ഭിന്നശേഷിക്കാർക്കും വയോധികർക്കും സർക്കാർ ഫീസുകളിൽ ഇളവ്
text_fieldsദോഹ: ഭിന്നശേഷിക്കാരും, വിരമിച്ചവരും, മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ളവർക്ക് സർക്കാർ സർവിസുകളിൽ ഫീസ് ഇളവുകൾ. സാങ്കേതിക സമിതിയുടെ റിപ്പോർട്ടിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അനുമതി നൽകിയതിനു പിന്നാലെ വിവിധ മന്ത്രാലയങ്ങളിലെ ഫീസ് ഇളവ് സംബന്ധിച്ച് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് സെക്രട്ടേറിയറ്റ് ജനറൽ അറിയിപ്പ് പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ റസിഡന്റ്സ് പെർമിറ്റ്, ട്രാഫിക് വിഭാഗം സംബന്ധിച്ച ഫീസുകൾ ഉൾപ്പെടെ ഇളവുകൾ നൽകാനാണ് തീരുമാനം.
ഭിന്നശേഷിക്കാർ, സാമൂഹിക സുരക്ഷ ഗുണഭോക്താക്കൾ, സർവിസുകളിൽനിന്നും വിരമിച്ചവർ, മുതിർന്ന പൗരന്മാർ എന്നിവർ സർക്കാർ ഫീസുകളിൽ ഇളവുകൾക്ക് അർഹരാകും.
വിവിധ മന്ത്രാലയങ്ങൾക്കു കീഴിലെ സേവനങ്ങളുടെ ഫീസ് ഇളവ് സംബന്ധിച്ച് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ജനറൽ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ റസിഡൻസി പെർമിറ്റ്, ട്രാഫിക് വിഭാഗം സംബന്ധിച്ച ആവശ്യങ്ങൾക്ക് ഈ വിഭാഗങ്ങൾക്ക് ഫീസ് ഇളവ് നൽകും. വിദേശകാര്യ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നീതിന്യായം, വാണിജ്യ-വ്യവസായ മന്ത്രാലയം എന്നിവയുടെ തിരഞ്ഞെടുത്ത സേവനങ്ങളിലാണ് ഇളവുകൾ നൽകുന്നത്.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ചില സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളിലെ ഫീസ് ഒഴിവാക്കുന്നതിനും ഇളവ് നൽകുന്നതിനുമുള്ള സാധ്യതയെക്കുറിച്ച് പഠിച്ച സാങ്കേതിക സമിതിയുടെ ശിപാർശകൾ അംഗീകരിക്കാൻ തീരുമാനിച്ചത്.
മന്ത്രാലയങ്ങളും ഫീസ് ഇളവുകളും
ആഭ്യന്തര മന്ത്രാലയം: ഭിന്നശേഷിക്കാർ,സാമൂഹിക സുരക്ഷ ഗുണഭോക്താക്കൾ, സർവിസുകളിൽനിന്നും വിരമിച്ചവർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് ചില റസിഡൻസി പെർമിറ്റ്, ട്രാഫിക് വിഭാഗ സേവനങ്ങൾ എന്നിവയിൽ ഫീസിളവോ, ഒഴിവോ നൽകും.
വിദേശകാര്യമന്ത്രാലയം : വാണിജ്യേതര ഡോക്യുമെന്റ് അറ്റസ്റ്റേഷൻ ഫീസിൽനിന്നും വൈകല്യമുള്ളവരെയും സാമൂഹിക സുരക്ഷ സ്വീകർത്താക്കളെയും ഒഴിവാക്കി. അതേസമയം, മുതിർന്നവർക്കും വിരമിച്ചവർക്കും 50 ശതമാനം വരെ ഫീസിൽ ഡിസ്കൗണ്ട് നൽകും.
മുനിസിപ്പാലിറ്റി മന്ത്രാലയം: ഭിന്നശേഷിക്കാർ, പ്രായമായവർ, വിരമിച്ചവർ എന്നിവർക്ക് പൊതു പാർക്കിങ്ങിലും, പാർക്കുകളിലും ഫീസ് ആവശ്യമില്ല.
ആരോഗ്യ മന്ത്രാലയം: ഹെൽത്ത് കാർഡ് അനുവദിക്കുന്നതിനുള്ള ഫീസ് എല്ലാ വിഭാഗക്കാർക്കും ഒഴിവാക്കി.
നീതിന്യായ മന്ത്രാലയം: മന്ത്രാലയ ജീവനക്കാരുടെ ഓഫ് സൈറ്റ് സർവിസ് ഫീസിൽ ഭിന്നശേഷിക്കാർക്കും, സാമൂഹിക സുരക്ഷ ഗുണഭോക്താക്കൾക്കും ഒഴിവാക്കി. മുതിർന്നവർക്കും വിരമിച്ചവർക്കും 200 റിയാലായി നിശ്ചയിച്ചു.
വാണിജ്യ മന്ത്രാലയം: തംവീൻ കാർഡ് അനുവദിക്കുന്നതിനുള്ള ഫീസിൽനിന്ന് മുകളിൽ പറഞ്ഞ എല്ലാ വിഭാഗത്തെയും ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

