ഖത്തറിൽ എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നു
text_fieldsമനുഷ്യാവകാശ കൗൺസിലിന്റെ 59ാമത് സെഷനിൽ ഖത്തർ പ്രതിനിധി സാറ അബ്ദുൽ അസീസ് അൽ ഖാതിർ സംസാരിക്കുന്നു
ദോഹ: സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഖത്തർ മുൻഗണന നൽകുന്നതായി ജനീവയിലെ ഖത്തർ പ്രതിനിധി സാറ അബ്ദുൽ അസീസ് അൽ ഖാതിർ. മനുഷ്യാവകാശ കൗൺസിലിന്റെ 59ാമത് സെഷൻ മൂന്നാം സമ്മേളനത്തിനു കീഴിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചുള്ള പ്രത്യേക സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാഭ്യാസ, പരിശീലന അവസരങ്ങളിലേക്കുള്ള പ്രവേശനം വർധിപ്പിക്കാൻ ഖത്തർ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാണെന്നും അത് അന്താരാഷ്ട്ര, പ്രാദേശിക മനുഷ്യാവകാശ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.
അക്രമം, പീഡനം, ഭയപ്പെടുത്തൽ, വിവേചനം എന്നിവയിൽനിന്ന് മുക്തമായി സുരക്ഷിതമായ പഠനാന്തരീക്ഷത്തിനുള്ള അവകാശം വിദ്യാഭ്യാസ അവകാശത്തിൽ ഉൾപ്പെടുന്നു. എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്നതിന് അത് ഉറപ്പാക്കുകയും സംരക്ഷിക്കുകയും വേണം. മതപരമോ ധാർമികമോ ആയ ബോധ്യങ്ങൾക്ക് അനുസൃതമായി കുട്ടികളെ പഠിപ്പിക്കാനുള്ള മാതാപിതാക്കളുടെ സ്വാതന്ത്ര്യവും ഈ അവകാശത്തിൽ ഉൾപ്പെടുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.60 രാജ്യങ്ങളിലെ 19 ദശലക്ഷത്തിലധികം കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകിയ എജുക്കേറ്റ് എ ചൈൽഡ് പദ്ധതി, സംഘർഷ മേഖലകളിലെ സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കുന്നതിന് വിമൻ ഇൻ കോൺഫ്ലിക്ട് സോൺസ് തുടങ്ങിയ പദ്ധതികൾ വിജയിപ്പിക്കുന്നതിൽ ഖത്തറിന്റെ പങ്കും അവർ എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

