പൊതുബജറ്റിന് അമീറിന്റെ അംഗീകാരം
text_fieldsധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി
ദോഹ: 19,700 കോടി റിയാൽ വരവ് പ്രതീക്ഷിക്കുന്ന 2025ലെ ബജറ്റ് അവതരിപ്പിച്ച് ഖത്തർ. ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി അവതരിപ്പിച്ച ബജറ്റിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകി. 21,020 കോടി റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ ക്ഷേമപദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.
2024ലെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ബജറ്റ് വരുമാനത്തില്‍ രണ്ടര ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നു. പെട്രോളിയം, പ്രകൃതി വാതക മേഖലയില്‍നിന്ന് 15,400 കോടി ഖത്തര്‍ റിയാലാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 3.1 ശതമാനം കുറവാണ്. എണ്ണ വിപണയില്‍ തുടരുന്ന ചാഞ്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ബാരലിന് ശരാശരി 60 ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ മൂല്യമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എണ്ണയിതര വരുമാനം 4300 കോടി ഖത്തര്‍ റിയാലാണ് കഴിഞ്ഞ തവണത്തെപോലെ ഇത്തവണയും പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.6 ശതമാനം കൂടുതലാണ് വരുംവർഷത്തെ ചെലവ്. വരവും ചെലവും തമ്മില്‍ 1320 കോടി റിയാലിന്റെ അന്തരമുണ്ട്. ഇത് ആവശ്യമെങ്കില്‍ ആഭ്യന്തര തലത്തിലോ അന്താരാഷ്ട്ര സംവിധാനങ്ങളില്‍നിന്നോ കടമായി കണ്ടെത്തും. ബജറ്റിന്റെ 20 ശതമാനവും നീക്കിവെച്ചിരിക്കുന്നത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്ക് വേണ്ടിയാണ്.
സമ്പദ്ഘടനയെ വൈവിധ്യവത്കരിക്കുന്നതിനും ബജറ്റില്‍ പദ്ധതികളുണ്ട്. വിവര സാങ്കേതികവിദ്യ, കമ്യൂണിക്കേഷന്‍ മേഖലക്കും കാര്യമായ പരിഗണന നല്‍കിയിട്ടുണ്ട്. ശമ്പളം നല്‍കുന്നതിനുള്ള തുകയില്‍ 5.5 ശതമാനം വര്‍ധനവരുത്തി 6750 കോടി റിയാലായി ഉയര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

