ഫലസ്തീൻ പൈതൃകാഘോഷമാവാൻ മുശൈരിബ് മ്യൂസിയത്തിൽ പ്രദർശനം
text_fieldsമുശെരിബ് മ്യുസിയത്തിലെ ബിൻ ജൽമൂദ് ഹൗസ്
ദോഹ: ഫലസ്തീൻ സ്വത്വത്തെയും പൈതൃകത്തെയും ആഘോഷിക്കുന്ന കലാസൃഷ്ടികൾ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ‘മെമ്മറി ഓഫ് ദ ലാൻഡ്’ പ്രദർശനവുമായി മുശൈരിബ് മ്യൂസിയം. ജനുവരി 22 മുതൽ മുശൈരിബ് മ്യൂസിയത്തിലെ ബിൻ ജൽമൂദ് ഹൗസിലാണ് പ്രദർശനം. മാനുഷിക വിഷയങ്ങളിൽ പിന്തുണ നൽകുന്നതോടൊപ്പം ഫലസ്തീന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള കൂട്ടായ ശ്രമങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ഫലസ്തീന് പുറമേ, ജോർഡൻ, തുനീഷ്യ, അൽജീരിയ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 12 കലാകാരന്മാരാണ് പ്രദർശനത്തിൽ അണിനിരക്കുന്നത്. നാടോടി ഗാനങ്ങളും എംബ്രോയ്ഡറിയും മുതൽ തിരക്കേറിയ വിപണികളുടെയും ചരിത്രപരമായ വാസ്തുവിദ്യയുടെയും ചിത്രീകരണം വരെയുള്ളവ കോർത്തിണക്കിയുള്ള കലാസൃഷ്ടി ഫലസ്തീന്റെ പ്രതിരോധത്തെക്കൂടി കാഴ്ചക്കാരന് മുന്നിൽ അവതരിപ്പിക്കും. ഓരോ ചിത്രത്തിനും ഫലസ്തീന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്ന ഒരു കഥ സന്ദർശകർക്ക് മുന്നിൽ പറയാനുണ്ട്.
അന്താരാഷ്ട്ര ശ്രദ്ധ നേടിയ ‘ഫോർ ദ ഫലസ്തീൻ ചിൽഡ്രൻസ്’ എന്ന ചാരിറ്റി പ്രദർശനത്തിന് ശേഷം സംരക്ഷിക്കേണ്ടതിന്റെയും പുനർനിർമിക്കേണ്ടതിന്റെയും ആവശ്യകത ഉയർത്തുന്ന ‘മെമ്മറി ഓഫ് ദി ലാൻഡ്’ പ്രദർശനം മുശൈരിബിൽ ആരംഭിക്കുകയാണെന്ന് മുശൈരിബ് മ്യൂസിയം ജനറൽ മാനേജർ അബ്ദുല്ല അൽ നഅ്മ പറഞ്ഞു.
ജോർദാനിൽ നിന്നുള്ള സഫാ സലാമ, മുഹമ്മദ് അക്ലീക്, തുനീഷ്യയിൽ നിന്നുള്ള അസല ഷൗക്ക്, നൊഹാ അൽ ഹബീബ്, അൽജീരിയക്കാരൻ തൗഫീഖ് മുബാറകി, സിറിയയിലെ മുഹമ്മദ് കഅ്ഖി തുടങ്ങിയ പ്രമുഖരുടെ സൃഷ്ടികളാണ് പ്രദർശനത്തിനെത്തുക. പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക കലണ്ടർ പതിപ്പുകൾ സന്ദർശകർക്ക് വാങ്ങാനുള്ള അവസരവുമുണ്ട്.
ഇതിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കാനാണ് തീരുമാനം. പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 2025 ജനുവരി 21ന് വൈകീട്ട്, ഏഴിന് നിർവഹിക്കും. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

