എൻവയോൺമെന്റ് ആൻഡ് ലൈഫ് പ്രദർശനത്തിന് കതാറ കൾചറൽ വില്ലേജിൽ തുടക്കം
text_fieldsപരിസ്ഥിതി ബോധവത്കരണവും കലയും കോർത്തിണക്കി കതാറ കൾച്ചറൽ വില്ലേജിൽ 'എൻവയോൺമെന്റ് ആൻഡ് ലൈഫ്' (Environment and Life) ആർട്ട് എക്സിബിഷന് പ്രൗഢോജ്ജ്വല തുടക്കം. പുനരുപയോഗിക്കാവുന്ന വസ്തുക്കളെ സർഗ്ഗാത്മക മികവോടെ ഉപയോഗപ്പെടുത്തി നിർമിച്ച മുപ്പതിലധികം കലാസൃഷ്ടികളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. ഉപയോഗശൂന്യമെന്ന് കരുതി നാം തള്ളിക്കളയുന്ന വസ്തുക്കൾക്ക് കലയിലൂടെ പുതു ജീവൻ നൽകാനും അവയെ സാംസ്കാരിക -പരിസ്ഥിതി സന്ദേശങ്ങൾ കൈമാറുന്ന മാധ്യമങ്ങളാക്കി മാറ്റാനും കഴിയുമെന്ന് ഈ കലാസൃഷ്ടികൾ തെളിയിക്കുന്നു.
നിത്യജീവിതത്തിലെ ഉപഭോഗ രീതികളെക്കുറിച്ചും മാലിന്യങ്ങൾ കുറക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എക്സിബിഷൻ ജനങ്ങളെ ഓർമിപ്പിക്കുന്നു. ഖത്തറിൽ നിന്നുള്ള ജവാഹർ അൽ അതിയ്യ, നൂറ റദ്വി, തായ് കലാകാരനായ ഓ എന്നിവരുടെ മനോഹരമായ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, ഇൻസ്റ്റലേഷനുകൾ എന്നിവ ഉൾപ്പെടുന്നതാണ് പ്രദർശനം. ജൈവവൈവിധ്യം, പ്രകൃതിദൃശ്യങ്ങൾ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം എന്നീ വിഷയങ്ങളാണ് എക്സിബിഷനിൽ ഒരുക്കിയിട്ടുള്ള ചിത്രങ്ങളിലും ശിൽപങ്ങളിലും പ്രധാനമായും പ്രമേയമായിരിക്കുന്നത്.
സീഷോർ ഗ്രൂപ്പുമായി സഹകരിച്ച് കതാറയിൽ ആരംഭിച്ച പ്രദർശനം കതാറ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഹ്യൂമൻ റിസോഴ്സസ് ഡയറക്ടറുമായ സൈഫ് സഅദ് അൽ ദോസരി ഉദ്ഘാടനം ചെയ്തു.
പ്രമുഖ കലാകാരന്മാർ, സാംസ്കാരിക പ്രമുഖർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു. സമൂഹത്തിൽ സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ബോധവൽക്കരണമാണ് കതാറ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കതാറ കൾച്ചറൽ വില്ലേജിൽ (ബിൽഡിങ് 18, ഹാൾ 2) ആഗസ്റ്റ് രണ്ടുവരെ പ്രദർശനം തുടരും. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ ആണ് പ്രവർത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

