ഇ.പി.സി.ആർ: രോഗികളുടെ വിവരശേഖരണം 20 ലക്ഷം പിന്നിട്ടു
text_fieldsഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ആംബുലൻസ് സർവിസ്
ദോഹ: ഇലക്ട്രോണിക് പേഷ്യൻറ് ക്ലിനിക്കൽ റെക്കോഡ് (ഇ.പി.സി.ആർ) ആരംഭിച്ച ശേഷം ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ആംബുലൻസ് സർവിസ് രോഗികളുടെ വിവരശേഖരണം 20 ലക്ഷം പിന്നിട്ടു.2016ലാണ് എച്ച്.എം.സി ആംബുലൻസ് സർവിസിൽ ഇ.പി.സി.ആർ സ്ഥാപിച്ച് രോഗികളുടെ വിവരം ശേഖരിക്കാൻ തുടങ്ങിയത്.
രോഗി ആംബുലൻസിലായിരിക്കുമ്പോൾ തന്നെ രോഗിയുടെ ആരോഗ്യ സ്ഥിതിയും വിവരങ്ങളും ആശുപത്രിയിലേക്ക് അയക്കാൻ ഇ.പി.സി.ആർ പാരാമെഡിക്കൽ സംഘത്തെ സഹായിക്കുന്നു.രോഗി ആശുപത്രിയിലെത്തുന്നതോടെ ഇ.പി.സി.ആറിലെ ബാർകോഡ് സ്കാൻ ചെയ്ത് നഴ്സിന് ഉടൻ തന്നെ വിവരങ്ങൾ ക്ലിനിക്കൽ ഇൻഫർമേഷൻ സിസ്റ്റത്തിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും.
ക്ലിനിക്കൽ ടീമുകൾക്കിടയിൽ രോഗിയുടെ വിവരങ്ങൾ കൃത്യമായി ആശയവിനിമയം നടത്താനും ഇ.പി.സി.ആർ സഹായിക്കും.കോവിഡ് മഹാമാരിക്കാലത്ത് ആംബുലൻസ് സേവനം വർധിച്ചതിനാൽ കൂടുതൽ രോഗികൾക്ക് ഇ.പി.സി.ആർ സേവനം പ്രയോജനപ്പെട്ടു.
രോഗികൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്താൻ ഇ.പി.സി.ആർ സംവിധാനം സഹായിച്ചതായും സേവനം കൂടുതൽ മെച്ചപ്പെടുത്താനും കാര്യക്ഷമമാക്കാനും പുതിയ സാങ്കേതികവിദ്യ ഗുണകരമായെന്നും എച്ച്.എം.സി ആംബുലൻസ് സർവിസ് കമ്യൂണിക്കേഷൻ ടെക്നോളജീസ് സീനിയർ മാനേജർ റാഷിദ് അൻദൈല പറഞ്ഞു.
ആംബുലൻസ് സംഘത്തിന് ക്ലിനിക്കൽ പ്രാക്ടീസ് മാർഗനിർദേശം നൽകാനും മെഡിസിൻ ഫോർമുലറി, പ്രവർത്തന പ്രക്രിയ എന്നിവ സംബന്ധിച്ച് ഓർമപ്പെടുത്താനും സാധിക്കുമെന്നതും ഇ.പി.സി.ആറിന്‍റെ മറ്റൊരു പ്രധാന സവിശേഷതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

