ക്രൂസ് സീസണിന് സമാപനം; ഇത്തവണ റെക്കോഡ് സഞ്ചാരികൾ
text_fieldsദോഹ: സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയോടെ 2023-24 ക്രൂസ് സീസണിന് സമാപനമായി. മുൻ വർഷത്തേക്കാൾ 38 ശതമാനമാണ് ഇത്തവണ സഞ്ചാരികളുടെ എണ്ണത്തിലെ വർധനയെന്ന് എംവാനി ഖത്തർ സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു. 3.78 ലക്ഷം സഞ്ചാരികളാണ് 73ഓളം ആഡംബര കപ്പലുകളിലായി ഇത്തവണ ദോഹ തീരമണഞ്ഞത്. മിഡിലീസ്റ്റിൽ ക്രൂസ് വിനോദസഞ്ചാരത്തില്‍ പ്രധാന കേന്ദ്രമായി ദോഹ മാറുന്നതിന്റെ സൂചനയായാണ് ഈ കുതിപ്പിനെ വിലയിരുത്തുന്നത്. സഞ്ചാരികളുടെ എണ്ണത്തില്‍ 38 ശതമാനവും കപ്പലുകളുടെ എണ്ണത്തില്‍ 33 ശതമാനവുമാണ് വര്‍ധന. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം മേഖലക്ക് ഖത്തര്‍ വലിയ പ്രധാന്യം നല്‍കുന്നുണ്ട്. ഇതില്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നത് ക്രൂസ് ടൂറിസത്തിനാണ്. സീസണ് അവസാനിക്കുന്ന ഈ മാസത്തില്‍ മാത്രം അഞ്ചു കപ്പലുകളാണ് ഖത്തര്‍ തീരത്തെത്തിയത്. ലോകത്തെ പ്രമുഖ ആഢംബര കപ്പലുകളുടെയെല്ലാം ലക്ഷ്യകേന്ദ്രങ്ങളില്‍ ഒന്നായി ഖത്തറുണ്ട്.

