ഒറ്റരാത്രികൊണ്ട് യൂറോപ്പിന്‍റെ ഊർജ ക്ഷാമം പരിഹരിക്കാനാവില്ല -അൽ കഅ്ബി
text_fieldsദോഹ ഫോറത്തിൽ ഊർജ മന്ത്രി സഅദ് ബിൻ ശെരിദ അൽ കഅ്ബി സംസാരിക്കുന്നു
ദോഹ: റഷ്യൻ പ്രകൃതിവാതക വിതരണത്തിന് പകരമായി യൂറോപ്പിന്‍റെ പ്രകൃതിവാതക ക്ഷാമം ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെന്ന് ഖത്തർ ഊർജകാര്യ സഹമന്ത്രി എൻജി. സഅദ് ബിൻ ശെരീദ അൽ കഅ്ബി.റഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള 30-40 ശതമാനം പ്രകൃതിവാതകത്തിന് പകരമായി വേഗത്തിൽ വാതകമെത്തിക്കാൻ സാധിക്കുകയില്ലെന്നും സമയമെടുക്കുമെന്നും ദോഹ ഫോറത്തിന് കീഴിൽ ഊർജ സുരക്ഷയുമായി ബന്ധപ്പെട്ട പാനൽ ചർച്ചയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. യൂറോപ്പിനാവശ്യമായ 15 ബില്യൺ ഘന മീറ്റർ പ്രകൃതിവാതകമെന്നത് വലിയൊരു സംഖ്യയാണ്. ഈ ആവശ്യം പൂർത്തീകരിക്കുന്നതിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പങ്കാളികളെക്കൂടി ആവശ്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക വിതരണക്കാരിലൊന്ന് ഖത്തറാണ്, യൂറോപ്പിലേക്ക് കൂടുതൽ പ്രകൃതിവാതകമെത്തിക്കാൻ ഖത്തർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് -അൽകഅ്ബി വിശദീകരിച്ചു. കാർബൺ പുറന്തള്ളുന്നത് കുറക്കാനും ശുദ്ധമായ പ്രകൃതിവാതകം ഉൽപാദിപ്പിക്കാനുമുള്ള ഖത്തറിന്‍റെ ശ്രമങ്ങളെ അൽ കഅ്ബി ചൂണ്ടിക്കാട്ടി. 2008 മുതൽ കാർബൺ കാപ്ച്വർ ആൻഡ് സീക്വസ്ട്രേഷൻ പദ്ധതിയുമായി ഖത്തർ മുന്നോട്ട് പോകുന്നുണ്ടെന്നും 2015ൽ മേഖലയിലെ ഏറ്റവും വലിയ കാർബൺ ഡൈ ഓക്സൈഡ് ആൻഡ് സീക്വസ്ട്രേഷൻ പ്രോജക്ട് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലോകകപ്പിനു മുമ്പായി ഏറ്റവും വലിയ സിംഗിൾ സൗരോർജ പ്ലാൻറ് അൽ ഖർസാഹിൽ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തിന്‍റെ നാഷനൽ ഗ്രിഡിൽ 10 ശതമാനം വൈദ്യുതി ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.