസസ്റ്റേഴ്സ്, ടൈം എന്നീ തീമുകളിലാണ് പ്രദർശനം. ഒക്ടോബർ 24ന് ആരംഭിക്കുന്ന പ്രദർശനം 2024 ജനുവരി 25ന് അവസാനിക്കും.
കോഫിയുടെയും ഖഹ്വയുടെയും കഥ
ഖത്തർ-ഇന്തോനേഷ്യ സാംസ്കാരിക വർഷം 2023ന്റെ ഭാഗമായി ഖത്തറിലെയും ഇന്തോനേഷ്യയിലെയും കാപ്പിയുടെ കഥ പറയുന്ന പ്രദർശനം. ഇന്തോനേഷ്യയിലെ ദേശീയ മ്യൂസിയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോഫി എക്സിബിഷൻ ഇരുരാജ്യങ്ങളിലെയും പരമ്പരാഗതവും കാലികവുമായ കോഫി സംസ്കാരങ്ങളെ കാഴ്ചക്കാരനിലെത്തിക്കുന്നു. ഖത്തറിലെയും ഇന്തോനേഷ്യയിലെയും കാപ്പി വളർത്തലും സംസ്കരണവും പാചകവും ഉൾപ്പെടെ പ്രക്രിയകളും, അത് സൃഷ്ടിക്കുന്ന സാമൂഹിക ബന്ധങ്ങളെയും പ്രദർശനം വിശകലനം ചെയ്യും. പ്രാദേശിക ഉദാഹരണങ്ങളിലൂടെയുള്ള ഈ പ്രദർശനം ലോകമെമ്പാടുമുള്ള സാംസ്കാരിക പ്രേമികൾക്കും കാപ്പി പ്രേമികൾക്കും പുതിയ അനുഭവം സമ്മാനിക്കും. ഒക്ടോബർ 24 മുതൽ 2024 ഫെബ്രുവരി 17 വരെ ഖത്തർ നാഷണൽ മ്യൂസിയത്തിലാണ് പ്രദർശനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഡാൻ ഫ്ലാവിൻ- ഡൊണാൾഡ് ജൂഡ്: ദോഹ
മിനിമലിസത്തിന്റെ ഏറ്റവും സ്വാധീനമുള്ള രണ്ട് വ്യക്തികളായ ഡാൻ ഫ്ലാവിന്റെയും ഡോണൾഡ് ജൂഡിന്റെയും സൃഷ്ടികളുടെ പ്രദർശനത്തിന് ക്യു.എം ഗാലറി അൽ റിവാഖ് വേദിയാകും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രദർശനം ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ അവരുടെ കലാപരമായ സംഭാഷണത്തെ പരിഗണിച്ചുകൊണ്ടുള്ള ആദ്യത്തെ പ്രധാന മ്യൂസിയം അവതരണമായിരിക്കും. മൈക്കൽ ഗോവനും ജെനിഫർ കിങ്ങും ചേർന്ന് ക്യുറേറ്റ് ചെയ്തതും ലോസ് ആഞ്ജലസ് കൗണ്ടി ആർട്ട് മ്യൂസിയം (ലാക്മ) ഖത്തർ മ്യൂസിയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്നതുമായ പ്രദർശനത്തിൽ 196 മുതൽ 1990 വരെയുള്ള കാലയളവിൽ ഖത്തർ മ്യൂസിയങ്ങളുടെ ശേഖരത്തിൽനിന്ന് വരച്ച സൃഷ്ടികളും, മറ്റു സ്ഥാപനങ്ങൾ, സ്വകാര്യ ശേഖരങ്ങൾ, ഡാൻ ഫ്ലാവിൻ എസ്റ്റേറ്റ്, ജൂഡ് ഫൗണ്ടേഷൻ എന്നിവയിൽനിന്നുള്ള പ്രധാന സൃഷ്ടികളും പ്രദർശിപ്പിക്കും. ക്യു.എം ഗാലറി അൽ റിവാഖിൽ ഒക്ടോബർ 25 മുതൽ 2024 ഫെബ്രുവരി 24 വരെയായിരിക്കും പ്രദർശനം.
സിറ്റീസ് അണ്ടർ ക്വാറന്റൈൻ
മഹാമാരിയുടെ കാലത്തെ ഏകാന്തവാസത്തിൽ ബെയ്റൂത്തിലെ വീട്ടിൽ വെച്ച് ആബിദ് അൽ കാദിരി കൈകൊണ്ട് തുന്നിയതും നിർമിച്ചതുമായ 57 സൃഷ്ടികളുടെ പ്രദർശനം. 2021ൽ വില്ല റൊമാനയിലും ഇറ്റലിയിലെ ഫ്ലോറൻസിലുമായി പ്രോജക്ട് യാഥാർഥ്യമാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.
ഓക്ടോബർ 26 മുതൽ അടുത്ത വർഷം മാർച്ച് അഞ്ചുവരെ മത്ഹഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
മാൽ ലവാൽ 4
പ്രാദേശിക, അന്തർദേശീയ പ്രദർശകരുടെ ശേഖരങ്ങളിൽ നിന്നുള്ള സൃഷ്ടികൾ പ്രദർശിപ്പിക്കാനും അവരുടെ കഥകൾ പൊതുജനവുമായി പങ്കിടാനുമുള്ള അവസരമാണ് ദ്വൈവാർഷിക പ്രദർശനമായ മാൽ ലവാൽ. ഖത്തർ മ്യൂസിയം ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനിയാണ് മാൽ ലവാലിന് രൂപം നൽകിയത്.
1990ൽ ശ്രദ്ധ കേന്ദ്രീകരിച്ച് മാൽ ലവാലിന്റെ നാലാമത് പതിപ്പിൽ ഗെയിമിന്റെ ചരിത്രത്തിലേക്കുള്ള അന്വേഷണമാണ് നടക്കുന്നത്. പഴയകാല ഗെയിമുകളിൽ നിന്നും നൂതന ഗ്രാഫിക് ഗെയിമിങ്ങിലേക്കുള്ള പ്രയാണത്തെ പ്രദർശനം അടയാളപ്പെടുത്തും. തങ്ങളുടെ അപൂർവ ശേഖരങ്ങളിലൂടെ ഈ നിർണായക സമയത്തിന്റെ ഓർമകൾ എങ്ങനെ സംരക്ഷിച്ചുവെന്ന് പ്രേക്ഷകരോട് സംവദിക്കുകയാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷം ഡിസംബർ 20 മുതൽ 2024 ജനുവരി അവസാനംവരെ ഖത്തർ നാഷനൽ മ്യൂസിയത്തിലാണ് പ്രദർശനം.
മാസ്റ്റർ പീസസ് ഓഫ് ഫർണിച്ചർ ഡിസൈൻ പ്രദർശനത്തിൽനിന്ന്
മാസ്റ്റർ പീസസ് ഓഫ് ഫർണിച്ചർ ഡിസൈൻ
ഖത്തർ മ്യൂസിയവും ജർമനിയിൽ നിന്നുള്ള വിട്ര ഡിസൈൻ മ്യൂസിയവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രത്യേക പ്രദർശനം. 200 വർഷത്തെ രൂപകൽപനയിൽ വ്യാപിച്ചുകിടക്കുന്ന 50ലധികം ഐക്കണിക് ഭാഗങ്ങൾ ഉൾപ്പെടുന്നു. പ്രശസ്തമായ വിട്ര ഡിസൈൻ മ്യൂസിയം ശേഖരത്തിൽ നിന്നുള്ള അൽവാർ ആൾട്ടോ, ലെ കോർബ്യൂസിയർ, ചാൾസ് ആൻഡ് റേ ഇംസ്, ഷാർലെറ്റ് പെരിയാൻഡ്, വിർജിൽ അബ്ലോ തുടങ്ങിയ പ്രമുഖ ഡിസൈനർമാരുടെ യഥാർഥ സൃഷ്ടികൾ ഉൾപ്പെടെ ആധുനിക സൃഷ്ടികൾ ഉൾപ്പെടും. ഫർണിച്ചർ ഡിസൈനിനെക്കുറിച്ച് ഏറ്റവും സമഗ്രമായ പുസ്തകമായ എൻസൈക്ലോപീഡിക് അറ്റ്ലസും പ്രദർശനത്തിനെത്തും. സെപ്റ്റംബർ എട്ടു മുതൽ ഡിസംബർ ഒമ്പതു വരെ മുശൈരിബ് ഡൗൺടൗണിലെ എം7 മ്യൂസിയത്തിലാണ് പ്രദർശനം.
ദി പ്രസന്റ്’ പ്രദർശനത്തിൽ സിമോൺ മോർട്ടിമറിന്റെ സൃഷ്ടി
ദി പ്രസന്റ്: ദി ഫ്യൂച്ചർ ഓഫ് ദി പാസ്റ്റ്
ഖത്തറിൽ താമസിക്കുന്ന 31 കലാകാരന്മാരുടെ സൃഷ്ടികളുമായാണ് ‘ദി പ്രസന്റ്’ പ്രദർശനം ഒരുക്കുന്നത്. പുതിയ കലാസൃഷ്ടികളോടൊപ്പം കലാകാരന്മാരുടെ സ്റ്റുഡിയോ പരിശീലനത്തിലേക്കുള്ള കാഴ്ച നൽകുന്നതാവും പ്രദർശനം. ഈ വർഷം ആഗസ്റ്റ് 31 മുതൽ ഡിസംബർ 12 വരെ ഫയർ സ്റ്റേഷൻ: ആർട്ടിസ്റ്റ് ഇൻ റെസിഡൻസിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

