തൊഴിൽ അവകാശങ്ങൾ: കാലതാമസം ഒഴിവാക്കണം -ഡോ. നിസാർ കോച്ചേരി
text_fieldsഡോ. നിസാർ കോച്ചേരി (ലോക കേരളസഭാംഗം)
ദോഹ: വിദേശത്തെ ഇന്ത്യൻ തൊഴിലാളികൾക്ക് ലഭിക്കാനുള്ള ശമ്പളം, തൊഴിൽ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പരാതികൾ ഫയൽ ചെയ്യാനും കേസ് നടത്തിപ്പിനുള്ള അവകാശം എംബസിക്ക് ലഭ്യമാക്കണമെന്ന് ഖത്തറിലെ സാമൂഹിക പ്രവർത്തകനും നോർക്ക ലീഗൽ കൺസൾട്ടൻ്റുമായ ഡോ. നിസാർ കോച്ചേരി ലോക കേരളസഭയിൽ ആവശ്യപ്പെട്ടു. കേസുകളിലെ കാലതാമസവും കാത്തിരിക്കുന്ന സമയത്ത് താമസിക്കാനുള്ള ചെലവുകളും മറ്റും വെല്ലുവിളിയാണ്. പലപ്പോഴും നിയമ നടപടിയുടെ ചെലവ് തൊഴിലാളിക്ക് താങ്ങാവുന്നതിനുമപ്പുറമാണ്. ഈ ഉത്തരവാദിത്തം എംബസി ഏറ്റെടുക്കണം.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിരവധി പേർ വഞ്ചിക്കപ്പെടുന്നു. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ മികച്ച ഡിറ്റക്ടറുകൾ വെക്കുകയും കാര്യക്ഷമമായ പരിശോധന നടത്തുകയും ചെയ്താൽ സംശയിക്കുന്നവരെ തടഞ്ഞുവെച്ച് നാട്ടിൽ വിചാരണ ചെയ്യാം. വിദേശത്ത് അന്യായമായി ശിക്ഷിക്കപ്പെടുന്നതും കഠിനമായ ശിക്ഷകളും ഒഴിവാക്കാൻ ഇത് ഉപകരിക്കും. ചെക്ക് ബൗൺസിങ് കേസുകളിൽ ഉൾപ്പെടുന്നവരെ പിന്തുണക്കാൻ സംവിധാനമൊരുക്കണം. തൊഴിൽനഷ്ടം, ബിസിനസ് തകർച്ച തുടങ്ങിയ കാരണങ്ങളാൽ ചെക്ക് ബൗൺസിങ് സംഭവിക്കാറുണ്ട്. ഖത്തറിലെ 532 ഇന്ത്യൻ തടവുകാരിൽ 112 പേർ ചെക്കുകേസുകളിൽപെട്ടവരാണ്. വായ്പ തിരിച്ചടവിനും പ്രശ്നപരിഹാരത്തിനും അവർക്ക് അവസരവും സാവകാശവും ലഭ്യമാക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് പഠിക്കണം.
വിദേശത്ത് തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ആറുമാസത്തേക്കെങ്കിലും സാമ്പത്തിക പിന്തുണ നൽകാൻ ഇൻഷുറൻസ് പദ്ധതി അവതരിപ്പിക്കണം. ഇന്ത്യയിൽ അനുവദനീയവും വിദേശത്ത് നിരോധിക്കപ്പെട്ടതുമായ മരുന്നുകളുടെ പട്ടിക വിമാനത്താവളത്തിൽ സാധാരണക്കാർക്ക് ലഭ്യമാക്കണം. അബദ്ധത്തിൽ ഇത്തരം മരുന്ന് കൊണ്ടുവന്ന് കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കണം. മരുന്ന് ഉള്ളടക്കത്തിന്റെ അനുവദിക്കപ്പെട്ട പരിധി ഉയർത്താൻ നയതന്ത്ര തലത്തിൽ ഇടപെടൽ നടത്തണം. വധശിക്ഷ വിധി നടപ്പാക്കുന്നതിന് മുമ്പ് മാതൃരാജ്യത്തിന് ഇടപെടാനും നിയമനടപടികൾക്കും കൂടുതൽ സാവകാശം ലഭിക്കാൻ ഇടപെടണം. ക്രിമിനൽ കേസുകളിൽ നീതി ഉറപ്പാക്കാൻ കേസ് നടപടികളിലും വിചാരണയിലും പ്രതിക്ക് മാതൃഭാഷ സഹായം ലഭ്യമാക്കണം. പല രാജ്യങ്ങളുമായും ഇന്ത്യ തടവുകാരുടെ കൈമാറ്റവുമായി കരാർ ഒപ്പിട്ടിട്ടുണ്ടെങ്കിലും അവ ശരിയായി വിനിയോഗിക്കപ്പെടുന്നില്ല. ഇവയിലെല്ലാം പ്രവാസി ഇന്ത്യക്കാരുടെ താൽപര്യം മുൻനിർത്തി സ്ഥിരം സംവിധാനങ്ങളും മുൻകൈകളും എടുക്കാൻ ലോക കേരളസഭ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

