ഒരു കുടക്കീഴിൽ എല്ലാമുണ്ട്
text_fieldsദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കുന്ന രാജ്യാന്തര കാർഷിക-പരിസ്ഥിതി പ്രദർശനത്തിലെ കാഴ്ചകൾ. ഖത്തർ ഉൾപ്പെടെ 50ഓളം രാജ്യങ്ങളുടെ പങ്കാളിത്തമുള്ള മേള മാർച്ച് 14 വരെ നീളും
ദോഹ: ഉപ്പു തൊട്ട് കർപ്പൂരം വരെ എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല.
കഴിക്കാനും പാചകത്തിനും കൃഷിക്കും മുതൽ വളർത്തുമൃഗങ്ങളുമായും പരിസ്ഥിതി സൗഹൃദ നിർമാണങ്ങളുമായും ബന്ധപ്പെട്ട് സകലതും ഒരു കുടക്കീഴിൽ ഒരുക്കികൊണ്ടാണ് ഖത്തറിെൻറ ഏറ്റവും വലിയ എക്സിബിഷനുകളിൽ ഒന്നായ കാർഷിക-പരിസ്ഥിതി പ്രദർശനം സന്ദർശകരെ വരവേൽക്കുന്നത്.
യമനിലെ പർവതനിരകളിൽ നിന്നും വിളവെടുക്കുന്ന വ്യത്യസ്ത രുചികളോടെയുള്ള ബദാം, കണ്ടുപരിചയിച്ച തേനുകളിൽനിന്നും വ്യത്യസ്തമായി രുചിയിലും കാഴ്ചയിലും വൈവിധ്യവുമായി ഒമാനിൽ നിന്നുള്ള വിവിധ ഇനം തേൻ, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള യമൻ തേനും, അനുബന്ധ ഉൽപന്നങ്ങളും, വിവിധ രാജ്യങ്ങളിൽനിന്നുള്ള ഈത്തപ്പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഏലം, ഇഞ്ചി, മഞ്ഞൾ ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങൾ, അരി, ഗോതമ്പ് തുടങ്ങിയ ധാന്യ വിഭവങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പച്ചക്കറികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത... നടന്നാൽ തീരാത്ത... വിപുലമായ ശേഖരവുമായാണ് പ്രദർശന മേള.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൺ സെൻററിൽ ഖത്തർ ഉൾപ്പെടെ 50ഓളം രാജ്യങ്ങളുടെ പങ്കാളിത്തവുമായി ആരംഭിച്ച രാജ്യന്തര പ്രദർശനമാണ് സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച പ്രദർശനം മാർച്ച് 14 വരെ നീണ്ടു നിൽക്കും. ഖത്തറിെൻറ വിപണിയിലേക്ക് രാജ്യന്തര കാർഷിക-പരിസ്ഥിതി ഉൽപന്നങ്ങളും മൃഗപരിപാലനവും ഉൽപന്നങ്ങളുമെല്ലാം പരിചയപ്പെടുത്തുന്ന പ്രദർശനം ഒരുകുടക്കീഴിൽ അത്ഭുകരമായ ശേഖരമാണ് ഒരുക്കിയത്.
ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരത്തിനൊപ്പം, രാജ്യാന്തര കമ്പനി പ്രതിനിധികളുമായും, കർഷകരുമായും കൂടിക്കാഴ്ചകൾക്കും സന്ദർശകർക്ക് അവസരം നൽകുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ കർഷകർക്ക് രാജ്യാന്തര തലത്തിലേക്ക് വിപണി സാധ്യതയും പ്രദർശനം തുറന്നു നൽകുന്നതായി ഒമാനിൽ നിന്നുള്ള പവലിയൻ ഉടമ 'ഗൾഫ് മാധ്യമത്തോട്' പ്രതികരിച്ചു.
വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് വിപണി കണ്ടെത്താനുള്ള അവസരമാണ് തങ്ങൾ കാർഷിക-പരിസ്ഥിതി പ്രദർശനത്തെ ഉപയോഗപ്പെടുത്തുന്നതെന്ന് അവർ വിശദീകരിച്ചു.
പ്രധാന രാജ്യാന്തര പ്രദർശനമെന്ന നിലയിലാണ് മേളയിൽ പങ്കാളികളാവുന്നതെന്ന് സൗദിയിൽ നിന്നുള്ള പച്ചക്കറി ഉൽപാദന കമ്പനിയുടെ പ്രതിനിധി അബ്ദുല്ല അൽ ഷുറൈം വിശദീകരിച്ചു.
കൂടുതൽ ഉപഭോക്താക്കൾ, നിക്ഷേപകർ, വിതരണക്കാർ എന്നിവരുമായി ഇടപെടാനും പുതിയ സാധ്യതകൾ കണ്ടെത്താനും പ്രദർശനം വഴിയൊരുക്കുന്നതായി കുവൈത്തിൽ നിന്നുള്ള പ്രതിനിധി മസൂമ അൽ ഖതാൻ പറഞ്ഞു. ജി.സി.സിയിലെയും വിവിധ ആഫ്രിക്കൻ, ഏഷ്യൻ യൂറോപ്യൻരാജ്യങ്ങളുടെയും പങ്കാളിത്തമാണ് പ്രദർശനത്തിൽ ശ്രദ്ധേയം. ഇതിനു പുറമെ, ഖത്തറിൽ നിന്നുള്ള കമ്പനികളും പ്രാദേശിക ഫാമുകളും പവലിയൻ ഒരുക്കി തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താനായി കാത്തിരിക്കുന്നു. പരിസ്ഥിതി സൗഹൃദ നിർമാണങ്ങൾ പരിചയപ്പെടുത്തുന്ന വിശാലമായ പവലിയൻ പുതിയ നിർമാണ പ്രവർത്തനങ്ങൾ അറിയാനും, കൂടിക്കാഴ്ചകളുമായി സജീവമാണ്. പാലിെൻറ കഥകൾ പറയുന്ന ബലദ്ന പവലിയനും കാഴ്ചക്കാരെ ആകർഷിക്കുന്നു. മുനിസിപ്പാലിറ്റി മന്ത്രാലയവും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും നടത്തുന്ന പ്രദർശനത്തിന് ഹസാദ് ഫുഡ് കമ്പനി, അൽ മീര കൺസ്യൂമർ ഗുഡ്സ്, ലുലു ഹൈപ്പർമാർക്കറ്റ് എന്നിവർ ഗോൾഡ് സ്പോൺസർമാരായി രംഗത്തുണ്ട്.
'മേഖലയുടെ ഭക്ഷ്യ സഹകരണത്തിന് പ്രോത്സാഹനമാവും'
ദോഹ: പ്രദർശനം മേഖലയിലെ ഭക്ഷ്യ സഹകരണ രംഗത്തിന് സഹായകമാവുമെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലാഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി ആൽഥാനി പറഞ്ഞു.
കാർഷിക, കന്നുകാലി വളർത്തൽ മേഖലകളിൽ ഖത്തർ കാര്യമായ ഉൽപാദന ശേഷിയാണ് കൈവരിച്ചത്. പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ദേശീയ പദ്ധതി പ്രകാരം, അവശ്യത്തിനുള്ള ഉൽപാദനത്തിനു പുറമെ, ചില മേഖലകളിൽ കയറ്റുമതിക്കും പര്യാപ്തമായി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവരും മേളയിൽ പങ്കെടുക്കുന്നുണ്ട്. സൗദി പരിസ്ഥിതി, കാർഷിക ജല വകുപ്പ് അണ്ടർ സെക്രട്ടറി എൻജി. അഹമ്മദ് ബിൻ സാലിൽ അൽ അയാ രണ്ടു ദിവസങ്ങളിലായി പ്രദർശനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

