പ്രവർത്തനശേഷി മെച്ചപ്പെടുത്താൻ കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരുടെ മികവ്
text_fieldsഅബു സംറ അതിർത്തിയിലെ കസ്റ്റംസ് അതോറിറ്റി പരിശോധന കേന്ദ്രം
ദോഹ: പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് സമഗ്ര സേവനം നൽകുന്നതിനുമായി കസ്റ്റംസ് ജനറൽ അതോറിറ്റിക്കുകീഴിൽ ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികൾ നടപ്പാക്കുന്നതായി അധികൃതർ.
അതോറിറ്റിക്ക് കീഴിലുള്ള മുഴുവൻ വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ മേഖലകളിൽ പരിശീലനവും ശിൽപശാലകളും നൽകുന്നതായി പരിശീലന, തുടർ വിദ്യാഭ്യാസ വിഭാഗം മേധാവി മുബാറക് അൽ ബൂഐനൈൻ പറഞ്ഞു. പരിശീലന, തുടർവിദ്യാഭ്യാസ വകുപ്പും കരിക്കുലം ആൻഡ് ട്രെയ്നിങ് ഇംപാക്ട് അസസ്മെന്റ് വകുപ്പും ഉൾപ്പെടുന്നതാണ് കസ്റ്റംസ് പരിശീലന കേന്ദ്രം. ആവശ്യങ്ങളെ അടിസ്ഥാനമാക്കി ജി.എ.സി ജീവനക്കാർക്കുള്ള വാർഷിക പരിശീലന പദ്ധതിയുടെ തയാറെടുപ്പുകൾക്ക് ഈ വകുപ്പുകൾ മേൽനോട്ടം വഹിക്കുന്നുവെന്നും പ്രതിമാസ കസ്റ്റംസ് വാർത്താക്കുറിപ്പിൽ മുബാറക് അൽ ബൂഐനൈൻ വ്യക്തമാക്കി.
രാജ്യത്തിനകത്തും പുറത്തും നടക്കുന്ന കോഴ്സുകൾ, പരിശീലന പരിപാടികൾ, ശിൽപശാലകൾ എന്നിവക്ക് ജി.എ.സി ജീവനക്കാരെ നാമനിർദേശം ചെയ്യുമെന്നും അതേസമയം തന്നെ പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള ബ്രോക്കർമാർക്കും തൽപരകക്ഷികൾക്കും കസ്റ്റംസ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനും വാണിജ്യ തട്ടിപ്പ് കുറക്കുന്നതിനുമുള്ള കാര്യക്ഷമത വർധിപ്പിക്കുന്നതിനും അന്തർദേശീയ, ഉന്നത മാനദണ്ഡങ്ങൾക്കനുസരിച്ച് കസ്റ്റംസ് സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ വൈദഗ്ധ്യം ജീവനക്കാർക്ക് നൽകാനും ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതോറിറ്റിയുടെ പ്രധാന കെട്ടിടത്തിൽ നാല് പരിശീലന ഹാളുകൾക്ക് പുറമേ, 12 പരിശീലന ഹാളുകൾ പരിശീലന കേന്ദ്രത്തിലുണ്ടെന്നും ഒരേസമയം 644 ട്രെയിനികളെ ഉൾക്കൊള്ളാൻ കഴിയുന്ന 17 ഹാളുകൾക്കായി മുൻനിര ഹോട്ടലുകളുമായി ജി.എ.സിക്ക് വാർഷിക കരാറുണ്ടെന്നും അൽ ബുഐനൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

