ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി ഇമ്മാനുവൽ മാക്രോൺ; ഉഭയകക്ഷി ബന്ധം ദൃഢമാക്കും
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ലുസൈൽ കൊട്ടാരത്തിൽ
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ലുസൈൽ കൊട്ടാരത്തിൽ ചർച്ചകൾ നടത്തി. ഗൾഫ് പര്യടനത്തിനിടെ ചൊവ്വാഴ്ച രാത്രിയോടെയാണ് അദ്ദേഹം ദോഹയിലെത്തിയത്. ഫ്രഞ്ച് പ്രസിഡന്റിന്റെ ആദ്യ ഖത്തർ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഖത്തർ സന്ദർശനം. സാമ്പത്തിക, നിക്ഷേപ, സുരക്ഷാ, പ്രതിരോധ മേഖലകളിലെ സഹകരണം കൂടുതൽ ഊർജിതമാക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കൂടാതെ പ്രാദേശിക വിഷയങ്ങളും അവലോകനം ചെയ്തു. വിവിധ മേഖലകളിൽ പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്താനുള്ള ആഗ്രഹവും ഖത്തർ അമീർ പ്രകടിപ്പിച്ചു.
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ ബിൻ അലി ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി, മറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ -നോയൽ ബാരോട്ട്, സായുധ സേനാ മന്ത്രി കാതറിൻ വോട്രിൻ തുടങ്ങി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ലുസൈൽ കൊട്ടാരത്തിൽ എത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ ആദരസൂചകമായി 21 തവണ വെടിയുതിർത്തും പരമ്പരാഗത ഖത്തരി 'അർധ' നൃത്തവും കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമുള്ള കാവൽക്കാരുടെ അകമ്പടിയോടെയും ഔദ്യോഗിക സ്വീകരണം നൽകി. ഫ്രഞ്ച് പ്രസിഡന്റിന്റെ ചരിത്രപരമായ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ -ഉഭയകക്ഷി ബന്ധങ്ങളിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

