പ്രകൃതി സംരക്ഷണ മേഖലയിൽ അതിക്രമം: ഒരാൾക്കെതിരെ നടപടി
text_fieldsപ്രകൃതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചു കയറിയ വാഹനം വേലികൾ തകർത്ത നിലയിൽ
ദോഹ: പരിസ്ഥിതി സംരക്ഷണ മേഖലയിലേക്ക് അതിക്രമിച്ച് കടക്കുകയും, പുൽമേടുകളും വേലിയും നശിപ്പിക്കുകയും നിയമലംഘനം നടത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾക്കെതിരെ നടപടി സ്വീകരിച്ച് പരിസ്ഥിതി -കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വിഭാഗം. അൽ കറാന മേഖലയിലെ അൽ സബ്സെബ് മേഖലയിൽ സംരക്ഷിത കേന്ദ്രമായ പുൽമേടിലേക്ക് വാഹനവുമായി അതിക്രമിച്ചു കയറിയെന്നാണ് ഇയാൾക്കെതിരായ കേസ്.
വേലികൾ തകർത്ത് മേഖലയിൽ പ്രവേശിച്ച ഇയാൾ നിരോധിത ബേഡ് കാളിങ് ഉപകരണം ഉപയോഗിച്ചതായും കണ്ടെത്തി. നിയമലംഘകനെതിരെ നടപടി സ്വീകരിച്ചതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടത്തിയതിന്റെ ദൃശ്യങ്ങൾ മന്ത്രാലയം ‘എക്സ്’ പേജിൽ പങ്കുവെച്ചു. പരിസ്ഥിതി പ്രദേശങ്ങളും സംരക്ഷിത മേഖലകളും നശിപ്പിക്കുന്നതും നിയമലംഘനം നടത്തുന്നതും കർശനമായി നേരിടുമെന്ന് വ്യക്തമാക്കിയ മന്ത്രാലയം പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്നും ഓർമിപ്പിച്ചു.
അധികൃതരുടെ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. പുൽമേടുകളും കണ്ടൽ പ്രദേശങ്ങളും തീരമേഖലകളും ഉൾപ്പെടെ സംരക്ഷിത മേഖലകളിലെ നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി പൊതുജനങ്ങളെ ഓർമിപ്പിക്കാറുണ്ട്. നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷയാണ് കാത്തിരിക്കുന്നത്. മൂന്നുമാസം വരെ തടവും ആയിരം റിയാൽ മുതൽ 20,000 റിയാൽ വരെ പിഴയും ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
വാഹനം പിടിച്ചെടുത്ത് കണ്ടുകെട്ടാനും ചെടികൾ ഉൾപ്പെടെ പരിസ്ഥിതിക്കുണ്ടായ നഷ്ടപരിഹാരം കുറ്റവാളികളിൽനിന്ന് ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

