ഇലക്ട്രിക് ബസ് പ്രോജക്ട് അവസാനഘട്ടത്തിൽ: പൊതുഗതാഗതം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറും
text_fieldsദോഹ: വഴിനീളെ പുകതുപ്പി കുതിച്ചുപായുന്ന വാഹനങ്ങൾ പടിപടിയായി ഇല്ലാതാക്കാൻ ഖത്തർ ഗതാഗത വാർത്താവിനിമയ മന്ത്രാലയം പദ്ധതികളൊരുക്കുന്നു. പൊതുഗതാഗത സംവിധാനങ്ങളെ പൂർണമായും ഇലക്ട്രിക് വാഹനങ്ങളായി മാറ്റുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് നിലവിൽവന്ന ഖത്തർ ഇലക്ട്രിക് ബസ് പ്രോജക്ടിലേക്ക് നൂതന സംവിധാനങ്ങളും നിയമനിർമാണവും വികസിപ്പിക്കുന്നത് അവസാന ഘട്ടത്തിലാണെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം (എം.ഒ.ടി.സി) അറിയിച്ചു. സമഗ്രവും ലോകോത്തരവുമായ മികച്ച മാതൃക ഒരുക്കാനുള്ള മന്ത്രാലയത്തിെൻറ ദീർഘവീക്ഷണത്തിെൻറ ഭാഗമായാണിത്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക വികസനത്തിനായി ഖത്തർ നാഷനൽ വിഷൻ 2030ന് ശക്തിപകരുന്നതിനും സുരക്ഷിതവും വിശ്വസനീയവും പരിസ്ഥിതി സൗഹൃദവുമായ സേവനങ്ങൾ ഗതാഗതസംവിധാനത്തിലൂടെ ഉറപ്പുവരുത്തുന്നതിനുമായാണ് പദ്ധതിയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. 2022ഓടെ 25 ശതമാനം പൊതുഗതാഗത വാഹനങ്ങളും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റാനും 2022 ഫിഫ ലോകകപ്പ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട പ്രധാന സർവിസുകളിൽ ഇലക്ട്രിക് ബസുകൾ ഉപയോഗിക്കാനും ഇലക്ട്രിക് മാസ് ട്രാൻസിറ്റ് ബസുകൾ ഉപയോഗിക്കുന്ന ആദ്യ ചാമ്പ്യൻഷിപ്പായി മാറ്റുന്നതിനുമാണ് ഖത്തർ ലക്ഷ്യമിടുന്നത്.
അതുവഴി ഹരിതഭാവിയിലേക്ക് രാജ്യത്തിന് മുന്നേറാനുള്ള പ്രയാണത്തെ എളുപ്പമാക്കുകയെന്ന ഉദ്ദേശ്യംകൂടി മന്ത്രാലയം ലക്ഷ്യംവെക്കുന്നുണ്ട്. താമസിയാതെ നിരവധി സ്ഥിരം ഡിപ്പോകൾ രാജ്യത്തുടനീളം വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കും. പാർക്കിങ്, ചാർജ്, മെയിൻറനൻസ് ഉപകരണങ്ങൾ എന്നിവക്കുള്ള സൗകര്യങ്ങളും അഡ്മിനിസ്ട്രേഷൻ കെട്ടിടങ്ങൾക്കുപുറമെ സ്റ്റാഫ്, ഡ്രൈവർമാരുടെ താമസസൗകര്യവും 2021ൽ പൂർത്തീകരിക്കും.ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാകുന്നതോടെ നിരത്തുകളിൽനിന്ന് അന്തരീക്ഷത്തിലേക്കുള്ള കാർബൺ ബഹിർഗമനത്തിെൻറ അളവ് പരമാവധി കുറക്കാനാകും. വരുംതലമുറക്കുകൂടി പരിസ്ഥിതി സന്തുലിത സാമൂഹികജീവിതം ഉറപ്പുവരുത്തുന്നതിനായാണ് ഭാവി മുന്നിൽകണ്ട് മന്ത്രാലയം ഗതാഗതരംഗത്ത് നവീന പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഒപ്പം, ലോകത്തെ സംയോജിത ഇലക്ട്രിക് ബസ് സംവിധാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനെ മികച്ച റാങ്കിങ്ങിലെത്തിക്കുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, പൊതുഗതാഗത സംവിധാനത്തിെൻറ പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനും 2022ലെ ലോകകപ്പ് ചാമ്പ്യൻഷിപ് അസാധാരണവും പരിസ്ഥിതി സൗഹൃദവുമായി നടത്താനുള്ള രാജ്യത്തിെൻറ ദൃഢനിശ്ചയത്തെ പിന്തുണയ്ക്കാനും മന്ത്രാലയം സ്വീകരിക്കുന്ന മികച്ച പദ്ധതികളിലൊന്നാണ് ഖത്തർ ഇലക്ട്രിക് ബസ് പ്രോജക്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
