കാൽപന്തു ലോകത്തെ വരവേറ്റ്
text_fieldsലോകകപ്പ് നൂറുദിന കൗണ്ട്ഡൗൺ ആഘോഷങ്ങളുടെ ഭാഗമായി ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന പരിപാടിയിൽ നിന്ന്
ദോഹ: വെള്ളിയാഴ്ചയും പെരുന്നാളും ഒന്നായെത്തിയപ്പോൾ ഖത്തറിന് ആഘോഷങ്ങളുടെ വല്യപെരുന്നാളായി. ലോകകപ്പ് നൂറുദിന കൗണ്ട്ഡൗൺ ഉത്സവം ശനിയാഴ്ച ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഖത്തറിലെ വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചതന്നെ നൂറുദിന ആഘോഷങ്ങളെത്തിയത്. ലോകകപ്പ് ഉദ്ഘാടന മത്സരം നവംബർ 21ൽ നിന്നും 20ലേക്ക് മാറ്റിയതിന്റെ ആഘോഷത്തെ വൈവിധ്യമാർന്ന പരിപാടികളിലൂടെതന്നെ ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ വരവേറ്റു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നേതൃത്വത്തിൽ വിവിധ മാളുകൾ കേന്ദ്രീകരിച്ചായിരുന്നു ചൂടുകാലത്തെ ആഘോഷം. മുതിർന്നവരും കുട്ടികളുമായി വലിയൊരു ആൾക്കൂട്ടംതന്നെ ഇവിടങ്ങളിലേക്ക് ഒഴുകിയെത്തി.
അറബ് ലോകത്തിന്റെയും മിഡ്ൽ ഈസ്റ്റിന്റെയും മുഖച്ഛായ തന്നെ മാറ്റുമെന്നുറപ്പുള്ള ലോകകപ്പിന് നൂറു ദിനം മുന്നേ സർവസജ്ജമായാണ് ഖത്തർ തയാറെടുക്കുന്നത്. ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം വ്യാഴാഴ്ച കളിയാരവങ്ങൾക്കായി തുറന്നുനൽകിയതോടെ 12 വർഷമായി ഖത്തർ നടത്തിയ അവിശ്വസനീയ യാത്രയുടെ പരിപൂർണതയായി മാറിയെന്നായിരുന്നു സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയുടെ വിശേഷണം.
'ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയൊരു ദൂരമായിരുന്നു ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്നത്. ഖത്തർ ദേശീയ വിഷൻ 2030ന്റെ കൂടി ഭാഗമായി ലോകകപ്പ് വേദിയിലൂടെ രാജ്യത്തിന്റെ സമസ്ത വികസനമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾ നടത്തി, ലോകോത്തര നിലവാരത്തിലെ സ്റ്റേഡിയങ്ങൾ നിർമിച്ചും കായിക മേഖലയുടെ വളർച്ചക്ക് അടിത്തറയൊരുക്കിയും മുന്നേറി. ഖത്തറിലെയും ലോകമെങ്ങുമുള്ള ജനങ്ങൾക്കും ഗുണകരമായതും സാമൂഹിക ആവശ്യമുള്ള പദ്ധതികളും തയാറാക്കി'-ലോകകപ്പ് സംഘാടനത്തിൽ ഖത്തറിന്റെ ബുദ്ധികേന്ദ്രം കൂടിയായ ഹസൻ അൽ തവാദി പറയുന്നു.
'ഫുട്ബാളിനും അപ്പുറമായിരിക്കും ഈ ലോകകപ്പെന്ന് ഒന്നാം തീയതി മുതൽ ഞങ്ങൾ പറഞ്ഞിരുന്നു. തലമുറകൾക്ക് പ്രചോദനം നൽകിയും അറബ് മേഖലയിലെയും ഖത്തറിലെയും യുവാക്കൾക്ക് എന്തും സാധ്യമാകുമെന്ന് തെളിയിച്ചും മുന്നേറുകയായിരുന്നു. ലോകകപ്പിന് ഖത്തർ വേദിയാവുമെന്ന് ഞങ്ങളിൽതന്നെ പലരും സ്വപ്നം കണ്ടിരുന്നില്ല. എന്നാൽ, അവരും ഇപ്പോൾ ഈ കാഴ്ചകളെ വിശ്വസിക്കുകയാണ്'-തവാദി പറഞ്ഞു.
ഖത്തറിന്റെ തയാറെടുപ്പിലും എട്ട് സ്റ്റേഡിയങ്ങളുടെ നിർമാണത്തിലും ചുക്കാൻപിടിച്ച എൻജി. യാസിർ അൽ ജമാലും ലോകകപ്പിലേക്കുള്ള യാത്രയെ അവിശ്വസനീയതയോടെയാണ് ഓർക്കുന്നത്. 'കൃത്യമായ കാഴ്ചപ്പാടും ആശയങ്ങളുമായാണ് ഈ യാത്രക്ക് ഞങ്ങൾ തുടക്കം കുറിച്ചത്. ഇപ്പോൾ രാജ്യത്തുടനീളമുള്ള കമ്യൂണിറ്റികൾക്ക് എല്ലാ ദിവസവും ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും വേദികളും നമുക്ക് സ്വന്തമായുണ്ട്. ലോകകപ്പിന് മുമ്പുതന്നെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതരീതിയിലും ഈ മികവ് പ്രകടമാണ്'-യാസിർ അൽ ജമാൽ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന ആരാധകർക്ക് മികച്ച ആതിഥേയത്വത്തിലൂടെ രാജ്യത്തിന്റെ ഫുട്ബാൾ ആവേശം പകർന്നു നൽകാൻ ഖത്തർ തയാറെടുത്തതായി സുപ്രീം കമ്മിറ്റി സി.ഇ.ഒ നാസർ അൽ കാതിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

