ബെയ്ജിങ്ങിൽ രാഷ്ട്രത്തലവന്മാരുമായി അമീറിന്‍റെ കൂടിക്കാഴ്ച
text_fieldsഅബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ബെയ്ജിങിൽ സൗഹൃദം പങ്കിടുന്ന അമീർ
ദോഹ: ബെയ്ജിങ്ങിൽ വെള്ളിയാഴ്ച ആരംഭിച്ച ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കാനെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിവിധ രാഷ്ട്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
ബേർഡ്സ് നെസ്റ്റ് സ്റ്റേഡിയത്തിലെ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾക്കായി എത്തിയ രാഷ്ട്രത്തലവന്മാർക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഒരുക്കിയ വിരുന്നിലായിരുന്നു കൂടിക്കാഴ്ച.
അബൂദബി കിരീടാവകാശിയും ആംഡ് ഫോഴ്സ് ഡെപ്യൂട്ടി സുപ്രീംകമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ നിരവധിപേരുമായി അമീർ സൗഹൃദം പങ്കിടുകയും ചർച്ച നടത്തുകയും ചെയ്തു.
2017ൽ ഖത്തറിനെതിരായ ഗൾഫ് ഉപരോധ ശേഷം ആദ്യമായാണ് അമീറും അബൂദബി കിരീടാവകാശിയും നേരിൽ കണ്ടുമുട്ടുന്നത്.ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അൽ സിസി, ഉസ്ബെകിസ്താൻ പ്രസിഡന്‍റ് ഡോ. ഷൗകത് മിർസിയോയേവ്, പോളണ്ട് പ്രസിഡന്‍റ് ആന്ദ്രെജ് ഡുഡ, തുർക്മെനിസ്താൻ പ്രസിഡന്‍റ് ഗുർബാംഗുലി ബെർഡിമുഖമെദേവ്, തജികിസ്താൻ പ്രസിഡന്‍റ് ഇമൊമലി റഹ്മാൻ, കസാഖ്സ്താൻ പ്രസിഡന്‍റ് കസിം ജൊമർത് ടോകയേവ്, പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻഖാൻ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യു.എൻ ജനറൽ അസംബ്ലി പ്രസിഡന്‍റ് അബ്ദുല്ല ഷാഹിദ് എന്നിവരുമായും അമീർ കൂടികാഴ്ച നടത്തി.