യൂറോപ്പിനെ കാത്തിരിക്കുന്നത് ഗുരുതര ഊർജ പ്രതിസന്ധി- ഊർജമന്ത്രി
text_fieldsഖത്തർ ഊർജ സഹമന്ത്രി സഅദ് ഷെരിദ അൽ കഅബി, സൗദി ഊർജ മന്ത്രി പ്രിൻസ്
അബ്ദുൽ അസീസ് ബിൻ സൽമാൻ എന്നിവർ
ദോഹ: അന്താരാഷ്ട്ര പ്രതിസന്ധിയുടെ ബാക്കിയെന്ന നിലയിൽ യൂറോപ്പിലെ ഊർജ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബി.
‘യുക്രെയ്ൻ യുദ്ധത്തെ തുടർന്നുണ്ടായ ഊർജപ്രതിസന്ധിയിൽ നിന്നും മനുഷ്യരാശിക്കും യൂറോപ്പിനും ഈ വർഷം രക്ഷയായത് കൊടും തണുപ്പില്ലാത്ത ശൈത്യകാലവും ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥയിലെ മാന്ദ്യവുമായിരുന്നു.
2024 ൽ സമ്പദ്വ്യവസ്ഥ തിരിച്ചുവരുകയാണെങ്കിൽ, ഏറ്റവും മോശം അവസ്ഥയായിരിക്കും യൂറോപ്പിനെ കാത്തിരിക്കുന്നത് -മന്ത്രി പറഞ്ഞു.
പ്രതീക്ഷിച്ചത്ര തീവ്രതയില്ലാത്ത ശൈത്യകാലമായതിനാൽ കഴിഞ്ഞ വർഷം വലിയ വെല്ലുവിളിയില്ലാതെ യുദ്ധത്തെ തുടർന്നുണ്ടായ ഊർജ പ്രതിസന്ധിയെ മറികടക്കാൻ യൂറോപ്പിന് കഴിഞ്ഞിരുന്നു. വിവിധ രാജ്യങ്ങളുടെ ഊർജ നയങ്ങൾ ഫോസിൽ ഇന്ധന മേഖലകളിലുള്ള നിക്ഷേപങ്ങൾക്ക് തടയിടുന്നതാണ്. ഇത് പ്രത്യേകിച്ച് യൂറോപ്പിലെ പ്രകൃതി വാതക ക്ഷാമത്തിന് കാരണമായേക്കും. ഭാവിയിൽ വാതക ക്ഷാമവും രൂക്ഷമാകും -സഅദ് അൽ കഅബി പറഞ്ഞു.സൗദി ഊർജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാനും ഈ നിലപാടുകളെ ശരിവെച്ചുകൊണ്ടായിരുന്നു സംസാരിച്ചത്.
നിലവിലെ ഫോസിൽ ഊർജ മേഖലക്ക് ബദലായി പുനരുൽപാദന, ക്ലീൻ എനർജി സ്രോതസ്സുകൾ ഉപയോഗപ്പെടുത്താമെന്നതിൽ യൂറോപ്പിന് ‘അമിത ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതാപനം തടയുന്നതിനായി ലോകം ക്ലീൻ എനർജികളിലേക്ക് മാറാൻ ശ്രമിക്കുന്നതിനാൽ എണ്ണയിലും വാതകത്തിലും നിക്ഷേപം കുറയുന്നത് ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുന്നതായാണ് വിലയിരുത്തൽ.
വിഷയത്തിൽ യൂറോപ്യൻ രാഷ്ട്രതലവന്മാർക്ക് കൃത്യമായ പദ്ധതികൾ വേണമെന്നും, എണ്ണ ഉൽപാദകരും കമ്പനികളുമായി ഒന്നിച്ചിരുന്ന് യാഥാർഥ്യം മനസ്സിലാക്കി പരിഹാരത്തിന് ശ്രമിക്കണമെന്നും നിർദേശിച്ചു. കഴിഞ്ഞ വർഷത്തെ പ്രതിസന്ധിയിൽ നിന്നും യൂറോപ്പിനെ ദൈവം രക്ഷിച്ചുവെന്ന് പറഞ്ഞ സൗദി ഊർജ മന്ത്രി, നിലവിൽ നിക്ഷേപങ്ങളുടെ അപര്യാപ്തതയെ തുടർന്ന് ഊർജ സുരക്ഷ വെല്ലുവിളി നേരിടുകയാണെന്ന് മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

