ഇ.എം. സുധീറിന് ഖത്തർ പ്രവാസികളുടെ സ്വീകരണം
text_fieldsപ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറായി തെരഞ്ഞെടുത്ത ഇ.എം. സുധീറിന് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉപഹാരം
നൽകുന്നു. ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ സമീപം
ദോഹ: കേരളീയ സമൂഹത്തിന്റെ പുരോഗതികൾക്ക് പ്രവാസി സമൂഹം നൽകിയ പങ്ക് വലുതാണെന്ന് കേരള പ്രവാസിക്ഷേമ ബോര്‍ഡ് ചെയർമാൻ കെ.വി. അബ്ദുല്‍ ഖാദര്‍ അഭിപ്രായപ്പെട്ടു. ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഇ.എം. സുധീറിന് നല്കിയ സ്വീകരണ സമ്മേളനം ഐ.സി.സി അശോക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലേതുപോലെ പ്രവാസി ക്ഷേമപദ്ധതികള്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിലും നടപ്പാക്കിയിട്ടില്ലെന്നും രാജ്യത്തിന് മാതൃകയായ ക്ഷേമനിധി പദ്ധതി വഴി ഇതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആഗ്രഹമുണ്ടെങ്കിലും നടപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൂടി പദ്ധതിയെ സഹായിക്കുന്ന നടപടി സ്വീകരിച്ചാല്‍ കൂടുതല്‍ മികച്ച രീതിയില്‍ നടപ്പാക്കാനാകുമെന്ന് ചെയർമാൻ വ്യക്തമാക്കി.
പ്രവാസി ക്ഷേമപദ്ധതികള്‍ പഠിക്കാന്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് പ്രതിനിധി സംഘങ്ങള്‍ വരുന്നുണ്ട്. കേരളത്തിലെ പ്രവാസി പദ്ധതികളെല്ലാം ഏതെങ്കിലുമൊരു സര്‍ക്കാറിന്റെ ഔദാര്യമല്ലെന്നും പ്രവാസികൾ അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ പ്രവാസി സംഘടന പ്രതിനിധികളും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടെയുള്ള നിറഞ്ഞ സദസ്സിന് മുമ്പാകെ ക്ഷേമപദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. ഖത്തറിലെ പ്രവാസി സംഘടനകളുടെ നന്മ കേരളത്തിന്റെ വികസന കാര്യത്തില്‍ ഒന്നിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കെ.വി. അബ്ദുല്‍ ഖാദര്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലുള്ളവരും ഇത് മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ടു.
സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി ജലീല്‍, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ സി.വി. റപ്പായി, ലോക കേരളസഭ അംഗം എ. സുനിൽ, വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യക്കോസ്, കെ.എം.സി.സി വൈസ് പ്രസിഡന്റ് അൻവർ ബാബു, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, കൾചറൽ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ, ഷാനവാസ് യുവകലാസാഹിതി, ലോക കേരളസഭ അംഗം വർക്കി ബോബൻ, യുനീഖ് പ്രസിഡന്റ് മിനി സിബി, ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി തുടങ്ങി അമ്പതോളം ഖത്തറിലെ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ ഇ.എം. സുധീറിന് ആശംസ നേർന്നു. ഇ.എം. സുധീർ മറുപടി പ്രസംഗം നടത്തി. എല്ലാ പ്രവാസി സംഘടനകളെയും കൂട്ടിയിണക്കി ഒന്നിച്ചുപ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം സുനിൽ കുമാർ സ്വാഗതവും ബിന്ദു പ്രദീപ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

