‘അൽ ബവാരിഹ്’ പ്രതിഭാസം: വരും ദിവസങ്ങളിൽ കാറ്റിന് ശക്തിയേറും
text_fieldsദോഹ: അൽ ബവാരിഹ് കാലാവസ്ഥാ പ്രതിഭാസത്തിെൻറ ഭാഗമായുണ്ടാകുന്ന കാറ്റ് വരും ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. അടുത്ത വാരാന്ത്യം വരെ ഈ അവസ്ഥ തുടരുമെന്നും ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കാറ്റിന് വേഗത കൂടുമെന്നും കാലാവസ്ഥാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പകൽ സമയത്ത് വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും വീശുന്ന കാറ്റ് 18 മുതൽ 30 വരെ നോട്ടിക്കൽ മൈലിനും 35 മുതൽ 45 വരെ നോട്ടിക്കൽ മൈലിനും ഇടയിൽ വേഗതയിലായിരിക്കും കാറ്റടിക്കുകയെന്നും ഇക്കാരണത്താൽ തന്നെ എട്ട് മുതൽ 12 അടിവരെ ഉയരത്തിൽ കടലിൽ തിരമാലയടിക്കാൻ സാധ്യതയുണ്ടെന്നും ശക്തിയേറിയ കാറ്റ് കാരണം അന്തരീക്ഷം പൊടിപടലം നിറഞ്ഞ് കാഴ്ച പരിധി രണ്ട് കിലോമീറ്ററിനും താഴെ വരുമെന്നും നിരീക്ഷകർ വ്യക്തമാക്കുന്നു.
അൽ ബവാരിഹിൽ പകൽ സമയങ്ങളിൽ കാറ്റിന് ശക്തിയും താപനിലയിൽ വർധനവും അനുഭവപ്പെടുകയാണെങ്കിലും രാത്രിയിൽ ഇതിെൻറ തീവ്രത കുറയുകയും എന്നാൽ അടുത്ത സൂര്യോദയം മുതൽ വീണ്ടും കാറ്റും അന്തരീക്ഷ താപനിലയും പൂർവസ്ഥിതി പ്രാപിക്കും. നേരിയ ചൂടിൽ നിന്നും കടുത്ത ചൂടിലേക്ക് കാലാവസ്ഥ പ്രവേശിക്കുന്ന ഘട്ടമാണ് അൽ ബവാരിഹ്. എല്ലാ വർഷവും ഇക്കാലത്ത് സമാന കാലാവസ്ഥ അനുഭവപ്പെടുന്ന അൽ ബവാരിഹിെൻറ സവിശേഷത അടിച്ചു വീശുന്ന കാറ്റാണ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂണിനോടനുബന്ധിച്ചും മഴക്കാലത്തോടനുബന്ധിച്ചുമാണ് ഗൾഫ് മേഖലകളിൽ അൽ ബവാരിഹ് പ്രതിഭാസം കണ്ടുവരുന്നത്. ശക്തിയേറി കാറ്റ് എന്നാണ് അൽ ബവാരിഹ് എന്ന അറബി പദത്തിെൻറ നേർക്കുള്ള അർഥം. നാൽപത് ദിവസത്തെ കാറ്റ് എന്നും അറിയപ്പെടുന്ന അൽ ബവാരിഹിനെ 13 ദിവസങ്ങളുള്ള മൂന്ന് ഘട്ടമാക്കിയാണ് ശാസ്ത്രകാരന്മാർ തിരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരം മുതൽ ജൂലൈ പകുതി വരെയാണ് ഇത് നിലനിൽക്കുക. അന്തരീക്ഷത്തിലെ താപനില ഇക്കാലയളവിൽ കടുത്തതാകും. രാജ്യത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാറ്റിെൻറ ശക്തിയാൽ അന്തരീക്ഷം പൊടിപടലം നിറഞ്ഞുനിൽക്കുമെന്നും കാഴ്ച പരിധി ചില സമയങ്ങളിൽ ഒരു കിലോമീറ്ററിലും കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
