'എംപവറിങ് യുവർ ജേണി' ഐ.സി.ബി.എഫ് പഠനപരിപാടി സംഘടിപ്പിച്ചു
text_fieldsഐ.സി.ബി.എഫ് സംഘടിപ്പിച്ച 'എംപവറിങ് യുവർ ജേണി' പഠനപരിപാടിയിൽ നിന്ന്
ദോഹ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി ഐ.സി.ബി.എഫ് നടത്തുന്ന നിരന്തര സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) 'എംപവറിങ് യുവർ ജേണി' എന്ന പേരിൽ പ്രത്യേക പഠന പരിപാടി സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് ഓഫിസിലെ കാഞ്ചാണി ഹാളിൽ വിവിധ അസോസിയേറ്റഡ് ഓർഗനൈസേഷൻ പ്രതിനിധികളുടെയും കമ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടി നവ്യാനുഭവമായി.
വിദ്യാഭ്യാസ വിദഗ്ധയും പ്രമുഖ മീഡിയ എജുക്കേറ്ററുമായ ഡോ. ശ്രുതി ഗോയൽ പഠന ക്ലാസിന് നേതൃത്വം നൽകി. ഡൽഹി സർവകലാശാലയിൽ മഹാരാജ അഗ്രസെൻ കോളജിലെ ജേണലിസം വിഭാഗത്തിലെ അസി. പ്രഫസറാണ് ഡോ. ശ്രുതി. വിദേശത്തുള്ള ഇന്ത്യക്കാരുടെ ജീവിതയാത്രയെ കൃത്യവും ഹ്രസ്വവുമായി അവർ അവതരിപ്പിച്ചു. സാമൂഹിക ഇടപെടലുകളുടെ പ്രാധാന്യവും, സാമൂഹികസേവനത്തിന്റെ ഗുണഫലങ്ങളും വിശദീകരിച്ചു. അതേസമയം സോഷ്യൽ മീഡിയയുടെ അതിരുകടന്ന ഉപയോഗം വ്യക്തികളിലുണ്ടാക്കുന്ന ദുഃസ്വാധീനവും ദൂഷ്യവശങ്ങളും അവർ വിശദീകരിച്ചു.
ഇന്ത്യൻ എംബസിയുടെ ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറുമായ ഡോ. ഈഷ് സിങാൾ മുഖ്യാതിഥിയായി. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗം നടത്തി. അഡ്വൈസറി കൗൺസിൽ ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, മറ്റു വിവിധ സമൂഹ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എം.സി അംഗം നീലാംബരി അതിഥിയായ ഡോ. ശ്രുതിയെ പരിചയപ്പെടുത്തി. ഐ.സി.സി ജനറൽ സെക്രട്ടറിയും അൽ സാൽമിയ സിമന്റ് കമ്പനി ജനറൽ മാനേജരുമായ എബ്രഹാം ജോസഫിനെ ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ മെമന്റോ നൽകി ആദരിച്ചു. ഐ.സി.ബി.എഫ് ഓഫിസ് പരിസരത്തെ നടപ്പാത ഇഷ്ടിക പാകുന്നതിന് അദ്ദേഹം നൽകിയ സംഭാവന പരിഗണിച്ചായിരുന്നു ആദരം.സെക്രട്ടറി ജാഫർ തയിൽ നന്ദി പറഞ്ഞു. എം.സി അംഗങ്ങളായ മണി ഭാരതി, ശങ്കർ ഗൗഡ്, ഇർഫാൻ അൻസാരി, മിനി സിബി, ഖാജാ നിസാമുദ്ദീൻ, അഡ്വൈസറി കൗൺസിൽ അംഗം സതീഷ് വി. എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

