അമിതഭാരമായി ഉയർന്ന വാടക
text_fieldsദോഹയിലെ അൽ മൻസൂറ സ്ട്രീറ്റ് ചിത്രം• മുഹമ്മദ് സിദ്ദീഖ് മാഹി
ദോഹ: കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതത്തിൽ നിന്നും പൂർണമായും കരകയാറാതെ വലയുന്ന രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് ഉയർന്ന വാടക നിരക്ക് വലിയ ഭാരമാകുന്നതായി പരാതി. ലോകത്ത് വലിയ സാമ്പത്തിക തളർച്ചക്ക് വഴിയൊരുക്കിയ കോവിഡ് കാരണമുണ്ടായ നഷ്ടത്തിൽ നിന്ന് ചെറുകിട വ്യാപാരികൾ 50 ശതമാനം പോലും മുക്തമായിട്ടില്ലെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അധിക തലവേദനയായി ഉയർന്ന വാടക നിരക്കും വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചില വ്യാപാരങ്ങൾക്കേർപ്പെടുത്തിയ വിലക്കുകളും കാരണം വലിയ നഷ്ടമാണുണ്ടാക്കിയതും വരുമാനത്തെ വലിയ തോതിൽ അത് ബാധിച്ചുവെന്ന് വ്യാപാരികൾ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുമ്പോഴും മഹാമാരിയുടെ ആഘാതത്തിൽ നിന്നും കരകയറാനാകാതെ കിതക്കുകയാണെന്ന് ചെറുകിട വ്യാപാരികൾ വ്യക്തമാക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വ്യാപാരികൾക്കാണ് താങ്ങനാവാത്ത വാടകയുടെ ഭാരം പേറുന്നത്.
ബാർബർ ഷോപ്പുകൾ, ഹാർഡ്വെയർ സ്ഥാപനങ്ങൾ, ടീ സ്്റ്റാളുകൾ, റെസ്റ്റോറൻറുകൾ, പലചരക്ക് സ്ഥാപനങ്ങൾ, കഫ്റ്റീരിയ തുടങ്ങിയ മേഖലകളാണ് ഏറ്റവും കൂടുതൽ ദുരിതം പേറുന്നത്. 2020ൽ ഏറെ പ്രയാസപ്പെട്ട ഈ വിഭാഗങ്ങൾ ഇപ്പോൾ, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകപ്പെടുകയും, രാജ്യത്തെ വ്യാപാര-വ്യവസായ മേഖല പഴയ താളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തതോടെ തിരിച്ചുവരവിൻെറ പാതയിലാണിപ്പോൾ.
അതേമസയം, പ്രതിസന്ധി കാലത്ത് ചില കെട്ടിട ഉടമകൾ മൂന്നുമാസം വരെ വാടകയിൽ ഇളവു നൽകിയതായി കച്ചവടക്കാരെ ഉദ്ധരിച്ച് 'ഗൾഫ് ടൈംസ്' റിപ്പോർട്ട് ചെയ്തു. ഐൻഖാലിദിൽ 22,000 റിയാൽ വാടക നൽകിയ ഹോട്ടൽ വ്യാപാരി നഷ്ടത്തിലായതോടെ, കഴിഞ്ഞ വർഷാവസാനം കടതന്നെ പൂട്ടിയാണ് രക്ഷപ്പെട്ടത്. കടഅടച്ചിട്ട കാലത്തും വാടക ഇളവില്ലാതെ തന്നെ ഈടാക്കിയതായി മതാർഖദീമിൽ ദീർഘകാലമായി ബാർബർഷോപ്പ് നടത്തുന്ന വ്യക്തി പറയുന്നു. മൂന്നാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് ഇവർ കട തുറക്കാൻ ആരംഭിച്ചത്. ആൾതിരക്കേറിയ പ്രധാന ബിസിനസ് കേന്ദ്രങ്ങളിലൊന്നായ നജ്മയിൽ നിന്നുള്ള കച്ചവടക്കാരും ഇതേ പരാതികൾ ഉന്നയിക്കുന്നു. പൊതുവിൽ മാർക്കറ്റ് ഇടിഞ്ഞിട്ടും വാടക ഇനത്തിൽ കുറവിനോ, ഇളവിനോ കെട്ടിട ഉടമകൾ തയ്യാറാകുന്നില്ലെന്നാണ് പരാതി. മാത്രമല്ല, പുതുതായി സ്ഥാപനങ്ങൾ തുറക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നും 23,000 റിയാൽ വരെ വാടകയും ആവശ്യപ്പെടുന്നതായി കച്ചവടക്കാർ ആക്ഷേപമുന്നയിക്കുന്നു. ഇൻഡസ്ട്രിയൽ ഏരിയയിൽ വാഹന സർവീസ് ഗാരേജ് നടത്തുന്നയാൾക്കുമുണ്ട് വാടകയുടെ അമിതഭാരത്തെ കുറിച്ച് ആശങ്ക പങ്കുവെക്കാൻ. സെമി ഓപൺ സ്പേസ് ഗാരേജിനായി എല്ലാ മാസവും 30,000 റിയാൽ വാടക നൽകാൻ പ്രയാസപ്പെടുന്നതായി അദ്ദേഹം പറയുന്നു. ബ്രിട്ടൻ ആസ്ഥാനമായ 'മണി ഡോട് കോ ഡോട് യുകെ'യുടെ പഠനം പ്രകാരം ഖത്തറിെല ഒരാളുടെ വരുമാനത്തിൽ 43.7 ശതമാനവും വാടകക്കായി നൽകുന്നുവെന്നാണ് കണ്ടെത്തുന്നത്. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതങ്ങളെ മറികടക്കുന്നതിനായി സർക്കാർ തലത്തിൽ നിരവധി ഇടപെടലുകളും ഇളവുകളുമാണ് ജനങ്ങൾക്കായി പ്രഖ്യാപിച്ചത്. സ്വകാര്യ സ് ഥാപനങ്ങൾക്കായി ഖത്തർ സർക്കാർ 7500 കോടി റിയാലാണ് പ്രഖ്യാപിച്ചത്. ബാങ്കുകൾക്ക് ലോൺ തിരിച്ചടവുകൾ നീട്ടി വെക്കാൻ ഖത്തർ സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകൾക്കും ധാനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു. സ്റ്റോക് എക്സ്ചേഞ്ചിൽ 1000 കോടി റിയാലാണ് സർക്കാർ ഫണ്ട് വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

