എൻജിനീയേഴ്സ് ഫോറം ഓണവില്ല് 13ന്; ടൊവിനോ മുഖ്യാതിഥി
text_fieldsഎൻജിനീയേഴ്സ് ഫോറം വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് മിബു ജോസ് സംസാരിക്കുന്നു
ദോഹ: ഖത്തറിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ എൻജിനീയേഴ്സ് ഫോറം ഖത്തർ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 13ന് ഖത്തർനാഷനൽ കൺവെൻഷൻ സെന്ററിൽ ‘ഓണവില്ല്’ എന്ന പേരിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ ഇന്ത്യൻ അംബാസഡർ വിപുൽ, മലയാള ചലച്ചിത്ര താരം ടൊവിനോ തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഖത്തറിലെ ആയിരത്തോളം സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയാണ് എൻജിനീയേഴ്സ് ഫോറം. 16ഓളം കോളജ് അലുമ്നികൾക്കു കീഴിൽ നിന്നും പഠിച്ചിറങ്ങിയ 3000ത്തോളം പേർ അംഗങ്ങളായുള്ള ‘എൻജിനിയേഴ്സ് ഫോറം ഖത്തറിന്റെ’ ഓണാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി പ്രസിഡന്റ് മിബു ജോസും, ജനറൽ സെക്രട്ടറി സാകിർ ഹുസൈനും അറിയിച്ചു.
13ന് രാവിലെ വിവിധ അലുമ്നി അസോസിയേഷൻ നേതൃത്വത്തിൽ ഒരുക്കുന്ന ഓണപൂക്കള മത്സരത്തോടെയാണ് തുടക്കം കുറിക്കുന്നത്. തുടർന്ന് വിപുലമായ ഓണസദ്യ, തനത് കേരള കലകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കാലാപരിപാടികൾ, ഉദ്ഘാടന ചടങ്ങ്, അംഗങ്ങളുടെയും മറ്റും പ്രാതിനിധ്യത്തോടെ നൃത്ത-കലാപരിപാടികൾ എന്നിവ അരങ്ങേറും.
ഏറ്റവും ഒടുവിലായി ചലച്ചിത്ര പിന്നണി ഗായകൻ സചിൻ വാര്യർ, ആനി അമി, ഡി.ജെ സാവിയോ എന്നിവരുടെ സംഗീത വിരുന്നുമുണ്ടാവും. ‘ഓണവില്ലി’ന്റെ ഭാഗമായി എൻജിനീയേഴ്സ് ഫോറം നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഓരോ ആറു മാസത്തിലുമായി പുറത്തിറക്കുന്ന ഇ.എഫ് ടെക്സിൻ മാഗസിൻ, അംഗങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡയറക്ടറിയായ എഫ്യൂഷ്യൻസ് 23, അംഗങ്ങളുടെ വിവരങ്ങളും ഫോറം വിശേഷങ്ങളും തൊഴിൽ സാധ്യതകളുമെല്ലാം അറിയിക്കുന്ന മൊബൈൽ ആപ്പ് എന്നിവ പുറത്തിറക്കും. ഭക്ഷ്യ മാലിന്യം ഒഴിവാക്കുന്നതിനുവേണ്ടിയുള്ള ഫുഡ് വേസ്റ്റ് മാനേജ്മെന്റ്, പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗം സംബന്ധിച്ച് ബോധവൽക്കരണം തുടങ്ങിയ കാമ്പയിനുകൾക്ക് തുടക്കം കുറിക്കും.
കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റാറൻറിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ ഷംജാദ് ഹുസൈൻ, ആർട്സ് കോഓഡിനേറ്റർ ശ്രീജിഷ, ടെക്നികൽ സെക്രട്ടറി ഷൗക്കത്ത് അലി ടി.വി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

