പരിസ്ഥിതി ബോധവത്കരണവുമായി കതാറയിൽ പ്രദർശനം
text_fieldsകതാറ കൾചറൽ വില്ലേജിൽ ആരംഭിച്ച ‘പ്ലാസ്റ്റിക് സീസ്’ പ്രദർശനം ഉദ്ഘാടനം ചെയ്തശേഷം ഡോ. അബ്ദുൽ ലത്തീഫ് അൽ ഖാൽ, ഇറ്റാലിയൻ അംബാസഡർ അലെസാന്ദ്രേ പ്രൂണാസ് എന്നിവർ
ദോഹ: കടൽ പരിസ്ഥിതിക്ക് ദോഷകരമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണം മുന്നോട്ടുവെച്ചും പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശമുയർത്തിയും കതാറയിൽ 'പ്ലാസ്റ്റിക് സീസ്: ഇക്കോ-ഫേബൽസ് ഒാൺ ഷോ' പ്രദർശനത്തിന് തുടക്കമായി. ഖത്തരി കലാകാരിയായ ഫാത്തിമ മുഹമ്മദും ഇറ്റാലിയൻ കലാകാരിയായ എലിസെബത്ത വരിനും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കതാറയിൽ നടന്ന പ്രദർശനത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ ഖത്തറിലെ ഇറ്റാലിയൻ അംബാസഡർ അലെസാേന്ദ്ര പ്രുണാസ്, ദോഹയിലെ യുനെസ്കോ റീജനൽ ഓഫിസ് മേധാവി അന്ന പൗളിനി, ദേശീയ സാംക്രമികരോഗ മുന്നൊരുക്കസമിതി അധ്യക്ഷനും എച്ച്.എം.സി പകർച്ചവ്യാധി രോഗവിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇറ്റാലിയൻ എംബസിയുടെ സഹകരണത്തോടെ കതാറയിലെ 19ാം നമ്പർ കെട്ടിടത്തിലാണ് പ്രദർശനം. സമുദ്രങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിെൻറ പ്രാധാന്യവും കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അപകടവും വ്യക്തമാക്കുന്ന വൈജ്ഞാനിക, ബോധവത്കരണ പ്രദർശനത്തിനാണ് കതാറയിൽ തുടക്കംകുറിച്ചിരിക്കുന്നതെന്ന് കതാറ ജനറൽ മാനേജർ പ്രഫ. ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനഃചംക്രമണം സംബന്ധിച്ച് പ്രദർശനം ഏറെ മുന്നിട്ടുനിൽക്കുന്നുവെന്നും കലയിലൂടെയും ക്രിയാത്മക പ്രവർത്തനങ്ങളിലൂടെയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കതാറ ഏറെ താൽപര്യത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഡോ. അൽ സുലൈതി വ്യക്തമാക്കി.
പരിസ്ഥിതിയുടെ നാശവും കാലാവസ്ഥാ വ്യതിയാനവും നിരവധി സമൂഹങ്ങളുട നിലനിൽപിന് ഭീഷണിയാണെന്നും ഇനിയും സമയം മുന്നോട്ടുപോകുന്നതിന് മുമ്പായി ഈ വിഷയങ്ങളെ അന്താരാഷ്ട്ര സമൂഹം ഗൗരവത്തിൽ അഭിമുഖീകരിച്ച് നടപടികൾ കൈക്കൊള്ളണമെന്നും ഇറ്റാലിയൻ അംബാസഡർ അലെസാേന്ദ്രാ പ്രുണാസ് പറഞ്ഞു. പ്രദർശനത്തിന് എല്ലാ പിന്തുണയും നൽകിയ കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷെൻറ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രദർശനം അതിെൻറ സന്ദേശംകൊണ്ട് ഏറെ മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകജനത നേരിടുന്ന പ്രധാനപ്പെട്ട രണ്ടു പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുന്ന രണ്ട് കലാകാരികളുടെ പ്രദർശനമാണിതെന്ന് ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു.