പരിസ്ഥിതി സംരക്ഷണം ജൂലൈയിൽ നീക്കം ചെയ്തത് 41,959 ടണ്ണിലധികം മാലിന്യം
text_fieldsദോഹ: നഗരങ്ങളുടെ ശുചിത്വവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്താനുള്ള രാജ്യവ്യാപകമായ ശ്രമങ്ങളുടെ ഭാഗമായി ജൂലൈയിൽ 41,959 ടണ്ണിലധികം മാലിന്യം നീക്കം ചെയ്തു. പൊതുശുചിത്വവും നഗരപ്രദേശങ്ങളിലെ സൗന്ദര്യം വർധിപ്പിക്കാനും താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജനറൽ ക്ലീൻലിനെസ് ഡിപ്പാർട്ട്മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ആയിരക്കണക്കിന് ട്രക്ക് ലോഡ് മാലിന്യം നീക്കം ചെയ്തത്.മന്ത്രാലയത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളിലൂടെ കേടായ ടയറുകൾ -3,357, മൃഗങ്ങളുടെ അവശിഷ്ടങ്ങൾ -2,469, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ- 196, ഉപേക്ഷിക്കപ്പെട്ട സൈൻബോർഡുകൾ -61 എന്നിവ നീക്കം ചെയ്തു. ഈ കാലയളവിൽ 803 ശുചിത്വ ലംഘനങ്ങൾ കണ്ടെത്തി നോട്ടീസ് നൽകി.
ശുചിത്വ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം 309 മാലിന്യ കണ്ടെയ്നറുകളും 1,085 റീസൈക്ലിങ് കണ്ടെയ്നറുകളും നൽകി. കൂടാതെ, പൊതുശുചിത്വ നിലവാരം നിലനിർത്തുന്നതിനായി 75,997 വേസ്റ്റ് ബിന്നുകൾ കഴുകി വൃത്തിയാക്കി.അതേസമയം, രാജ്യത്തെ തീരദേശ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ ബീച്ചസ് ആൻഡ് ഐലൻഡ്സ് വിഭാഗം നിർണായക പങ്കുവഹിച്ചു. ബീച്ചുകളിൽനിന്ന് 553.71 ടൺ പൊതുമാലിന്യങ്ങളും, 4.34 ടൺ പുനരുപയോഗിക്കാവുന്ന വസ്തുക്കളും 163.26 ടൺ കടൽപ്പായലുകളും 230.70 ടൺ മരങ്ങളുടെ അവശിഷ്ടങ്ങളും 9.90 ടൺ കൽക്കരിയും നീക്കം ചെയ്തു. കൂടാതെ, 95 മത്സ്യബന്ധന കൂടുകൾ, 62 മത്സ്യബന്ധന വലകൾ എന്നിവ കടൽ പരിസരങ്ങളിൽനിന്ന് വൃത്തിയാക്കി.
ഇതുവഴി ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും ബീച്ചുകൾ വൃത്തിയാക്കാനും സഹായിച്ചു.പൊതുജന ബോധവത്കരണത്തിന്റെ ഭാഗമായി പബ്ലിക് അവയർനെസ് വിഭാഗം വിവിധ പ്രദേശങ്ങളിലെ 973 വീടുകളിൽ റീസൈക്ലിങ് കണ്ടെയ്നറുകൾ വിതരണം ചെയ്തു. കൂടാതെ പാരിസ്ഥിതികാവബോധം വളർത്തുന്നതിനായി വിവിധ സംഘടനകളുമായി ചേർന്ന് 12 വർക്ക്ഷോപ്പുകളും പ്രഭാഷണങ്ങളും നടത്തി. ഖത്തർ നാഷനൽ വിഷൻ 2030ന്റെയും പ്രത്യേകിച്ച് പരിസ്ഥിതി വികസന ലക്ഷ്യങ്ങളും നേടിയെടുക്കുന്നതിന് താമസക്കാർ, കരാറുകാർ എന്നിവർ മാലിന്യങ്ങൾ ശരിയായി സംസ്കരിക്കണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം ആവശ്യപ്പെട്ടു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും പരിസ്ഥിതി സുസ്ഥിരതയെ പിന്തുണക്കാനും മാലിന്യ സംസ്കരണ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

