ദോഹ: 2022 ലോകകപ്പ് നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തിയുള്ള പരിപാടികൾ സംഘാടകരായ സുപ്രീം കമ്മിറ്റി തുടരുന്നു. ഏറ്റവും ഒടുവിലായി തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് പൂർണ വിവരങ്ങളടങ്ങിയ വെബ്സൈറ്റിന് (www.workerswelfare.qa) സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരിക്കുകയാണ്.
ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള സുപ്രീം കമ്മിറ്റിയുടെ വിവിധ സംരംഭങ്ങളും സൗകര്യങ്ങളുമാണ് പ്രധാനമായും വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളാണ് വിവിധ സ്ഥലങ്ങളിലായി ലോകകപ്പ് പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നത്. ഖത്തർ ലോകകപ്പിെൻറ സംഘാടനത്തിന് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റിയുടെ ലോകകപ്പ് പ്രയാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികക്കല്ലായി തൊഴിലാളിക്ഷേമ വെബ്സൈറ്റ് അറിയപ്പെടും.
ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ പൂർണ വിവരങ്ങളറിയാൻ പുതിയ വെബ്സൈറ്റ് ഉപകരിക്കുമെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. സുതാര്യതയാണ് ഇതിെൻറ മറ്റൊരു പ്രത്യേകത. തൊഴിലാളി ക്ഷേമവും പുതിയ വെബ്സൈറ്റും തമ്മിലുള്ള ബന്ധത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിൽ സുപ്രീം കമ്മിറ്റി പ്രതിജ്ഞാബദ്ധരാണെന്നും അൽ തവാദി കൂട്ടിച്ചേർത്തു. തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കമ്മിറ്റിയുടെ നേട്ടങ്ങളിൽ ഏറെ അഭിമാനിക്കുന്നു. ഇനിയും ഈ മേഖലയിൽ ഏറെ ചെയ്യാനുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ലോകത്തിന് മാതൃക സമ്മാനിക്കാൻ ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞുവെന്നും സുപ്രീം കമ്മിറ്റി മേധാവി വ്യക്തമാക്കി.
2022 ലോകകപ്പിനുള്ള ബിഡിൽ വിജയം നേടിയതിന് ശേഷം തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും അവരുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനുമായി നിരവധി പദ്ധതികളും പരിപാടികളുമാണ് സുപ്രീം കമ്മിറ്റി നടപ്പിലാക്കിയിട്ടുള്ളത്. പുറത്ത് നിന്നുള്ള നിരീക്ഷകരുടെ നിയമനവും അന്താരാഷ്ട്ര േട്രഡ് യൂണിയനുമായുള്ള സഹകരണ കരാറും, തൊഴിലാളികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള പോഷകാഹാര പരിപാടിയും അവയിൽ പ്രധാനപ്പെട്ടതാകുന്നു.
തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള കണ്ണാടിയായി വെബ്സൈറ്റ് വർത്തിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണെന്ന് തൊഴിലാളി ക്ഷേമ സമിതി എക്സിക്യൂട്ടിവ് ഡയറക്ടർ മഹ്മൂദ് ഖുത്ബ് പറഞ്ഞു.