എമർജൻസി പരിചരണം ഒരു നിമിഷവും വൈകില്ല
text_fieldsഹമദ് മെഡിക്കൽ കോർപറേഷൻ ആംബുലൻസ് സർവിസ്
ദോഹ: ഖത്തറിന്റെ എമർജൻസി മെഡിക്കൽ സേവനത്തിൽ നൂതന പരിഷ്കാരങ്ങളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ ആംബുലൻസ് സർവിസ്. അടിയന്തര മെഡിക്കൽ കേസുകളിൽ ആംബുലൻസ് സംഘം രോഗിയുടെ അരികിലെത്തി പ്രാഥമിക പരിചരണവും ചികിത്സയും നൽകി തുടങ്ങുമ്പോൾതന്നെ ലൈവ് മെഡിക്കൽ ഡേറ്റകൾ ആശുപത്രിയിലേക്ക് കൈമാറുന്ന സംവിധാനമാണ് എച്ച്.എം.സി അവതരിപ്പിക്കുന്നത്.ആംബുലൻസ് രോഗിയുമായി എത്തിച്ചേരുന്ന ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലേക്ക് തത്സമയ വിവരകൈമാറ്റം സാധ്യമാകുന്നതിലൂടെ രോഗീ പരിചരണം ഏറ്റവും വേഗത്തിലാക്കാനും കഴിയും. ഖത്തറിന്റെ എമർജൻസി മെഡിക്കൽ സേവനം അതിവേഗത്തിൽ മെച്ചപ്പെടുത്തുന്നതാണ് ഈ ചുവടുവെപ്പ്. ഖത്തർ ടി.വിയുടെ പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ട് എച്ച്.എം.സി ആംബുലൻസ് സർവിസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവിശ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
രോഗിയെ ആശുപത്രിയിലേക്ക് മാറ്റുക എന്നത് മാത്രമല്ല, ഒപ്പം, ആശുപത്രിക്കും രോഗിക്കുമിടയിൽ മെഡിക്കൽ ബ്രിഡ്ജ് കൂടി തീർക്കുകയാണ് ആംബുലൻസ് സേവനത്തിന്റെ രണ്ടാം ഘട്ടത്തിലൂടെ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.‘‘ഒരു ബട്ടൺ അമർത്തുന്നതിലൂടെ രോഗിയുടെ പ്രധാന ലക്ഷണങ്ങളും ക്ലിനിക്കൽ അപ്ഡേറ്റുകളും ആശുപത്രിയിലേക്ക് തത്സമയം കൈമാറാൻ പാരാമെഡിക്കലുകളെ പ്രാപ്തരാക്കി. അതിനാൽ, രോഗി എത്തുമ്പോഴേക്കും ആശുപത്രിയിലെ മെഡിക്കൽ ടീം പൂർണമായും തയാറാകും’’ -അദ്ദേഹം വിശദീകരിച്ചു.
ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഈ സേവനം വളരെ നിർണായകമാണ്. അത്തരം സന്ദർഭങ്ങളിൽ, ഹാർട്ട് ഹോസ്പിറ്റലിലെ കാർഡിയാക് കത്തീറ്ററൈസേഷൻ യൂനിറ്റ് മുൻകൂട്ടി സജീവമാക്കാൻ കഴിയും. ഇത് രോഗികൾക്ക് എമർജൻസി വിഭാഗം എളുപ്പത്തിൽ കടന്ന് നേരിട്ട് ചികിത്സയിലേക്ക് പോകാൻ അനുവദിക്കുന്നതായും അദ്ദേഹം പറഞ്ഞു.പുതിയ സംവിധാനങ്ങൾ ചികിത്സയിൽ വലിയ സമയലാഭം സൃഷ്ടിക്കുന്നാതായും അദ്ദേഹം പറഞ്ഞു. പാരാമെഡിക്കൽ സംഘം ഫീൽഡിൽ എത്തുന്നത് മുതൽ ആശയവിനിമയവും ബ്രീഫിങ്ങും ആരംഭിക്കും.30 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് ഏറ്റവും മികച്ച പരിചരണമാണ് ഒരുക്കുന്നത്. ഓരോ കേസിലും കൃത്യമായ ചികിത്സ നൽകാൻ കമ്പ്യൂട്ടർവത്കൃത സംവിധാനങ്ങൾ ഉപയോഗിക്കുന്ന അന്താരാഷ്ട്ര പ്രോട്ടോകോളുകളിൽ പരിശീലനം ലഭിച്ച പാരാമെഡിക്കുകളുടെ സേവനമുണ്ടെന്നും അലി ദർവിശ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

