ഇറാഖിെൻറ സുരക്ഷക്കും വികസനത്തിനും ആഹ്വാനംചെയ്ത് അമീർ
text_fieldsബഗ്ദാദ് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന ഖത്തർ അമീർ ൈശഖ് തമിം ബിൻ ഹമദ് ആൽഥാനി
ദോഹ: ഇറാഖിൻെറ സുരക്ഷക്കും സുസ്ഥിര വികസനത്തിനും ലോകജനതയുടെ പിന്തുണ ആഹ്വാനംചെയ്ത് ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി. അറബ് മേഖലയിലെ സഹകരണവും സമാധാനവും ഉറപ്പുവരുത്താനും ഇറാഖ് വികസനവും ലക്ഷ്യമിട്ട് നടന്ന ബഗ്ദാദ് ഉച്ചകോടിയിലായിരുന്നു അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയുടെ ആഹ്വാനം. അറബ് മേഖലയിലെ സുരക്ഷയും സമാധാനവും നിലനിർത്തുന്നതിൽ ഇറാഖിന് നിർണായക ഇടമുണ്ടെന്നും സുഹൃദ് രാജ്യമെന്നനിലയിൽ അവരുടെ വളർച്ചയിലും പുരോഗമനത്തിലും ഖത്തർ പ്രതിജ്ഞാബദ്ധമായിരുക്കുമെന്നും അമീർ വ്യക്തമാക്കി.
ഇറാഖിൻെറ സുരക്ഷയും സുസ്ഥിരതയും മേഖലയിലെ മറ്റ് രാജ്യങ്ങളുടെ സുരക്ഷയിലും നിർണായകമാണ്. ഇവിടത്തെ സഹോദര ജനങ്ങൾക്കുള്ള പിന്തുണ തുടരുമെന്നും സമാധാനത്തിലും സുരക്ഷിതത്വത്തിലും വികസനത്തിലും അവരുടെ അഭിലാഷങ്ങൾ നേടിയെടുക്കാൻ കൂടെനിൽക്കുമെന്നും അമീർ വ്യക്മാക്കി.
'പ്രകൃതിസമ്പത്തുകൊണ്ടും മനുഷ്യവിഭവംകൊണ്ടും സമ്പന്നമായ രാജ്യമാണ് ഇറാഖ്. എന്നാൽ, യുദ്ധവും ഭീകരതയും രാഷ്ട്രീയ അനിശ്ചിതത്വവും സംഘർഷവുമെല്ലാം രാജ്യത്തെ, വിഭവങ്ങൾ ഉപയോഗിച്ച് വളർച്ച നേടുന്നതിൽനിന്ന് തടസ്സപ്പെടുത്തി. എന്നാൽ, ഇതെല്ലാം താൽക്കാലിക പ്രതിഭാസം മാത്രമാണെന്ന് ഉറപ്പുണ്ട്. ഇറാഖ് അതിൻെറ കരുത്തും പ്രതാപവും വീണ്ടെടുക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഈ രാജ്യത്തെ ജനങ്ങൾക്ക് അതിന് കഴിയും. ഇറാഖിൻെറ പുനഃസൃഷ്ടിക്കായി ലോകരാജ്യങ്ങളുടെയും സമൂഹത്തിൻെറയും ഇടപെടലും പിന്തുണയും ആവശ്യപ്പെടുകയാണ്.
സിവിൽ, സൈനിക സ്ഥാപനങ്ങളുടെ പുനർനിർമാണം പൂർത്തിയാക്കാനും ദീർഘകാലം ദുരിതമനുഭവിച്ച ഈ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും സ്ഥിരതയും വികസനവും ഉറപ്പാക്കാനും രാജ്യാന്തര പിന്തുണക്ക് ആഹ്വാനം ചെയ്യുന്നു' -അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി ഉച്ചകോടയിൽ പങ്കെടുത്തുകൊണ്ട് തൻെറ പ്രസംഗത്തിൽ വ്യക്തമാക്കി. ഏറെ സുപ്രധാനമായ രാജ്യാന്തര ഉച്ചകോടിക്ക് വേദിയൊരുക്കിയ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയെ അമീർ പ്രശംസിച്ചു. മേഖലയും രാജ്യാന്തര സമൂഹവും നേരിടുന്ന പ്രശ്നങ്ങൾക്ക് അടിസ്ഥാനകാരണങ്ങളിൽ പരിഹാരം കാണേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.