സി.ബി.എസ്.ഇ പത്താം ക്ലാസ് പ്രവാസി വിദ്യാർഥികൾക്ക് മികച്ച വിജയം
text_fieldsദോഹ: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസി വിദ്യാർഥികൾക്ക് മികച്ച വിജയം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പരീക്ഷ എഴുതിയ വിദ്യാർഥികളാണ് ഉന്നത സ്കോറുകൾ കരസ്ഥമാക്കി വിജയം സ്വന്തമാക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഖത്തർ, കുവൈത്ത്, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി 28 വരെ നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിൽ പ്രത്യേക മൂല്യനിർണയ രീതി ഉപയോഗിച്ചാണ് ഫലം പ്രഖ്യാപിച്ചത്.
പരീക്ഷ ഫലം പുറത്തുവന്നപ്പോൾ ദോഹയിലെ വിവിധ ഇന്ത്യൻ സ്കൂളുകൾ നുറുമേനി വിജയം സ്വന്തമാക്കിയിട്ടുണ്ട്. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ, നോബിൾ ഇന്റർനാഷണൽ സ്കൂൾ, പോഡാർ പേൾ സ്കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങൾ നൂറുശതമാനം വിജയം സ്വന്തമാക്കി മികച്ച അക്കാദമിക് നിലവാരം പുലർത്തി.
നിരവധി വിദ്യാർഥികളാണ് 95 ശതമാനത്തിലധികം മാർക്ക് നേടി ഡിസ്റ്റിങ്ഷനോടെ വിജയിച്ചത്. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാർഥികൾക്ക് സാധിച്ചു. വിദ്യാർഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ കൃത്യമായ മാർഗനിർദേശങ്ങളുമാണ് വിജയത്തിന് പിന്നിലെന്ന് ദോഹയിലെ വിവിധ സ്കൂൾ മാനേജ്മെന്റുകൾ അറിയിച്ചു.
കഴിഞ്ഞദിവസമാണ് സി.ബി.എസ്.ഇ പരീക്ഷഫലം പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ നേരിയ വർധന വിജയശതമാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 55,000-ത്തോളം പേർക്ക് 95 ശതമാനത്തിന് മുകളിൽ മാർക്കുണ്ട്. 2.20 ലക്ഷത്തിലധികം വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടത്തുമെന്ന് ബോർഡ് അറിയിച്ചു. ഇതിനുള്ള വിശദമായ ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും.
ഐഡിയൽ ഇന്ത്യൻ സ്കൂളിന് മികച്ച വിജയം
ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി ഐഡിയൽ ഇന്ത്യൻ സ്കൂൾ. പരീക്ഷ എഴുതിയ 353 വിദ്യാർഥികളും മികച്ച വിജയം നേടി, നൂറുശതമാനം അഭിമാന നേട്ടവുമായാണ് ഈ വർഷവും സ്കൂൾ മികവ് തെളിയിച്ചത്. പരീക്ഷ എഴുതിയവരിൽ 275 വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും 71 പേർ ഫസ്റ്റ് ക്ലാസോടെയുമാണ് ഉന്നതപഠനത്തിന് അർഹരായത്. സ്കൂളിന്റെ ഉയർന്ന അക്കാദമിക് നിലവാരവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും വിദ്യാർഥികളുടെ മികച്ച വിജയം നേടുന്നതിന് സാധിച്ചു.
മിഷാൽ മുഹമ്മദ് (99.8 ശതമാനം), പലാക്ഷി ശർമ്മ (99), മുഹമ്മദ് ഷാൻ ഷൗക്കത്ത് (98.4) എന്നിവർ സ്കൂൾ തലത്തിൽ ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ ചെയർമാൻ, പ്രസിഡന്റ്, ആക്ടിങ് പ്രിൻസിപ്പൽ എന്നിവർ അഭിനന്ദിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും വിദ്യാർഥികളുടെ നിരന്തര പരിശ്രമവും അർപ്പണബോധവും മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
നോബിൾ ഇന്റർനാഷണൽ സ്കൂളിന് നുറുശതമാനം
ദോഹ: 2025-26 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ (എ.ഐ.എസ്.എസ്.ഇ) നൂറു ശതമാനം നേട്ടവുമായി നോബിൾ ഇന്റർനാഷണൽ സ്കൂൾ.
സ്കൂൾ തലത്തിൽ ദിയാന നൗറിൻ 99.6 ശതമാനം മാർക്ക് നേടി സ്കൂളിൽ ഒന്നാമതെത്തി. ഇഷൽ ആഷിമ 98 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും, ഡേവിസ് ജോണി 97.4 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ, 124 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 38 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി മികച്ച വിജയം കരസ്ഥമാക്കി.
വിദ്യാർഥികളുടെ കഠിനാധ്വാനവും പരിശ്രമവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണയും സമർപ്പണവും വിജയത്തിൽ പങ്കുവഹിച്ചതായി പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് അഭിപ്രായപ്പെട്ടു. സ്കൂൾ ഡയറക്ടർ ബോർഡ് പ്രതിനിധികൾ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽസ് എന്നിവർ വിദ്യാർഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തെ അഭിനന്ദിക്കുകയും ഭാവിയിലും മികച്ച പ്രകടനം തുടരാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
നൂറുമേനി തിളക്കത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
ദോഹ: സി.ബി.എസ്.ഇ 2025 -26 അധ്യയന വർഷം പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ നൂറുമേനി വിജയ തിളക്കത്തിൽ അബു ഹമൂർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. പരീക്ഷയെഴുതിയ 142 വിദ്യാർഥികളും ഉന്നതവിജയം നേടിയാണ് വീണ്ടും നുറു ശതമാനം നേട്ടം സ്കൂൾ സ്വന്തമാക്കിയത്.
പരീക്ഷയെഴുതിയ 60 ഓളം വിദ്യാർഥികൾ 90 ശതമാനത്തിനും മുകളിൽ മാർക്ക് നേടിയിട്ടുണ്ട്. 121 വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും 19 പേർ ഫസ്റ്റ് ക്ലാസും സ്വന്തമാക്കി. ആയിഷ മുഹമ്മദ് നദീം ശൈഖ് (99.2), ആമിന ഷിറിൻ അരിപ്പറ്റമണ്ണിൽ (98.6), ഈമാൻ മുസ്തഫ സാംഗെ (98.2) എന്നിവർ സ്കൂൾ തലത്തിൽ മികച്ച ആദ്യ മൂന്നു സ്ഥാനങ്ങൾ സ്വന്തമാക്കി.
വിദ്യാർഥികളുടെ തുടർച്ചയായ പരിശ്രമവും കഠിനാധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയുമാണ് മികച്ച വിജയം സാധ്യമാക്കിയതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അതിനായി പ്രയത്നിച്ച അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

